ധോണിയുടെ ഹാട്രിക്ക് അര്‍ധ സെഞ്ചുറികളുടെ പിന്നിലെ രഹസ്യം ആ ബാറ്റ്!

single-img
14 February 2019

തുടര്‍ച്ചയായി മൂന്ന് അര്‍ദ്ധ സെഞ്ചുറികളോടെയാണ് ഇന്ത്യന്‍ വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ എം എസ് ധോണി 2019ന് തുടക്കമിട്ടത്. 2018ല്‍ ഒരു അര്‍ദ്ധ സെഞ്ചുറി പോലുമില്ലാതിരുന്ന ധോണി ഈ വര്‍ഷത്തിന്റെ തുടക്കത്തില്‍ ഓസ്‌ട്രേലിയയിലെ ഏകദിനങ്ങളില്‍ റണ്ണടിച്ചുകൂട്ടി പരമ്പരയിലെ താരമായി. ധോണിയിലെ ഫിനിഷര്‍ വീണ്ടും ഉദയം ചെയ്യുകയായിരുന്നു കങ്കാരുക്കളുടെ മണ്ണില്‍. ധോണിയുടെ ഈ ബാറ്റിംഗ് മാന്ത്രികതയ്ക്ക് പിന്നിലെ രഹസ്യം പുറത്തുവന്നിരിക്കുന്നു.

ബൗളര്‍മാര്‍ പിടിമുറുക്കുന്ന ബലഹീനതകളില്‍ ധോണി മാറ്റങ്ങള്‍ വരുത്തി കരുത്തുകൂട്ടി. ബാറ്റില്‍ വരുത്തിയ ചില മാറ്റങ്ങള്‍ തന്നെ പ്രധാന ഉദാഹരണം. ബാറ്റിന്റെ ബോട്ടം ഏരിയയില്‍ കൂടുതല്‍ തടി നിലനിര്‍ത്തുകയാണ് ധോണി ചെയ്തത്. ഈ ഭാഗം കൂടുതല്‍ ഉരുണ്ടനിലയില്‍ മിനുക്കിയെടുക്കുകയും ചെയ്തു.

പവര്‍ ഷോട്ടുകളുതിര്‍ക്കാന്‍ ബാറ്റ്‌സ്മാന്‍മാര്‍ ബാറ്റിന്റെ ബോട്ടം ഏരിയയില്‍ കൂടുതല്‍ തടി നിലനിര്‍ത്താറുണ്ട്. ഇത് ഗുണം ചെയ്തതെന്ന് ഓസ്‌ട്രേലിയയില്‍ ധോണിയുടെ ബാറ്റിംഗ് തെളിയിക്കുകയും ചെയ്തു. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനോട് അടുത്ത വൃത്തങ്ങളാണ് ഒരു ദേശീയ മാധ്യമത്തോട് ഇക്കാര്യം വെളിപ്പെടുത്തിയത്.

ധോണിയെ രക്ഷിച്ചത് ബാറ്റായാലും അല്ലെങ്കിലും, ഒരു കാര്യം വ്യക്തമാണ്. പഴയ ധോണിയെ ആരാധകര്‍ക്ക് തിരിച്ചുകിട്ടിക്കഴിഞ്ഞു. ഋഷഭ് പന്തിന്റെ വരവോടെ ടീമിലെ സ്ഥാനത്തിന് ചെറിയ ഇളക്കംതട്ടുമെന്ന് തോന്നിച്ച ഘട്ടത്തില്‍ ധോണി മികവാവര്‍ത്തിക്കുകയായിരുന്നു. ഓസ്‌ട്രേലിയക്കെതിരെ മൂന്ന് ഏകദിനങ്ങളില്‍ 51, 55, 87 എന്നിങ്ങനെയായിരുന്നു ധോണിയുടെ ബാറ്റില്‍ നിന്ന് പിറന്ന സംഖ്യകള്‍.