വരനും വധുവും തമ്മിൽ പ്രായവ്യത്യാസമുണ്ടെന്നു പറഞ്ഞ് ആഘോഷിച്ച സംഭവം; അറസ്റ്റിലായ സദാചാരക്കാർ 11: ഗൾഫിൽ ജോലിചെയ്യുന്ന രണ്ടുപേർക്കെതിരേ ലുക്കൗട്ട് നോട്ടീസ്

single-img
14 February 2019

സാമൂഹികമാധ്യമങ്ങളിൽ നവദമ്പതിമാരെ അപകീർത്തിപ്പെടുത്തി പോസ്റ്റുകൾ പ്രചരിപ്പിച്ച കേസിൽ ഇതുവരെ 11 പേർ അറസ്റ്റിലായി. ചെമ്പന്തൊട്ടിയിലെ തോട്ടുങ്കര ജൂബി ജോസഫിന്റെ പരാതിയിലാണ് അറസ്റ്റ്. ആലക്കോട് ജോസ്ഗിരിയിലെ കല്ലുകെട്ടാംകുഴി റോബിൻ തോമസ്(29) ഉൾപ്പെടെ വിവിധ വാട്സാപ്പ് ഗ്രൂപ്പ് അഡ്മിൻമാരാണ് പിടിയിലായത്.

വരനും വധുവും തമ്മിലുള്ള പ്രായവ്യത്യാസം സൂചിപ്പിക്കുന്ന കമന്റോടുകൂടിഇവർ വാട്സാപ്പ് പ്രചാരണം നടത്തുകയായിരുന്നു.  പത്രത്തിൽ നൽകിയ വിവാഹപരസ്യത്തിന്റെ ഫോട്ടോയും കുടുംബത്തോടൊപ്പം നിൽക്കുന്ന ഫോട്ടോയും ചേർത്ത് സാമൂഹികമാധ്യമങ്ങളിൽ പ്രചാരണം നടത്തിയെന്നാണ് പരാതി. മലയോരമേഖലയിലെ പല വാട്സാപ്പ് ഗ്രൂപ്പുകളും പോലീസ് നിരീക്ഷണത്തിലാണ്.

നവദമ്പതിമാർക്കെതിരേ സൈബർ അപവാദപ്രചാരണം നടത്തിയ കേസിൽ ഗൾഫിൽ ജോലിചെയ്യുന്ന രണ്ടുപേർക്കെതിരേ ലുക്കൗട്ട് നോട്ടീസ് പുറപ്പെടുവിക്കാൻ ശ്രീകണ്ഠപുരം പോലീസ് തീരുമാനിച്ചു. അപവാദം പ്രചരിപ്പിച്ച ഗൾഫിലുള്ളവർ ഫോൺ നമ്പർ ഒഴിവാക്കിയ സാഹചര്യത്തിലാണ് ലുക്കൗട്ട് നോട്ടീസിറക്കി പിടികൂടാൻ തീരുമാനിച്ചത്.