‘എന്തുകൊണ്ട് എന്റെ പണം വാങ്ങാന്‍ ബാങ്കുകളോട് നിര്‍ദേശിക്കുന്നില്ല’: മോദിയോട് വിജയ് മല്യ

single-img
14 February 2019

പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വാക്‌സാമര്‍ഥ്യമുള്ളയാളെന്ന് വിശേഷിപ്പിച്ച് വിവാദ മദ്യവ്യവസായി വിജയ് മല്യ. താന്‍ നല്‍കാമെന്നേറ്റ പണം വാങ്ങാന്‍ മോദി എന്ത് കൊണ്ട് ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കുന്നില്ലെന്ന് അദ്ദേഹം ചോദിച്ചു. ട്വിറ്ററിലാണ് മല്യയുടെ പ്രതികരണം.

പാര്‍ലമെന്റില്‍ പ്രസംഗത്തിനിടെ 9,000 കോടിയുമായി ഒരാള്‍ ഒളിച്ചോടിപ്പോയെന്ന് മോദി പരാമര്‍ശിച്ചിരുന്നു. അദ്ദേഹം വാചാലനായത് എന്നെ കുറിച്ച് മാത്രമാണ്. ഇത് തള്ളിക്കളയാന്‍ സാധിക്കുന്ന ഒന്നല്ല, ഞാന്‍ സത്യസന്ധമായാണ് വാഗ്ദാനം ചെയ്തത്. എന്തുകൊണ്ട് ബാങ്കുകള്‍ ഈ പണം സ്വീകരിക്കുന്നില്ല?.

അത് സ്വീകരിക്കാന്‍ ബാങ്കുകള്‍ക്ക് നിര്‍ദേശം നല്‍കിയാല്‍ കിങ്ഫിഷറിന് കടം നല്‍കിയ പൊതുപണം തിരിച്ചുപിടിച്ചു എന്ന അവകാശവാദമെങ്കിലും പ്രധാനമന്ത്രിക്ക് നടത്താമല്ലോ എന്നും മല്യ പരിഹസിച്ചു. മല്യയെ ഇന്ത്യക്ക് കൈമാറാനുള്ള കരാറില്‍ യു.കെ ആഭ്യന്തര മന്ത്രാലയം ഒപ്പുവെച്ച സാഹചര്യത്തില്‍ കൂടിയാണ് മല്യയുടെ പ്രതികരണം.

കര്‍ണാടക ഹൈക്കോടതിക്ക് മുന്നില്‍ ഈ പരാതികള്‍ തീര്‍പ്പാക്കാനുള്ള നിര്‍ദേശം താന്‍ മുന്നോട്ട് വെച്ചിട്ടുണ്ടെന്നും തുടര്‍ന്നുള്ള ട്വീറ്റില്‍ മല്യ അവകാശപ്പെട്ടു. ഇത് ബാലിശമെന്ന് പറഞ്ഞ് തള്ളിക്കളയാനാവില്ല. ഇത് സുവ്യക്തവും ആത്മാര്‍ത്ഥവും സത്യസന്ധവും പ്രായോഗികവുമായ വാഗ്ദാനമാണ്.

ബാങ്കുകളില്‍ നിന്ന് വായ്പയായി എടുത്ത പണം മുഴുവന്‍ തിരിച്ചടയ്ക്കാന്‍ തയ്യാറാണെന്നും ദയവായി സ്വീകരിക്കണമെന്നും ആവശ്യപ്പെട്ട് മല്യ മുമ്പ് ട്വീറ്റ് ചെയ്തിരുന്നു. പണം തിരികെ അടയ്ക്കാമെന്ന് കര്‍ണാടക ഹൈക്കോടതിയിലടക്കം അറിയിച്ചിട്ടും തനിക്ക് അര്‍ഹമായ പരിഗണന ലഭിക്കുന്നില്ലെന്നും മല്യ ആരോപിച്ചിരുന്നു.

രാജ്യത്തെ വിവിധ ബാങ്കുകളില്‍ വായ്പയെടുത്ത് പണം തിരിച്ചടയ്ക്കാതെ 2016 മാര്‍ച്ചിലാണ് മല്യ ബ്രിട്ടനിലേക്ക് കടന്നത്. പലിശയടക്കം 9000 കോടി രൂപയുടെ ബാധ്യതയാണ് ബാങ്കുകളില്‍ മല്യയ്ക്കുള്ളത്.