ബാങ്ക് ജീവനക്കാർ പണിമുടക്കിയതുമൂലം കാർഷികവായ്പ തിരിച്ചടയ്ക്കാൻ കഴിയാത്തതിൻ്റെ പേരിൽ 7000 പേർക്ക് സബ്സിഡി നഷ്ടപ്പെട്ടു; ഇനി പുനഃപരിശോധനയില്ലെന്നു ബാങ്കുകൾ

single-img
13 February 2019

ബാങ്ക് ജീവനക്കാർ പണിമുടക്കിയകാലത്ത് കാർഷികവായ്പ തിരിച്ചടയ്ക്കാൻ കഴിയാത്ത കർഷകർക്ക് ഇരുട്ടടി. 7000 പേർക്ക് നബാർഡ് നൽകുന്ന മൂന്നുശതമാനം പലിശ സബ്സിഡി നഷ്ടമായി. കേരള ഗ്രാമീൺബാങ്കിലെ ജീവനക്കാർ ഡിസംബർ 17 മുതൽ 26 വരെ നടത്തിയ പണിമുടക്ക് ദിവസങ്ങളിൽ വായ്പ തിരിച്ചടയ്ക്കാൻ കഴിയാതെ വന്നവർക്കാണ് സബ്സിഡി നഷ്ടപ്പെട്ടത്.

വായ്പ യഥാസമയം തിരിച്ചടച്ചാൽ മൂന്നുശതമാനം പലിശ സബ്സിഡിയായി നബാർഡ് തിരിച്ചുനൽകും. മൊത്തം 41.70 കോടി രൂപയാണ് പണിമുടക്ക് കാലത്ത് കർഷകർക്ക് ബാങ്കുകളിൽ തിരിച്ചടയ്ക്കാനാവാതിരുന്നത്. ഇത്രയും തുകയുടെ മൂന്നുശതമാനമായ ഏകദേശം 1.25 കോടി രൂപയാണ് സബ്സിഡി ഇനത്തിൽ കർഷകർക്ക് കിട്ടാതെപോയത്.

ബാങ്കിന്റെ വിവിധ ശാഖകളിൽനിന്ന് കാർഷികവായ്പ എടുത്തവരാണിവർ. ഒരുലക്ഷത്തിന് ഏഴുശതമാണ് പലിശ. സമയംതെറ്റി വായ്പ തിരിച്ചടച്ചെങ്കിലും നബാർഡ് പലിശ സബ്സിഡി നൽകാൻ തയ്യാറല്ല. പണിമുടക്ക് കഴിഞ്ഞ് നാലുദിവസംവരെ സബ്സിഡിയോടെ വായ്പ തിരിച്ചടയ്ക്കാൻ അനുമതി നൽകിയതായി ഗ്രാമീൺബാങ്ക് അധികൃതർ പറയുന്നുണ്ടെങ്കിലും നിർദേശം ലഭിച്ചിട്ടില്ലെന്നാണ് ബാങ്ക് ഉദ്യോഗസ്ഥർ പറയുന്നത്.

കാർഷികോത്പന്നങ്ങളുടെ വിലയിടിവും തൊഴിലില്ലായ്മയും കാരണം പ്രയാസം നേരിടുന്നവർക്ക് സബ്സിഡി ഇൻസന്റീവ് ലഭിക്കാത്തത് വലിയ തിരിച്ചടിയായിരിക്കുകയാണ്. അതേസമയം വായ്പ തിരിച്ചടയ്ക്കേണ്ടതിന്റെ സമയപരിധി കഴിഞ്ഞതിനാൽ ഇനി പുനഃപരിശോധിക്കാനാവില്ലെന്നും പണിമുടക്ക് ആരംഭിക്കുന്നതിനുമുൻപ് തന്നെ വായ്പ തിരിച്ചടയ്ക്കേണ്ട കാര്യം ബാങ്ക് ജീവനക്കാർ ഉപഭോക്താക്കളെ അറിയിച്ചിരുന്നുവെന്നും ബാങ്ക് അധികൃതർ പറയുന്നു.