സംസ്ഥാന രാഷ്ട്രീയത്തിലേക്കു തിരിച്ചു വരാൻ തയ്യാർ, നേതൃത്വം ആവശ്യപ്പെട്ടാൽ: കുമ്മനം

single-img
13 February 2019

സംസ്ഥാന രാഷ്ട്രീയത്തിലേക്ക് തിരിച്ചുവരാൻ തയ്യാറാണെന്ന് മിസോറാം ഗവര്‍ണര്‍ കുമ്മനം രാജശേഖരന്‍. എന്നാൽ അത് കേന്ദ്രനേതൃത്വം ആവശ്യപ്പെടണം. ബിജെപി കേന്ദ്രനേതൃത്വം തീരുമാനിക്കണം തന്റെ തിരിച്ചുവരവെന്നും ഗവര്‍ണറായത് ആഗ്രഹിച്ചിട്ടല്ല, സംഘടന ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കുന്നെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.

തിരിച്ചുവരാന്‍ തയ്യാറെണെന്ന് കഴിഞ്ഞ ദിവസം കോഴിക്കോട് എത്തിയ അദ്ദേഹം മനോരമ ന്യൂസിന് നല്‍കിയ അഭിമുഖത്തിലായിരുന്നു മനസുതുറന്നത്. തിരിച്ചുവരുമെന്ന് കേട്ടല്ലോ എന്ന ചോദ്യത്തിന് മറുപടി പറയുകയായിരുന്നു കുമ്മനം.

തിരിച്ചുവരാനും പഴയ പോലെ സംഘടനാപ്രവര്‍ത്തനം നടത്താനും തയ്യാറാണെന്നും പക്ഷെ സംഘടന തീരുമാനിക്കണമെന്നും കുമ്മനം രാജശേഖരന്‍ പറഞ്ഞു.പൂര്‍ണമായും സംഘടന വിധേയനാണ് താന്‍, സ്വയം സമര്‍പ്പിച്ചവന്‍, തന്റെ വ്യക്തിപരമായ ഇഷ്ടങ്ങള്‍ക്ക് പ്രസക്തിയില്ല- കുമ്മനം പറഞ്ഞു.

നേരത്തെ കുമ്മനം രാജശേഖരനെ തിരികെ വിളിക്കണമെന്നും തിരുവനന്തപുരം ലോക്‌സഭാ മണ്ഡലത്തില്‍ മത്സരിപ്പിക്കണമെന്നും പാര്‍ട്ടിക്ക് ഉള്ളില്‍ തന്നെ ആവശ്യമുയര്‍ന്നിരുന്നു.