ബിജെപിയുടെ നെഞ്ചിൽ തീകോരിയിട്ട് കേന്ദ്രസർക്കാരിനെതിരെ ഡൽഹിയിൽ മമതയും കെജ്രിവാളും ചന്ദ്രബാബു നായിഡുവും അണിനിരക്കുന്ന മഹാറാലി ഇന്ന്

single-img
13 February 2019

ലോക്സഭാ തിരഞ്ഞെടുപ്പ് അടുക്കാനിരിക്കേ ബിജെപിയുടെ നെഞ്ചിൽ തീകോരിയിട്ട്  കേന്ദ്ര സര്‍ക്കാരിനെതിരേ പ്രതിപക്ഷപാര്‍ട്ടികളുടെ മഹാറാലി ഇന്നു നടക്കും. ബംഗാള്‍ മുഖ്യമന്ത്രി മമതാ ബാനര്‍ജി, ആന്ധ്രാപ്രദേശ് മുഖ്യമന്ത്രി എന്‍. ചന്ദ്രബാബു നായിഡു, ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ തുടങ്ങിയവര്‍ അണിനിരക്കുന്ന റാലിയിൽ പക്ഷേ കോൺഗ്രസ് പങ്കെടുക്കില്ലെന്നാണ് സൂചനകൾ.

എഎപിയാണ് റാലിയുടെ സംഘാടകരെന്നതിനാലാണ് കോണ്‍ഗ്രസ് വിട്ടുനില്‍ക്കുന്നതെന്നാണ് സൂചന. റാലി  രാജ്യതലസ്ഥാനത്ത് പ്രതിപക്ഷ ഐക്യത്തിനു വേദിയാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.’സേച്ഛാധിപത്വം അവസാനിപ്പിക്കുക, രാജ്യത്തെ രക്ഷിക്കുക’ എന്ന പേരില്‍ എ.എ.പി.യാണ് ജന്തര്‍മന്ദറില്‍ റാലി സംഘടിപ്പിക്കുന്നത്. എന്‍സിപി., ഡിഎംകെ., എസ്പി., ബിഎസ്പി. തുടങ്ങിയ പാർട്ടിഅംഗങ്ങൾ റാലിയിൽ  പങ്കെടുക്കും.

മമത റാലിയില്‍ പങ്കെടുക്കാന്‍ ചൊവ്വാഴ്ച വൈകീട്ട് ഡല്‍ഹിയിലെത്തിയിരുന്നു. മമതാ ബാനര്‍ജിയുടെ നേതൃത്വത്തില്‍ കൊല്‍ക്കത്തയിലെ ബ്രിഗേഡ് റോഡില്‍ നടന്ന പ്രതിപക്ഷറാലിയില്‍ 23-ലധികം പ്രതിപക്ഷനേതാക്കള്‍ പങ്കെടുത്തിരുന്നു. ഇവരില്‍ ഭൂരിഭാഗവും ഡല്‍ഹിയിലെത്തുമെന്നാണ് എഎപിയുടെ പ്രതീക്ഷ.

മുന്‍ പ്രധാനമന്ത്രി എച്ച്ഡി. ദേവഗൗഡ, എന്‍സിപി. നേതാക്കളായ ശരദ് പവാര്‍, പ്രഫുല്‍ പട്ടേല്‍, ഡിഎംകെ. നേതാവ് കനിമൊഴി തുടങ്ങിയവരും റാലിയില്‍ പങ്കെടുക്കുമെന്നു സൂചനകളുണ്ട്.