മലപ്പുറത്ത് ഒമ്പതുവയസ്സുകാരനെ പീഡിപ്പിച്ച കേസ്: ബന്ധുവായ യുവതിയെ പോലീസ് അറസ്റ്റ്‌ ചെയ്തു

single-img
14 February 2019

ഒമ്പതുവയസ്സുകാരനെ പീഡിപ്പിച്ചെന്ന പരാതിയില്‍ ബന്ധുവായ യുവതിയെ പോലീസ് അറസ്റ്റ്‌ചെയ്തു. കോടതിയില്‍ ഹാജരാക്കിയ യുവതിയെ റിമാന്‍ഡ് ചെയ്തു. കുട്ടിയുടെ അമ്മാവന്റെ ഭാര്യയാണ് പ്രതി. കഴിഞ്ഞദിവസം കുട്ടി പറഞ്ഞ കാര്യങ്ങള്‍ ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ അറിയിക്കുകയായിരുന്നു.

ചൈല്‍ഡ്‌ലൈന്‍ പ്രവര്‍ത്തകരാണ് തേഞ്ഞിപ്പലം പോലീസില്‍ പരാതി നല്‍കിയത്. പരാതിയുടെ അടിസ്ഥാനത്തില്‍ തേഞ്ഞിപ്പലം പോലീസ് യുവതിക്കെതിരേ കേസെടുക്കുകയും തുടര്‍ന്ന് അറസ്റ്റ് ചെയ്യുകയുമായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ (പോക്‌സോ)ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ പോലീസ് കേസെടുത്തത്.

ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും അത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ മലപ്പുറം കോര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു. കുട്ടിയുടെ വീടിന് സമീപം തന്നെയാണ് ഇവരും താമസിക്കുന്നത്.