കശ്മീരിൽ ഭീകരാക്രമണം; 40 സിആർപിഎഫ് ജവാന്മാർക്കു വീരമൃത്യു: 1980നു ശേഷം കശ്മീരിലുണ്ടായ വലിയ ഭീകരാക്രമണം

single-img
14 February 2019

ജമ്മു കശ്മീരിലെ അവന്തിപോറയിൽ ഭീകരർ നടത്തിയ ചാവേർ സ്ഫോടനത്തിൽ 40 സിആർപിഎഫ് ജവാന്മാർക്ക് വീരമൃത്യു. എൺപതോളം പേർക്കു പരുക്കേറ്റു. മരണസംഖ്യ ഉയർന്നേക്കുമെന്നാണു സൂചന. പുൽവാമ ജില്ലയിലെ ഗോറിപോറയിൽ വച്ചാണ് ഭീകരർ ആക്രമണം നടത്തിയത്. ആക്രമണത്തിന്റെ ഉത്തരവാദിത്തം പാക്ക് ഭീകര സംഘടനയായ ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തു. നാൽപതോളം പേർ‌ വീരമൃത്യു വരിച്ചതായി ജമ്മു കശ്മീർ ഗവർണറുടെ ഉപദേഷ്ടാവ് കെ. വിജയകുമാർ വ്യക്തമാക്കി.

സംഭവത്തിൽ ദേശീയ അന്വേഷണ ഏജൻ‌സി അന്വേഷണം തുടങ്ങി. വെള്ളിയാഴ്ച രാവിലെ എൻഐഎയുടെ 12 അംഗ സംഘം സംഭവ സ്ഥലം സന്ദർശിക്കും. ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥനായിരിക്കും സംഘത്തെ നയിക്കുക. ആക്രമണമുണ്ടായ ബസിനുള്ളിൽ 40 ജവാന്മാർ ഉണ്ടായിരുന്നതായാണു വിവരം.

സമീപകാലത്ത് കശ്മീരില്‍ നടന്ന ഏറ്റവും വലിയ ഭീകരാക്രമണമാണ് സിആര്‍പിഎഫ് ജവാന്‍മാര്‍ക്ക് നേരെ ഉണ്ടായിരിക്കുന്നത്. 1980 ശേഷം ഇത്രവലിയൊരു ആള്‍നാശം സുരക്ഷാ സേനയ്ക്ക് ഉണ്ടാക്കിയ ആക്രമണം ഇതാദ്യമാണ്. മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയതിന് ശേഷം കശ്മീരില്‍ ഉണ്ടായ 18-ാമത്തെ വലിയ ആക്രമണവും.

2016 സെപ്റ്റംബര്‍ 18 ന് ഉറിയില്‍ സൈനിക ക്യാമ്പിന് നേരെ ഉണ്ടായ ആക്രമണത്തിന് ശേഷം സേനയ്ക്ക് വലിയതോതില്‍ ആള്‍നാശം ഉണ്ടായ ഭീകരാക്രമണം കൂടിയാണ് ഇത്. രാഷ്ട്രപതി രാം നാഥ് കോവിന്ദ്, കേന്ദ്ര ആഭ്യന്തര മന്ത്രി രാജ്‌നാഥ് സിങ്, ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവല്‍ എന്നിവര്‍ അടുത്ത ദിവസം കശ്മീര്‍ സന്ദര്‍ശിക്കും.

ജമ്മുവിൽനിന്നു ശ്രീനഗറിലേക്കു പോയ സൈനിക വാഹനവ്യൂഹത്തിനു നേരെയായിരുന്നു ആക്രമണം. സ്ഫോടക വസ്തുക്കൾ നിറച്ച വാഹനം സൈനിക വാഹനങ്ങൾക്കു നേരെ ഭീകരർ ഇടിച്ചു കയറ്റുകയായിരുന്നു. 2500 ലേറെ സൈനികരാണ് ആക്രമണം നടക്കുമ്പോൾ 70 വാഹനങ്ങളിലായി ഉണ്ടായിരുന്നത്. 

പുൽവാമ സ്വദേശിയും ജയ്ഷെ ഭീകരനുമായ ആദിൽ അഹമ്മദ് ധർ ആണു ചാവേറാക്രമണം നടത്തിയതെന്നു ഔദ്യോഗിക വൃത്തങ്ങൾ അറിയിച്ചു. ഉഗ്രശേഷിയുള്ള ഇംപ്രവൈസ്ഡ് എക്സ്പ്‌ളോസീവ് ഡിവൈസ് (ഐഇഡി) ഉപയോഗിച്ചായിരുന്നു സ്ഫോടനം. 350 കിലോയോളം സ്ഫോടക വസ്തുക്കൾ ആക്രമണത്തിന് ഉപയോഗിച്ചെന്നാണു കരുതുന്നത്. ആക്രമണത്തിൽ പരുക്കേറ്റവരിൽ പലരുടെയും നില ഗുരുതരമാണ്. ചാവേർ ആക്രമണത്തിനു പിന്നാലെ വെടിവയ്പും ഉണ്ടായതായി പരിസരവാസികൾ പറഞ്ഞു. സംഭവത്തെ തുടർന്നു പ്രദേശത്തു വൻ സൈനിക സന്നാഹം നിലയുറപ്പിച്ചിട്ടുണ്ട്.