മലപ്പുറത്ത് ഒമ്പത് വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവം: 36 കാരിക്കെതിരേ പോലീസ് കേസെടുത്തു

single-img
12 February 2019

ഒമ്പതു വയസ്സുകാരനെ ബലാല്‍സംഗം ചെയ്‌തെന്ന കേസില്‍ 36കാരിക്കെതിരേ തേഞ്ഞിപ്പലം പോലീസ് കേസെടുത്തു. കഴിഞ്ഞ ആഴ്ച സ്വകാര്യ ക്ലിനിക്കിലെ ഡോക്ടറോട് കുട്ടി ഇക്കാര്യം വെളിപ്പെടുത്തിയതോടെയാണ് സംഭവം പുറത്തറിയുന്നത്. തുടര്‍ന്ന് ഡോക്ടര്‍ ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരെ വിവരമറിയിക്കുകയായിരുന്നു.

ഇവര്‍ കുട്ടിയുടെ മൊഴിയെടുക്കുകയും പരാതി പോലീസിന് കൈമാറുകയുമായിരുന്നു. കുട്ടികള്‍ക്കെതിരായ ലൈംഗിക കുറ്റകൃത്യങ്ങള്‍ തടയല്‍ നിയമ (പോക്‌സോ)ത്തിലെ വിവിധ വകുപ്പുകള്‍ പ്രകാരമാണ് യുവതിക്കെതിരേ പോലീസ് കേസെടുത്തത്.

ഒരു വര്‍ഷത്തിലേറെയായി കുട്ടി ലൈംഗിക ചൂഷണത്തിന് ഇരയായതായി ചൈല്‍ഡ് ലൈന്‍ വ്യക്തമാക്കി. യുവതി കുട്ടിയെ മാസങ്ങളോളം ദുരുപയോഗപ്പെടുത്തിയതായും അത് കുട്ടിയുടെ മാനസികാരോഗ്യത്തെ ബാധിച്ചതായും ചൈല്‍ഡ് ലൈന്‍ മലപ്പുറം കോര്‍ഡിനേറ്റര്‍ അന്‍വര്‍ കാരക്കാടന്‍ പറഞ്ഞു.

കുട്ടിയുടെ അമ്മാവന്റെ ഭാര്യയാണ് പ്രതി. കുട്ടിയുടെ വീടിന് സമീപം തന്നെയാണ് ഇവരും താമസിക്കുന്നത്. ചൈല്‍ഡ് ലൈന്‍ പ്രവര്‍ത്തകരുടെ മൊഴിയുടെ അടിസ്ഥാനത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തതായി തേഞ്ഞിപ്പലം സബ് ഇന്‍സ്‌പെക്ടര്‍ ബിനു തോമസ് പറഞ്ഞു.

ഇരയുടെയും പ്രതിയുടേയും കുടുംബങ്ങള്‍ തമ്മില്‍ തര്‍ക്കം നിലവിലുണ്ട്. ആരോപണത്തിന് ഈ തര്‍ക്കവുമായി ബന്ധമുണ്ടോയെന്ന കാര്യം അന്വേഷിച്ച് വരികയാണെന്ന് പോലിസ് പറഞ്ഞു. അടുത്തിടെ എറണാകുളത്ത് അര്‍ബുദ ബാധിതനായ ഒമ്പതു വയസ്സുകാരനെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ യുവതിയെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു.