‘സിക്‌സ് അടിക്കാമെന്നാണ് ഞാന്‍ പ്രതീക്ഷിച്ചിരുന്നത്, പക്ഷേ സാധിച്ചില്ല’: ദിനേഷ് കാര്‍ത്തിക്കിന്റെ പ്രതികരണം

single-img
14 February 2019

ന്യൂസിലാന്‍ഡിനെതിരായ മൂന്നാം ട്വന്റി 20യില്‍ 213 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റു ചെയ്ത ഇന്ത്യയ്ക്ക് വിജയത്തിലേക്ക് അവസാന ഓവറില്‍ വേണ്ടിയിരുന്നത് 16 റണ്‍സായിരുന്നു. എന്നാല്‍, ക്രീസിലുണ്ടായിരുന്ന ദിനേഷ് കാര്‍ത്തിക്–ക്രുനാല്‍ പാണ്ഡ്യ സഖ്യത്തിന് 11 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. മല്‍സരം നാലു റണ്‍സിനു തോറ്റ ഇന്ത്യ പരമ്പരയും കൈവിട്ടു.

അതേസമയം, അവസാന ഓവറില്‍ ഉറപ്പായിരുന്ന സിംഗിള്‍ ഓടാതെ ക്രുനാല്‍ പാണ്ഡ്യയെ മടക്കി അയച്ച ദിനേഷ് കാര്‍ത്തിക്കിനെ കുറ്റപ്പെടുത്തിയും ഒരുകൂട്ടം ആരാധകര്‍ രംഗത്തെത്തിയിരുന്നു. ക്രീസില്‍നിന്ന് അടുത്ത പന്തില്‍ വമ്പനടിക്കു ശ്രമിച്ചെങ്കിലും ഒരു റണ്‍ നേടാനേ കാര്‍ത്തിക്കിനു കഴിഞ്ഞുള്ളൂ.

ഇതോടെ മല്‍സരത്തില്‍ ഇന്ത്യയുടെ ശേഷിച്ച സാധ്യതകളും അവസാനിച്ചു. ഒടുവില്‍ മല്‍സരം കൈവിട്ടുവെന്ന് ഉറപ്പായ ഘട്ടത്തില്‍ അവസാന പന്ത് സിക്‌സ് അടിച്ചെങ്കിലും തോല്‍വിഭാരം കുറയ്ക്കാനെ ഇത് ഉപകരിച്ചുള്ളൂ. വിവാദത്തില്‍ മറുപടിയുമായി കാര്‍ത്തിക് തന്നെ രംഗത്തെത്തി.

‘ആറു വിക്കറ്റ് നഷ്ടത്തില്‍ 145 റണ്‍സ് എന്ന നിലയില്‍നിന്ന് ഞാനും ക്രുനാലും ഇന്ത്യയെ മികച്ച രീതിയില്‍ കൊണ്ടുവന്നതാണ്. ന്യൂസീലന്‍ഡ് ബോളര്‍മാര്‍ക്ക് സമ്മര്‍ദ്ദം സമ്മാനിക്കുന്ന തലം വരെ മല്‍സരമെത്തുകയും ചെയ്തു. വിജയം പിടിക്കാന്‍ പരമാവധി ശ്രമിച്ചതാണ്. ക്രുനാലിനോട് സിംഗിള്‍ ഓടേണ്ട എന്നു പറഞ്ഞതിനു ശേഷം അടുത്ത പന്ത് സിക്‌സ് അടിക്കാമെന്നായിരുന്നു എന്റെ മനസ്സില്‍. സാധിച്ചില്ല’ – കാര്‍ത്തിക് പറഞ്ഞു.