തൊളിക്കോട് മുന്‍ ഇമാം ഷെഫീഖ് അല്‍ ഖാസിമിക്കെതിരെ പോക്‌സോ ചുമത്തി; കേസ് പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ചെന്ന പരാതിയില്‍

single-img
12 February 2019

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസില്‍ തൊളിക്കോട് മുസ്ലിം പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരേ പോക്‌സോ കേസ് ചുമത്തി. തൊളിക്കോട് മുസ്ലിം പള്ളി പ്രസിഡന്റ് നല്‍കിയ പരാതിയിലാണ് നടപടി. പെണ്‍കുട്ടി പരാതി നല്‍കാന്‍ തയ്യാറാകാത്തതിനാലാണ് പള്ളി കമ്മിറ്റി പ്രസിഡന്റിന്റെ പരാതിയില്‍ കേസ് രജിസ്റ്റര്‍ ചെയ്തത്.

ഇതിനിടെ മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി ഷെഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിക്കുകയും ചെയ്തു. ഇതിന് പിന്നാലെയാണ് പോക്‌സോ പ്രകാരം കേസെടുത്തത്. പീഡനത്തിനിരയായ പെണ്‍കുട്ടി ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിക്ക് മൊഴി നല്‍കാന്‍ തയ്യാറായിരുന്നില്ലെന്ന് പോലീസ് പറഞ്ഞു.

ഷെഫീഖ് അല്‍ ഖാസിമിക്കിതിരെ സംഭവം നടന്നു ഒരാഴ്ച്ച കഴിഞ്ഞിട്ടും പോലീസ് നടപടി എടുക്കുന്നില്ലെന്ന ആക്ഷേപം ഉയര്‍ന്നതിനെത്തുടര്‍ന്നാണ് പൊലീസ് രംഗത്തെത്തിയത്. ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റിയെ വിവരങ്ങള്‍ ധരിപ്പിച്ചതാണെന്നും പെണ്‍കുട്ടിക്ക് കൗണ്‍സലിങ് നല്‍കുമെന്നുമാണ് റൂറല്‍ എസ്പി പി.അശോക് കുമാര്‍ പറഞ്ഞത്.

കുട്ടിയെ എത്രയും വേഗം ഷെല്‍ട്ടര്‍ ഹോമിലേക്ക് മാറ്റുമെന്ന് ചൈല്‍ഡ് ലൈന്‍ അറിയിച്ചു. എന്നാല്‍ ഈ നീക്കത്തിനെതിരെ കുട്ടിയുടെ വീട്ടുകാര്‍ വിസമ്മതിക്കുകയാണെന്നും അവര്‍ പറഞ്ഞു. കുട്ടിയുടെ വീട്ടുകാരുടെ എതിര്‍പ്പ് ഈ അവസരത്തില്‍ കാര്യമാക്കുന്നില്ലെന്നും ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകര്‍ പറയുന്നു.

കഴിഞ്ഞ ദിവസം ഇയാള്‍ വാഹനത്തില്‍ പെണ്‍കുട്ടിയെ വനത്തില്‍ കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നായിരുന്നു ആരോപണം. സ്‌കൂള്‍ വിദ്യാര്‍ത്ഥിനി ആയ പെണ്‍കുട്ടിയെ കാറില്‍ കയറ്റി വനമേഖലയിലേയ്ക്ക് കൊണ്ടു പോകുകയായിരുന്നു. ഇവിടെ സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെ തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളി സ്ത്രീകള്‍ വാഹനം തടഞ്ഞുവച്ചുവെങ്കിലും ഇയാള്‍ വിദ്യാര്‍ത്ഥിയുമായി കടന്നുകളഞ്ഞു.

തുടര്‍ന്ന് വിവരം പള്ളിക്കാരെ അറിയിക്കുകയായിരുന്നു. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നതെന്ന് നാട്ടുകാര്‍ പറഞ്ഞു. തുടര്‍ന്ന് അവിടെയെത്തി ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഇയാള്‍ മറുപടി പറഞ്ഞത്.

തുടര്‍ന്ന് വീണ്ടും ചോദ്യം ചെയ്തപ്പോള്‍ ഇമാം വണ്ടിയെടുത്ത് പോവുകയായിരുന്നു. പള്ളികമ്മിറ്റി നടത്തിയ പ്രാഥമിക അന്വേഷണത്തെ തുടര്‍ന്നാണ് ഇയാളെ പുറത്താക്കിയത്. നേരത്തേ ആറ്റിങ്ങലിന് സമീപമുള്ള പ്രമുഖ പള്ളി ഉള്‍പ്പെടെയുള്ള പള്ളികളില്‍ ഇയാള്‍ ചീഫ് ഇമാമായി പ്രവര്‍ത്തിച്ചിരുന്നു.