ദിവ്യ എസ‌് അയ്യർ നിയമവിരുദ്ധമായി കോൺഗ്രസ‌് കുടുംബത്തിന‌് പതിച്ചുനൽകിയ ഭൂമി ഏറ്റെടുത്ത‌് പൊലീസ‌് സ‌്റ്റേഷൻ നിർമ്മിക്കാൻ ഉത്തരവിട്ട് സംസ്ഥാന സർക്കാർ

single-img
13 February 2019

തിരുവനന്തപുരം സബ് കലക്ടർ ആയിരുന്ന ദിവ്യ എസ‌് അയ്യർ നിയമവിരുദ്ധമായി കോൺഗ്രസ‌് കുടുംബത്തിന‌് പതിച്ചുനൽകിയ ഭൂമി ഏറ്റെടുത്ത‌് പൊലീസ‌് സ‌്റ്റേഷൻ നിർമ്മിക്കാൻ സർക്കാർ ഉത്തരവായി. വർക്കല അയിരൂരിൽ വില്ലിക്കടവ് പാരിപ്പള്ളി-വർക്കല സംസ്ഥാനപാതയോട് ചേർന്നുള്ള 27 സെന്റ് സ്ഥലത്താണ് സ്റ്റേഷൻ നിർമ്മിക്കുക. അയിരൂർ വില്ലേജിൽ വില്ലിക്കടവ് പാലത്തിന് സമീപം സ്വകാര്യവ്യക്തി വർഷങ്ങളായി കൈയേറിയ രണ്ട് കോടിയോളം വിലപിടിപ്പുള്ള ഭൂമി സർക്കാർ ഭൂമിയാണെന്ന് റവന്യൂ അധികൃതർ നേരത്തെ കണ്ടെത്തിയിരുന്നു.

കോൺഗ്രസ് കുടുംബാംഗമായ അയിരൂർ പുന്നവിള വീട്ടിൽ എം ലിജിക്ക‌് ദിവ്യ എസ‌് അയ്യർ പതിച്ചു നൽകുകയായിരുന്നുവെന്ന ആരോപണം ഉയർന്നിരുന്നു. ദിവ്യയുടെ ഭർത്താവ‌് കെ എസ‌് ശബരീനാഥൻ എംഎൽഎയുടെ അടുപ്പക്കാരാണ‌് ലിജിയുടെ കുടുംബം. സംഭവം വൻ വിവാദമായതിനെത്തുടർന്ന‌് ദിവ്യയെ സബ‌് കലക്ടർ സ്ഥാനത്തുനിന്നു മാറ്റുകയും ഭൂമി കൈമാറ്റം സ‌്റ്റേ ചെയ്യുകയുമായിരുന്നു.

2017ൽ വർക്കല തഹസിൽദാർ പുറമ്പോക്കാണെന്ന‌് കണ്ടെത്തി ഏറ്റെടുത്ത ഈ ഭൂമിയിൽ അവകാശവാദം ഉന്നയിച്ച‌് ലിജി ഹൈക്കോടതിയെ സമീപിച്ചതോടെയാണ‌് ദിവ്യ ഈ കേസിൽ ഇടപെടുന്നത‌്. കേസിൽ തുടക്കത്തിൽ സബ‌് കലക്ടർ കക്ഷിയായിരുന്നില്ല. എന്നാൽ, ഒക‌്ടോബർ 31ന‌് സമർപ്പിച്ച പ്രത്യേക അപേക്ഷ പ്രകാരം ഇവർ ആറാംകക്ഷിയാകുകയായിരുന്നു. തുടർന്നു ആർഡിഒ കൂടിയായ സബ‌്കലക്ടർ വിഷയം പരിശോധിച്ച‌് തീർപ്പാക്കാൻ കോടതി ഉത്തരവിട്ടു.

ഇതിൻ്റെ ഭാഗമായി ഫെബ്രുവരി 28ന‌് സബ‌് കലക്ടർ തെളിവെടുപ്പ‌് നടത്തി. ഭൂമി ഏറ്റെടുത്ത വർക്കല തഹസിൽദാർ, സർക്കാരിലേക്കുചേർത്ത അയിരൂർ വില്ലേജ‌് ഓഫീസർ, കക്ഷികളായ ഇലകമൺ പഞ്ചായത്ത‌് അധികൃതർ എന്നിവരെ അറിയിക്കാതെയായിരുന്നു തെളിവെടുപ്പ‌്. ലിജി നൽകിയ അപേക്ഷയിൽ വർക്കല ഭൂരേഖ തഹസിൽദാരാണ‌് അപ്പീൽ പ്രതി. എന്നാൽ, പ്രതിയെപ്പോലും തെളിവെടുപ്പ‌് അറിയിച്ചില്ല. പരാതിക്കാരി ലിജിയും അഭിഭാഷകനും മാത്രമാണ‌് തെളിവുനൽകാൻ ഹാജരായത‌്. സർക്കാർ രേഖകൾ പരിശോധിക്കാതെ, ലിജിയുടെ വാദം മാത്രം മുഖവിലയ‌്ക്കെടുത്ത‌് ഏകപക്ഷീയമായി ദിവ്യ ഭൂമി പതിച്ചുകൊടുത്തുവെന്നായിരുന്നു ആരോപണം ഉയർന്നത്.

ഇതിനു പിന്നാലെ വി ജോയി എംഎൽഎയുടെ പരാതി പ്രകാരം റവന്യൂ മന്ത്രി അന്വേഷണത്തിന‌് ഉത്തരവിടുകയായിരുന്നു. സബ‌് കലക്ടറുടെ നടപടി ക്രമത്തിൽ ദുരൂഹത തെളിഞ്ഞതിനാൽ ഭൂമി ദാനം സ‌്റ്റേ ചെയ്തു. സബ‌് കലക്ടർ സ്ഥാനത്തുനിന്ന‌് മാറ്റി.ബന്ധപ്പെട്ടവരെ വിളിച്ചുവരുത്തി തെളിവെടുപ്പ‌് നടത്തിയ കലക്ടർ ഭൂമി അളക്കാൻ സർവേ സൂപ്രണ്ടിനെ നിയോഗിച്ചു. ഈ പരിശോധനയിൽ ദാനം ചെയ‌്തത‌് സർക്കാർ ഭൂമിയാണെന്ന‌് തെളിഞ്ഞു. തുടർന്ന‌് കലക്ടർ സർക്കാരിന‌് റിപ്പോർട്ട‌് നൽകി. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ‌് ലിജിയുടെ അവകാശവാദം തള്ളി ഭൂമി ഏറ്റെടുത്ത സർക്കാർ പൊലീസ‌് സ‌്റ്റേഷൻ നിർമാണത്തിനുള്ള നടപടികൾ കെെക്കൊണ്ടത്.