പ്രളയ ദുരിതാശ്വാസം ലഭിക്കാൻ കൈക്കൂലി നൽകുവാൻ സ്വന്തം വൃക്ക വിൽക്കുവാനൊരുങ്ങി വൃദ്ധൻ; തകര്‍ന്ന വീടിൻ്റെ ഭിത്തിയില്‍ വിൽപ്പന അറിയിച്ച് ബോർഡ്

single-img
14 February 2019

പ്രളയത്തില്‍ തകര്‍ന്ന വീട് നന്നാക്കാന്‍ വൃക്ക വില്‍ക്കാനൊരുങ്ങി അടിമാലി വെള്ളത്തൂവല്‍ സ്വദേശിയായ 72 കാരന്‍. ഉദ്യോഗസ്ഥര്‍ക്ക് കൈക്കൂലി കൊടുക്കാന്‍ ഇല്ലാത്തതിനാല്‍ ഇതുവരെ ആനുകൂല്യമൊന്നും കിട്ടാത്തതിനെ തുടർന്നാണ് അടിമാലി തണ്ണിക്കോട്ട് ജോസഫ് വീടിന്റെ ചുവരില്‍ വൃക്ക വില്‍പ്പനയ്ക്ക് എന്ന് എഴുതിവെച്ചിരിക്കുന്നത്.

കൈക്കൂലി കൊടുക്കാന്‍ പണമുണ്ടാക്കാനാണ് വൃക്ക വില്‍ക്കുന്നതെന്നും തകര്‍ന്ന വീടിന്റെ ഭിത്തിയില്‍ എഴുതിയ പരസ്യത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. വെള്ളത്തൂവലിലെ പന്ത്രണ്ടാം വാര്‍ഡില്‍ മുസ്ലിംപള്ളിപ്പടിക്കു സമീപത്താണ് ജോസഫും ഭാര്യ ആലീസും താമസിക്കുന്ന വീട്. കഴിഞ്ഞ ആഗസ്റ്റിലുണ്ടായ പ്രളയത്തില്‍ ഉരുള്‍പൊട്ടിയാണ് തകര്‍ന്നത്. വീടിന്റെ തകര്‍ച്ചയെ തുടര്‍ന്ന് കയറിയിറങ്ങാത്ത ഓഫീസുകളോ മുട്ടാത്ത വാതിലുകളോ ഇല്ലെന്ന് ജോസഫ് പറയുന്നു. പക്ഷേ, ഇത്ര നാളായിട്ടും സര്‍ക്കാരില്‍ നിന്നും ഒരു സഹായവും കിട്ടാതെ വന്നതോടെയാണ് ജോസഫ്  സത്യാവസ്ഥ അറിയിക്കുവാൻ ഈ പ്രവൃത്തി ചെയ്തത്.

വീടിന്റെ താമസയോഗ്യമായ ഒരു മുറിയിലാണ് ജോസഫും ഭാര്യ ആലീസും കഴിയുന്നത്. ഇരുപത്തിയഞ്ച് വര്‍ഷം മുൻപാണ് ഈ വീട് നിർമ്മിച്ചത്. ജോസഫിനും ഭാര്യക്കും മറ്റു വരുമാന മാര്‍ഗങ്ങളൊന്നും ഇല്ലാതിരുന്നതിനാല്‍ വീടിന്റെ രണ്ട് മുറികള്‍ വാടകയ്ക്ക് കൊടുത്ത് കിട്ടുന്നതുകൊണ്ടായിരുന്നു ജീവിതം മുന്നോട്ടു കൊണ്ടുപോയിരുന്നതെന്നും  പ്രളയത്തില്‍ വീട് തകര്‍ന്നതോടെ ആ വരുമാനവും നിലച്ചുവെന്നും ജോസഫ് പറയുന്നു. .

മേസ്തരിയായിരുന്ന ജോസഫ് ഇടുക്കി അണക്കെട്ടിന്റെ നിര്‍മാണത്തില്‍ ഭാഗമായിട്ടുണ്ട്. എന്നാലിപ്പോൾ രോഗംമൂലം ആരോഗ്യമില്ലാത്തതിനാലാണ്  പുനര്‍നിര്‍മ്മാണത്തിന് വൃക്ക വിറ്റ് പണം നേടാന്‍ ശ്രമിക്കുന്നതെന്നും ജോസഫ് പറയുന്നു. എന്നാല്‍ വീടു പൂര്‍ണ്ണമായി തകര്‍ന്നിട്ടില്ലാത്തതും, തകര്‍ന്ന ഭാഗത്ത് വാടകക്കാരുണ്ടായിരുന്നതടക്കമുളള സാങ്കേതിക തടസ്സങ്ങളാണ് പണം നൽകുന്നതിന് താമസം ഉണ്ടായതെന്നും അധികൃതർ പറയുന്നു.