ഉപതെരഞ്ഞെടുപ്പിൽ ബിജെപി തോറ്റ പത്തനംതിട്ടയിലെ രണ്ട് സീറ്റുകളും മൃഗീയ മുസ്ലിം ഭൂരിപക്ഷമുള്ളവ; 30 ഹിന്ദു വോട്ടുകളിൽ പന്ത്രണ്ടെണ്ണം സ്വന്തമാക്കിയ ബിജെപിയുടേത് പരാജയമല്ല: ശ്രീധരൻപിള്ള

single-img
13 February 2019

കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ ശബരിമല വിഷയം കാത്തുനിന്നിട്ടും പത്തനംതിട്ട ജില്ലയിൽ പന്തളം ഉൾപ്പെടെയുള്ള പ്രദേശങ്ങളിൽ ബിജെപിക്കു നേരിട്ട തോൽവിക്ക് പുതിയ കാരണം കണ്ടെത്തി ബിജെപി സംസ്ഥാന അധ്യക്ഷൻ പി എസ് ശ്രീധരൻപിള്ള. പത്തനംതിട്ടയിലെ ആ രണ്ട് സീറ്റുകളും മൃഗീയമായ മുസ്ലിം ഭൂരിപക്ഷമുള്ളവയാണെന്നും അവിടെ ഹിന്ദു വോട്ടുകളെല്ലാം കൂടി പോള്‍ ചെയ്തത് മുപ്പതെണ്ണമോ മറ്റോ ആണെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ആകെ പോൾ ചെയ്ത ഹിന്ദു വോട്ടുകളിൽ 12 വോട്ടേ ബിജെപിക്ക്  ലഭിച്ചുള്ളൂ എന്നു പറയുന്നതില്‍ കാര്യമില്ലെന്നും അതില്‍ കൂടുതല്‍ അവിടെ പ്രതീക്ഷിക്കാന്‍ സാധിക്കില്ലെന്നും  അദ്ദേഹം വ്യക്തമാക്കി. അതുകൊണ്ട് അതിനെ പരാജയം എന്നു പറയാന്‍ സാധിക്കില്ലെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ഒരു മാധ്യമത്തിന് അനുവദിച്ച അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം പറഞ്ഞത്.  പത്തനംതിട്ട ഉൾപ്പെടെയുള്ള ജില്ലകളിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ ശബരിമല വിഷയം ബിജെപി അനുകൂല വോട്ടായി മാറിയുമില്ല  എന്ന കാര്യം ചൂണ്ടിക്കാട്ടിയപ്പോഴാണ് പിഎസ് ശ്രീധരൻപിള്ള പ്രതികരിച്ചത്.

ശബരിമലയുമായി ബന്ധപ്പെട്ട നാല് ജില്ലകളില്‍ നടന്ന ഉപതരഞ്ഞെടുപ്പിൽ സിപിഎം തുടച്ചുനീക്കപ്പെട്ടത് മാധ്യമങ്ങള്‍ ശ്രദ്ധിച്ചില്ലെന്നും ഒരുപക്ഷേ ശ്രദ്ധിച്ചാലും മാധ്യമ പ്രവര്‍ത്തകര്‍ക്കിടയില്‍ സിപിഎം ഫ്രാക്ഷന്‍ ഉള്ളതുകൊണ്ട് അത് പുറത്തു വന്നില്ലെന്നും ശ്രീധരൻ പിള്ള ആരോപിച്ചു. സിപിഎമ്മിന് ഒന്നോ രണ്ടോ സീറ്റുകളേ കുറഞ്ഞിട്ടുള്ളുവെങ്കിലും നാലു ജില്ലകളിലും അവര്‍ കനത്ത തിരിച്ചടി നേരിട്ടു. പത്തനംതിട്ട ജില്ലയില്‍ പത്തനംതിട്ട, പന്തളം നഗരസഭകളിലേക്കാണ് തെരഞ്ഞെടുപ്പ് നടന്നത്. രണ്ടിടത്തും അവര്‍ തോറ്റുവെന്നു മാത്രമല്ല, മൂന്നാം സ്ഥാനത്തേയ്ക്കും നാലാം സ്ഥാനത്തേയ്ക്കും പോയി. സിറ്റിംഗ് സീറ്റിലാണിതെന്നും ശ്രീധരൻ പിള്ള പറഞ്ഞു.

ബംഗാളിലും ഇതാണ് സംഭവിച്ചത്. വരുന്ന തെരഞ്ഞെടുപ്പില്‍ ഉറപ്പായും ജയിക്കുന്ന ഒരു സീറ്റുപോലും ബംഗാളില്‍ ഇപ്പോള്‍ അവര്‍ക്കില്ല. തൊട്ടടുത്തുള്ള ആലപ്പുഴയില്‍ ബി.ജെ.പി രണ്ട് സീറ്റ് പിടിച്ചെടുത്തു. കോട്ടയം ജില്ലയിലെ രാമപുരത്ത് കേരള കോണ്‍ഗ്രസ്സ് സിറ്റിംഗ് സീറ്റ് നിലനിര്‍ത്തിയപ്പോള്‍ സി.പി.എമ്മിനു കിട്ടിയത് 17 വോട്ട്. ഇടുക്കിയില്‍ മൂന്നു സിറ്റിംഗ് സീറ്റും നഷ്ടപ്പെട്ടു. ഇത് വലിയ രാഷ്ട്രീയ മാറ്റത്തിന്റെ സൂചനയാണെന്നും ശ്രീധരൻപിള്ള ചൂണ്ടിക്കാട്ടി.

എല്ലാ ലോക്സഭാ, നിയമസഭാ തെരഞ്ഞെടുപ്പുകളിലും സ്ഥിരമായി ബിജെപിയുടെ പേരില്‍ ഒരേ മുഖങ്ങളെത്തന്നെ അവതരിപ്പിച്ച് തോല്‍വി ഏറ്റുവാങ്ങുന്ന രീതിയാണ് കണ്ടുവരുന്നതെന്നും ഇത്തവണ ആ രീതി മാറ്റി പുതിയ ചില ആളുകളെ പരീക്ഷിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. പുതിയ തലമുറയ്ക്ക് പ്രാതിനിധ്യം കൊടുക്കണം. ഞാനുള്‍പ്പെടെ മുതിര്‍ന്ന കുറേ ആളുകള്‍ മാറിനിന്ന് സംഘടനാ പ്രവര്‍ത്തനം നടത്തണം എന്നാണ് തൻ്റെ അഭിപ്രായമെന്നും അദ്ദേഹം പറഞ്ഞു.