എസ്.രാജേന്ദ്രൻ എംഎൽഎയുടെ പിന്തുണയോടെ മൂന്നാറിൽ നടത്തിവന്നിരുന്ന പഞ്ചായത്ത് കെട്ടിടത്തിന്‍റെ നിർമാണത്തിന് ഹൈക്കോടതി സ്റ്റേ

single-img
13 February 2019

എസ്.രാജേന്ദ്രൻ എംഎൽഎയുടെ പിന്തുണയോടെ മൂന്നാറിൽ നടത്തിവന്നിരുന്ന പഞ്ചായത്ത് കെട്ടിടത്തിന്‍റെ നിർമാണത്തിന് ഹൈക്കോടതി താത്കാലിക സ്റ്റേ ഏർപ്പെടുത്തി. ദേവികുളം സബ് കളക്ടറെ പരസ്യമായി ആക്ഷേപിച്ചത് ഈ കെട്ടിടത്തിന്റെ നിർമ്മാണവുമായി ബന്ധപ്പെട്ടായിരുന്നു.

മൂന്നാറിലെ സിപിഐ പ്രവർത്തകൻ എം.വൈ.ഒൗസേപ്പ് സമർപ്പിച്ച ഹർജി പരിഗണിച്ചാണ് ചീഫ് ജസ്റ്റീസ് അധ്യക്ഷനായ ഡിവിഷൻ ബെഞ്ച് താത്കാലിക സ്റ്റേ ഏർപ്പെടുത്തിയത്. കോടതി നിർമാണ വിലക്ക് ഏർപ്പെടുത്തിയിരിക്കുന്ന പ്രദേശത്ത് കെട്ടിടം പണിയാൻ പഞ്ചായത്തിന് ആര് അധികാരം കൊടുത്തുവെന്ന് ഡിവിഷൻ ബെഞ്ച് ചോദിച്ചു.

കണ്ണൻ ദേവൻ കന്പനിക്ക് പാർക്കിംഗിനായി നൽകിയിരുന്ന പ്രദേശത്ത് പഞ്ചായത്തിന് കെട്ടിടം പണിയാൻ അധികാരമില്ലെന്നാണ് ഹർജിക്കാരൻ കോടതിയെ ബോധിപ്പിച്ചത്. ഇതോടെ ഹർജിയിൽ പഞ്ചായത്ത് സെക്രട്ടറി, പ്രസിഡന്‍റ്, ജില്ലാ പഞ്ചായത്ത് അംഗം, എംഎൽഎ എന്നിവർക്ക് നോട്ടീസ് അയയ്ക്കാനും ഡിവിഷൻ ബെഞ്ച് ഉത്തരവിട്ടു.

കോടതി നിർമാണ വിലക്ക് ഏർപ്പെടുത്തിയ പ്രദേശത്ത് കെട്ടിടം പണിയുന്നതിനെതിരേ സംസ്ഥാന സർക്കാരും നിലപാടെടുത്തു. നിർമാണം വിലക്കിയിരുന്നതാണെന്നും പണികൾ ശ്രദ്ധയിൽപെട്ടപ്പോൾ സ്റ്റോപ്പ് മെമ്മോ നൽകിയിരുന്നുവെന്നും സർക്കാർ ഹൈക്കോടതിയെ അറിയിച്ചു.