50 കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസയച്ചു; നേരിടുമെന്ന് ശോഭന ജോര്‍ജ്

single-img
14 February 2019

അമ്പതു കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കേരള ഖാദി ബോര്‍ഡിന് നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചു. ചര്‍ക്കയില്‍ നൂല്‍ നൂല്‍ക്കുന്ന ഒരു ടെലിവിഷന്‍ പരസ്യത്തില്‍ അഭിനയിച്ചതിന് എതിരെ ഖാദി ബോര്‍ഡ് ചെയര്‍പേഴ്‌സണ്‍ നടത്തിയ പരസ്യ പരാമര്‍ശങ്ങള്‍ തന്റെ പ്രതിച്ഛായയെ അപമാനിക്കുന്ന തരത്തിലായിരുന്നു എന്നാണ് മോഹന്‍ലാല്‍ ആരോപിക്കുന്നത്.

വക്കീല്‍ നോട്ടീസ് ഖാദി ബോര്‍ഡിന് ലഭിച്ചതായി കേരള ഖാദി ഗ്രാമവ്യവസായ ബോര്‍ഡ് വൈസ് ചെയര്‍പേഴ്‌സണ്‍ ശോഭന ജോര്‍ജ് വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. ഖാദിബോര്‍ഡ് പരസ്യമായി മാപ്പുപറയുകയോ ക്ഷമാപണം നടത്തി മാധ്യമങ്ങളില്‍ പരസ്യം നല്‍കുകയോ ചെയ്തില്ലെങ്കില്‍ 50 കോടി രൂപ നല്‍കണമെന്നാണു ലാല്‍ ആവശ്യപ്പെട്ടിരിക്കുന്നതെന്ന് ശോഭന ജോര്‍ജ് പറഞ്ഞു.

മോഹന്‍ലാല്‍ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതോടെയാണു വിവാദങ്ങളുടെ ആരംഭം. സ്വകാര്യ സ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയാണു പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.

സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചു. ഇതിനു മാസങ്ങള്‍ക്കുശേഷമാണു മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടിസ് ഖാദി ബോര്‍ഡിനു ലഭിക്കുന്നത്. പൊതുജനമധ്യത്തില്‍ തന്നെ അപമാനിച്ചെന്നു നോട്ടിസില്‍ മോഹന്‍ലാല്‍ വ്യക്തമാക്കുന്നു. വക്കീല്‍ നോട്ടിസിനെ നിയമപരമായി നേരിടാനാണ് ആലോചിക്കുന്നതെന്ന് ശോഭന ജോര്‍ജ് പറഞ്ഞു.

50 കോടി നല്‍കാനുള്ള ശേഷി ഖാദി ബോര്‍ഡിനില്ല. സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിനു വക്കീല്‍ നോട്ടിസ് അയച്ചെങ്കിലും മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ രൂപത്തിലാണു നോട്ടിസ് അയച്ചത്. പരസ്യത്തില്‍നിന്നു പിന്‍മാറണമെന്ന് അഭ്യര്‍ഥിക്കുകയാണു ചെയ്തത്. കഴിഞ്ഞമാസമാണു മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടിസ് ലഭിച്ചത്. എന്തു ചെയ്യണമെന്ന് ആലോചിക്കുകയാണ് ശോഭന പറഞ്ഞു.