പള്ളി പ്രസിഡന്റ് സി.പി.എം പ്രവര്‍ത്തകനാണ്; എസ്.ഡി.പി.ഐ വേദിയില്‍ പ്രസംഗിച്ചതിന് തന്നോട് വൈരാഗ്യമുണ്ട്, കേസ് കെട്ടിച്ചമച്ചതെന്നും തൊളിക്കോട് മുന്‍ ഇമാം ഷെഫീക്ക് അല്‍ ഖാസിമി

single-img
14 February 2019

പോക്‌സോ നിയമപ്രകാരം പ്രതിചേര്‍ക്കപ്പെട്ട തൊളിക്കോട് മുസ്‌ലിം ജമാഅത്ത് മുന്‍ ചീഫ് ഇമാം ഷെഫീക്ക് അല്‍ ഖാസിമി മുന്‍ കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ ആരോപിക്കപ്പെടുന്ന കേസ് വ്യാജമാണെന്നും നിരപരാധിയാണെന്നും കള്ളക്കേസില്‍ കുടുക്കുകയാണെന്നും അവകാശപ്പെട്ടാണ് ഖാസിമി കോടതിയില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷ നല്‍കിയിട്ടുള്ളത്.

തന്നെ കള്ളക്കേസില്‍ കുടുക്കിയതാണ്. പരാതി നല്‍കിയ പള്ളി പ്രസിഡന്റ് സി.പി.എം പ്രവര്‍ത്തകനാണ്. എസ്.ഡി.പി.ഐ വേദിയില്‍ പ്രസംഗിച്ചതിന് തന്നോട് സി.പി.എമ്മിന് വൈരാഗ്യമുണ്ട്. സി.പി.എം രാഷ്ട്രീയ വൈരാഗ്യം തീര്‍ക്കുകയാണെന്നും മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, ഷഫീഖ് അല്‍ ഖാസിമി പീഡിപ്പിച്ചെന്ന് പെണ്‍കുട്ടി ചൈല്‍ഡ് ലൈനിനും പൊലീസിനും മൊഴി നല്‍കി. മാതാവിനെ ഭയന്നാണ് പുറത്ത് പറയാതിരുന്നതെന്നും മൊഴിയിലുണ്ട്. പെണ്‍കുട്ടിയെ വൈദ്യപരിശോധനക്ക് വിധേയമാക്കി. ആറ് തൊഴിലുറപ്പ് തൊഴിലാളികളും ഖാസിമിക്കെതിരെ പൊലീസിന് മൊഴി നല്‍കിയിട്ടുണ്ട്. വനത്തിനുള്ളിലെ ചിത്രങ്ങളും പൊലീസിന് കൈമാറി.

കേസെടുത്തതിന് പിന്നാലെ ഒളിവില്‍ പോയ ഖാസിമിക്കായി പൊലീസ് ലുക്ക് ഔട്ട് നോട്ടീസ് പുറപ്പെടുവിക്കും. ഖാസിമിയുടെ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ തീരുമാനമാകും വരെ കാത്തിരിക്കേണ്ടെന്നാണ് പൊലീസ് തീരുമാനം. സ്വദേശമായ ഈരാറ്റുപേട്ടയിലും സുഹൃത്തുക്കളുടെ വീട്ടിലും വിതുര പൊലീസ് അന്വേഷിച്ചെങ്കിലും ഇയാളെ കണ്ടെത്താനായില്ല.

ദുരൂഹ സാഹചര്യത്തില്‍ പെണ്‍കുട്ടിയുമായി എത്തിയത് തൊഴിലുറപ്പ് തൊഴിലാളികള്‍ ചോദ്യം ചെയ്തതോടെയാണ് സംഭവം പുറത്തറിഞ്ഞത്. ഇതോടെ ചീഫ് ഇമാം സ്ഥാനത്തുനിന്ന് ഖാസിമിയെ ജമാഅത്ത് കമ്മിറ്റി ചേര്‍ന്ന് പുറത്താക്കിയിരുന്നു. ഇമാം സ്ഥാനത്തുനിന്ന് പുറത്താക്കാനുള്ള കാരണം ജമാ അത്ത് പ്രസിഡന്റില്‍നിന്ന് മൊഴിയായി രേഖപ്പെടുത്തിയാണ് പോക്‌സോ നിയമ പ്രകാരം പൊലീസ് കേസെടുത്തത്.