ശബരിമലയിൽ ചരിത്രം മറയ്ക്കുന്നവർക്കു മറുപടി; ആദിവാസി മാനേജ്മെൻ്റിനു കീഴിലുള്ള രാജ്യത്തെ ആദ്യത്തെ കോളേജായ ശ്രീ ശബരീശയിൽ പുതിയ ബ്ലോക്ക് ഉയരുന്നു, ശബരിമലയിലെ ആദ്യ പൂജാരി കരിമല അരയൻ്റെ പേരിൽ

single-img
12 February 2019

ആദിവാസി മാനേജ്മെൻ്റിനു കീഴിലുള്ള  രാജ്യത്തെ ആദ്യത്തെ കോളേജായ മുണ്ടക്കയം മുരിക്കിൻ വയലിലെ ശ്രീ ശബരീശ കോളേജിൽ പുതിയ ബ്ലോക്ക് സാക്ഷാത്കാരത്തിലേക്ക്. മലഅരയ നിയന്ത്രണത്തിലുള്ള കോളേജിലെ പുതിയ ബ്ലോക്കിന് ശബരിമലയിലെ ആദ്യ പൂജാരിയുടെ പേരാണ്  നൽകിയിരിക്കുന്നത്- കരിമല അരയൻ.

ഐക്യ മലയരയ മഹാസഭ ജനറല്‍ സെക്രട്ടറി പി കെ സജീവ് തന്നെ ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് ഇക്കാര്യം അറിയിച്ചത്. സംസ്ഥാനത്തെ വിവിധ ജാതി സംഘടനകൾ വിദ്യാഭ്യാസരംഗം കീഴടക്കുമ്പോൾ ആദിവാസികൾക്ക് എന്നും അതൊരു കിട്ടാക്കനി ആയിരുന്നുവെന്ന് സജീവ് പറയുന്നു.  അതുകൊണ്ടുതന്നെ ശ്രീശബരീശ കോളേജിന് സംസ്ഥാനത്ത് വലിയ പ്രാധാന്യമാണ് ഉള്ളത്. ആദിവാസി മാനേജ്മെൻ്റിനു കീഴിലുള്ള രാജ്യത്തെ ആദ്യത്തെ കോളേജിലെ പുതിയ ബ്ലോക്കിന് ഇന്നത്തെ സാഹചര്യത്തിൽ കരിമല അരയൻ്റെ പേര് ചാർത്തുന്നത് വളരെ വലിയ ആദരവായി കരുതുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

ശബരിമലയിൽ പുതിയ ചരിത്രമെഴുതി അത് സ്വന്തമാക്കുവാൻ ശ്രമിക്കുന്നവർക്ക് ഈ സമുദായത്തിൻ്റെ മറുപടികൂടിയാണ്  പ്രസ്തുത പേരു നൽകലെന്നും അദ്ദേഹം പറഞ്ഞു. പുതിയ ബ്ലോക്ക് യാഥാർത്ഥ്യമാകുമ്പോൾ ഇവിടെ അഞ്ഞൂറോളം വിദ്യാർത്ഥികൾക്ക് പഠനസൗകര്യം ഒരുങ്ങുമെന്നും  പി കെ സജീവ് വ്യക്തമാക്കി. ഏതാനും മാസങ്ങൾക്കുള്ളിൽ ഉത്ഘാടനം നടക്കുമെന്നും അദ്ദേഹം പറഞ്ഞു.