‘കല്യാണം കഴിഞ്ഞ ഒരാളുമായി താന്‍ ലിവിങ് ടുഗെതറാണ്’; ഗോപി സുന്ദറുമായുള്ള ബന്ധം പരസ്യമാക്കി ഹിരണ്‍മയി

single-img
14 February 2019

സംഗീത സംവിധായകന്‍ ഗോപി സുന്ദറുമായുള്ള പ്രണയബന്ധം പരസ്യപ്പെടുത്തി ഗായിക അഭയ ഹിരണ്‍മയി. എട്ടുവര്‍ഷമായി വിവാഹിതനായ ഒരു പുരുഷനുമായി താന്‍ ലിവിങ് ടുഗെതറാണെന്ന് ഹിരണ്‍മയി സോഷ്യല്‍ മീഡിയയില്‍ കുറിച്ചു. വാലന്റൈന്‍സ് ദിനത്തോടനുബന്ധിച്ച് ഗോപി സുന്ദറിനൊപ്പമുള്ള പ്രണയചിത്രം പങ്കുവച്ചാണ് ഹിരണ്‍മയി ഇക്കാര്യങ്ങള്‍ പറഞ്ഞത്.

സോഷ്യല്‍ മീഡിയ പോസ്റ്റിന്റെ പൂര്‍ണരൂപം

‘2008 മുതല്‍ 2019 വരെ ബന്ധത്തെ പറ്റി പരസ്യ പ്രസ്താവന ഞാന്‍ നടത്തിയിട്ടില്ല. അതെ, വിവാഹിതനായ ഒരു പുരുഷനുമായി (വിവാഹം എന്നത് അയാള്‍ നിയമപരമായി അകപ്പെട്ട ഒന്ന്) കഴിഞ്ഞ എട്ടുവര്‍ഷമായി ബന്ധമുണ്ട്. ഞാന്‍ മുന്‍പ് വിവാഹം കഴിച്ചിട്ടില്ല. ഞങ്ങള്‍ തമ്മില്‍ 12 വയസ്സിന്റെ വ്യത്യാസവും ഉണ്ട്.

നോക്കുമ്പോള്‍ അദ്ദേഹം ഒരു വലിയ മനുഷ്യനും അയാളെ അപേക്ഷിച്ച് ഞാനൊരു കൊച്ചുകുട്ടിയുമാണ്. വ്യത്യസ്തമായ സ്വഭാവമുള്ള രണ്ടുപേരാണ് ഞങ്ങള്‍. പക്ഷേ, പ്രണയത്തിലായ നാളു മുതല്‍ ഇന്നു വരെ സന്തോഷത്തോടെയാണ് ജീവിതം. വലിയ അസ്വാരസ്യങ്ങളൊന്നും ഞങ്ങള്‍ക്കിടയില്‍ ഉണ്ടായിട്ടില്ല.

മഞ്ഞപ്പത്രങ്ങള്‍ അദ്ദേഹത്തിന്റെ കാമുകിയായും, കുലസ്ത്രീകള്‍ കുടുംബം തകര്‍ത്തവളായും ചിത്രീകരിച്ചിട്ടുണ്ട്. ഒളിച്ചോട്ടം നടത്തി ക്ഷീണിച്ചു. ഇനിയും വയ്യ. എന്റെയും ഗോപിസുന്ദറിന്റെയും ഒഫീഷ്യല്‍ പേജിലൂടെ ഇക്കാര്യങ്ങള്‍ എല്ലാവരെയും അറിയിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ ഈ പോസ്റ്റിനു നേരെ ‘പൊങ്കാല’ പ്രതീക്ഷിക്കുന്നുണ്ട്. എല്ലാവര്‍ക്കും വേണ്ടി പ്രാര്‍ഥിക്കുന്നു.’