തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭന ശ്രമിച്ചത്; 50 കോടി രൂപ നഷ്ടപരിഹാരം വേണമെന്ന് മോഹന്‍ലാല്‍: മാപ്പ് പറയില്ല, നേരിടുമെന്ന് ശോഭന

single-img
14 February 2019

തിരുവനന്തപുരം: പൊതുജനമധ്യത്തില്‍ തനിക്കെതിരെ അപകീര്‍ത്തികരമായ പരാമര്‍ശങ്ങള്‍ നടത്തിയെന്നാരോപിച്ച് ഖാദി ബോര്‍ഡ് ഉപാധ്യക്ഷ ശോഭനാ ജോര്‍ജ്ജിനെതിരെ നടന്‍ മോഹന്‍ലാല്‍ വക്കീല്‍ നോട്ടീസ് അയച്ചു. തനിക്കെതിരെ നടത്തിയ പരാമര്‍ശങ്ങള്‍ പിന്‍വലിച്ച് ശോഭനാ ജോര്‍ജ്ജ് മാപ്പ് പറയണമെന്നും, മുന്‍നിര പത്രങ്ങളിലും ചാനലുകളിലും മാപ്പപേക്ഷ നല്‍കാന്‍ തയ്യാറായില്ലെങ്കില്‍ അമ്പത് കോടി രൂപ നഷ്ടപരിഹാരം ആവശ്യപ്പെട്ട് കോടതി നടപടികളിലേക്ക് കടക്കുമെന്നും നോട്ടീസില്‍ മുന്നറിയിപ്പ് നല്‍കുന്നു.

കഴിഞ്ഞ നവംബറിലാണ് ഈ നോട്ടീസ് മോഹന്‍ലാല്‍ ശോഭനയ്ക്ക് അയച്ചതെങ്കിലും ഇപ്പോഴാണ് ഇതിന്റെ വിശദാംശങ്ങള്‍ പുറത്തു വരുന്നത്. മോഹന്‍ലാല്‍ സ്വകാര്യ വസ്ത്രവ്യാപാര സ്ഥാപനത്തിന്റെ പരസ്യത്തില്‍ അഭിനയിച്ചതോടെയാണു വിവാദങ്ങളുടെ ആരംഭം. സ്വകാര്യ സ്ഥാപനത്തിന്റെ ഉല്‍പ്പന്നത്തിനു ഖാദിയുമായി ബന്ധമില്ലെന്നും ചര്‍ക്കയില്‍ നൂല്‍നൂല്‍ക്കുന്നതായി മോഹന്‍ലാല്‍ അഭിനയിക്കുന്നതു ഖാദിബോര്‍ഡിനു നഷ്ടവും സ്വകാര്യ സ്ഥാപനത്തിനു ലാഭവും ഉണ്ടാക്കുമെന്നും വിലയിരുത്തിയാണു പരസ്യം പിന്‍വലിക്കണം എന്നാവശ്യപ്പെട്ട് നോട്ടിസ് അയച്ചത്.

ഇതോടെ സ്വകാര്യ സ്ഥാപനം പരസ്യം പിന്‍വലിച്ചു. ഇതിനു മാസങ്ങള്‍ക്കുശേഷമാണു മോഹന്‍ലാലിന്റെ വക്കീല്‍ നോട്ടിസ് ഖാദി ബോര്‍ഡിനു ലഭിക്കുന്നത്. വില കുറഞ്ഞ പ്രശസ്തിക്ക് വേണ്ടി പ്രശസ്തമായ ഒരു സ്ഥാപനത്തേയും തന്നെയും അപകീര്‍ത്തിപ്പെടുത്തിയ ശോഭനാജോര്‍ജ്ജ് പരസ്യമായി മാപ്പ് പറയണമെന്നാണ് ശോഭനയ്ക്കും ഖാദി ബോര്‍ഡിനും അയച്ച വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാലിന്റെ ആവശ്യം.

തനിക്കെതിരെ വക്കീല്‍ നോട്ടീസ് അയച്ചെന്ന് ശോഭനാ ജോര്‍ജ്ജ് പൊതുവേദിയിലും മാധ്യമങ്ങളിലും പറഞ്ഞു. എന്നാല്‍ അത്തരമൊരു നോട്ടീസ് തനിക്ക് കിട്ടുന്നതിനോ അതിനോട് പ്രതികരിക്കുന്നതിനോ മുന്‍പാണ് ശോഭനാ ജോര്‍ജ് ഈ വിഷയം പൊതുവേദിയില്‍ ഉന്നയിച്ചത്. തന്നെ അനാവശ്യമായി കടന്നാക്രമിച്ച് പ്രശസ്തി നേടാനാണ് ശോഭന ഇതിലൂടെ ശ്രമിച്ചതെന്ന് വക്കീല്‍ നോട്ടീസില്‍ മോഹന്‍ലാല്‍ പറയുന്നു. നിയമനടപടികളുമായി മുന്നോട്ട് പോകുമെന്ന് തന്നെയാണ് മോഹന്‍ലാലിന്റെ നിലപാടെന്നാണ് സൂചന.

നോട്ടീസില്‍ എന്തു ചെയ്യണമെന്ന് ആലോചിക്കുകയാണ് ശോഭന പറഞ്ഞു. ‘സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്ന ഖാദി തൊഴിലാളികളുടെ നൂലും തുണിയും തറികളും പ്രളയത്തില്‍ നശിച്ചുപോകുന്ന അവസ്ഥയുണ്ടായി. സാമ്പത്തിക പരാധീനതയില്‍നിന്ന് കരകയറാന്‍ പാടുപെടുന്ന തൊഴിലാളികളെ വീണ്ടും പ്രതിസന്ധിയിലാക്കുന്ന നടന്റെ നടപടിയില്‍ വേദനയുണ്ട്.

അമ്പത് കോടി നഷ്ടപരിഹാരം നല്‍കാനുള്ള സാമ്പത്തിക ഭദ്രത ഖാദി ബോര്‍ഡിന് ഇല്ല. സ്വകാര്യ കമ്പനി വില്‍ക്കുന്ന പവര്‍ലൂം വസ്ത്രവുമായി ചര്‍ക്കയ്ക്ക് ഒരു ബന്ധവും ഇല്ലാത്തതിനാലാണ് പരസ്യം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടത്. മോഹന്‍ലാലിന് അഭ്യര്‍ഥനയുടെ രൂപത്തിലാണു നോട്ടിസ് അയച്ചത്. തെറ്റ് ചെയ്തില്ലെന്ന് ഉത്തമബോധ്യം ഉള്ളതിനാല്‍ മാപ്പ് പറയില്ലെന്നും ശോഭന ജോര്‍ജ് പറഞ്ഞു.