‘ഇത് ദിലീപിന്റെ ശക്തമായ തിരിച്ചു വരവായിരിക്കും’; കോടതി സമക്ഷം ബാലന്‍ വക്കീലിലെ ഗാനം ഏറ്റെടുത്ത് ആരാധകര്‍

single-img
14 February 2019

കോടതി സമക്ഷം ബാലന്‍ വക്കീലിലെ ആദ്യ ഗാനം ഏറ്റെടുത്ത് ആരാധകര്‍. മികച്ച പ്രതികരണമാണു ഗാനത്തിനു സമൂഹമാധ്യമങ്ങളില്‍ ലഭിക്കുന്നത്. ദിലീപിന്റെ ശക്തമായ തിരിച്ചു വരവായിരിക്കും ചിത്രമെന്നാണ് ആരാധകരുടെ കണക്കുകൂട്ടല്‍.

തനി നാട്ടിന്‍പുറത്തുകാരന്‍ വക്കീലായാണ് ദിലീപ് ഗാനരംഗത്തിലെത്തുന്നത്. പാട്ടിലുടനീളം കാണുന്ന ഗ്രാമത്തിന്റെ പച്ചപ്പും കുളിര്‍മയും ഏറെ ആസ്വദിക്കാനായെന്നും, ഏറെ കാലത്തിനു ശേഷമാണ് ദിലീപിന്റെ നല്ലൊരു ഗാനം കേള്‍ക്കുന്നത് എന്നൊക്കെയുമാണ് കമന്റുകള്‍.

ഹരിശങ്കറിന്റെ അതിമനോഹരമായ ആലാപനം ഗാനത്തെ മറ്റൊരു തലത്തിലേക്ക് എത്തിക്കുന്നു. ഹരിനാരായണന്റെ കവിത തുളുമ്പുന്ന വരികള്‍. രാഹുല്‍ രാജിന്റെ സംഗീതം. ആലാപനവും വരികളും ദൃശ്യങ്ങളും ഒന്നിനൊന്നു മെച്ചമാണെന്നാണ് ആസ്വാദകപക്ഷം.

ചിത്രത്തിലെ ഗാനങ്ങളുടെ എല്ലാം ഓഡിയോ നേരത്തെ തന്നെ എത്തിയിരുന്നു. മംമ്ത മോഹന്‍ദാസാണ് ചിത്രത്തിലെ നായിക. സിദ്ധിഖ്, ബിന്ദു പണിക്കര്‍, സുരാജ് വെഞ്ഞാറമൂട് എന്നിങ്ങന്‍ വന്‍താരനിര തന്നെ ചിത്രത്തില്‍ അണിനിരക്കുന്നുണ്ട്. ബി. ഉണ്ണികൃഷ്ണന്‍ സംവിധാനം ചെയ്യുന്ന ചിത്രം ഈ മാസം 21ന് തീയറ്ററിലെത്തും.

പാസഞ്ചര്‍, മിസ്റ്റര്‍ മരുമകന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ദിലീപ് വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. 2 കണ്‍ട്രീസിനു ശേഷം മംമ്ത മോഹന്‍ദാസ് ദിലീപിന്റെ നായികയായി വീണ്ടുമെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയില്‍ അനുരാധ സുദര്‍ശന്‍ എന്ന കഥാപാത്രമായിട്ടാണ് നടി എത്തുന്നത്.