തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമി പള്ളിക്കമ്മറ്റിയില്‍ നല്‍കിയ വിശദീകരണം കള്ളമെന്ന് തെളിഞ്ഞു

single-img
12 February 2019

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പ്രലോഭിപ്പിച്ച് വനത്തിനുള്ളില്‍ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിക്കാന്‍ ശ്രമിച്ച സംഭവത്തില്‍ തിരുവനന്തപുരം തൊളിക്കോട് പള്ളി മുന്‍ ഇമാം ഷഫീഖ് അല്‍ ഖാസിമിക്കെതിരേ പോക്‌സോ നിയമപ്രകാരം പോലീസ് കേസ് രജിസ്റ്റര്‍ ചെയ്തു.

വിതുര പൊലീസാണ് കേസെടുത്തത്. തൊളിക്കോട് ജമാഅത്ത് പ്രസിഡന്റിന്റെ പരാതിയിലാണ് കേസ്. പെണ്‍കുട്ടിയോ ബന്ധുക്കളോ പരാതി നല്‍കാത്തതിനാല്‍ സംഭവം നടന്ന് ദിവസങ്ങള്‍ കഴിഞ്ഞിട്ടും പൊലീസ് കേസെടുത്തിരുന്നില്ല. മുന്‍കൂര്‍ ജാമ്യത്തിനായി ഷെഫീഖ് അല്‍ ഖാസിമി ഹൈക്കോടതിയെ സമീപിച്ചതിനു പിന്നാലെയാണ് കേസെടുത്തത്.

പെണ്‍കുട്ടിയെ പീഡിപ്പിച്ച വാര്‍ത്ത പുറത്തുവന്നതിനു പിന്നാലെ തൊളിക്കോട് ജമാഅത്ത് പള്ളിയിലെ ഇമാം സ്ഥാനത്തുനിന്ന് ഷെഫീഖ് അല്‍ ഖാസിമിയെ മാറ്റിയിരുന്നു. ഇമാം കൗണ്‍സിലെ സ്ഥാനങ്ങളില്‍നിന്നും ഒഴിവാക്കി. സ്‌കൂളില്‍നിന്ന് മടങ്ങിവന്ന വിദ്യാര്‍ഥിനിയെ ഷെഫീഖ് അല്‍ ഖാസിമി സ്വന്തം ഇന്നോവ കാറില്‍ വനമേഖലയിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.

സംശയാസ്പദമായ സാഹചര്യത്തില്‍ കാര്‍ കണ്ടതിനെത്തുടര്‍ന്ന് തൊഴിലുറപ്പ് തൊഴിലാളികള്‍ വാഹനം തടഞ്ഞുവച്ചതോടെയാണ് സംഭവം പുറംലോകം അറിയുന്നത്. യൂണിഫോം ധരിച്ച പെണ്‍കുട്ടി കാറിലിരിക്കുന്നത് നാട്ടുകാരിയായ പെണ്‍കുട്ടിയാണ് ആദ്യം കണ്ടത്.

ഈ പെണ്‍കുട്ടി അറിയിച്ചതനുസരിച്ചാണ് തൊഴിലുറപ്പ് സ്ത്രീകള്‍ സ്ഥലത്തെത്തിയത്. കാറിനുള്ളിലെ പെണ്‍കുട്ടി ആരാണെന്നു ചോദിച്ചപ്പോള്‍ ഭാര്യയാണെന്നായിരുന്നു ഷെഫീഖ് അല്‍ ഖാസിമിയുടെ മറുപടി. പെണ്‍കുട്ടി ആ സമയം കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് നിലവിളിച്ചു.

കൂടുതല്‍ നാട്ടുകാരെത്തിയതോടെ ഷെഫീഖ് അല്‍ ഖാസിമി വണ്ടിയുമായി സ്ഥലത്തുനിന്ന് കടന്നു. നാട്ടുകാര്‍ പള്ളി ഭാരവാഹികളെ വിവരം അറിയിച്ചു. പള്ളി കമ്മറ്റി നടത്തിയ അന്വേഷണത്തില്‍ ഷെഫീഖ് അല്‍ ഖാസിമി കുറ്റക്കാരനാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് നടപടി സ്വീകരിച്ചത്.

അതിനിടെ ഷെഫീഖ് അല്‍ ഖാസിമി പള്ളിക്കമ്മിറ്റിക്കു മുമ്പാകെ നല്‍കിയ വിശദീകരണം കള്ളമെന്ന് തെളിഞ്ഞു. പെണ്‍കുട്ടിയുടെ ബന്ധുവാണെന്നായിരുന്നു ഷെഫീഖിന്റെ വാദം. ഇയാളുടെ സംഭാഷണത്തിന്റെ ശബ്ദരേഖ പൊലീസിനു ലഭിച്ചിട്ടുണ്ട്.

സംഭവത്തെക്കുറിച്ച് അന്വേഷിച്ച ജമാഅത്ത് പ്രസിഡന്റ് ബാദുഷാ പറഞ്ഞത്:

ആ സ്ഥലം ആദ്യമായി എത്തുന്ന ഒരാള്‍ക്ക് കണ്ടെത്താന്‍ കഴിയാത്തതാണ്. ഇവിടെ നേരത്തെയും അദ്ദേഹം വന്ന് കാണണം. നടന്നത് എന്താണെന്ന് അറിയാന്‍ അവിടെ പോയിരുന്നു. പ്രദേശത്തുളളവരെ കണ്ട് സംസാരിച്ചു. വനപ്രദേശത്തിന് സമീപത്ത് ഇന്നോവയിലാണ് ഷഫീഖ് അല്‍ ഖാസിമിയും പെണ്‍കുട്ടിയും എത്തിയത്. യൂണിഫോമായിരുന്നു കുട്ടി ധരിച്ചിരുന്നത്. ഇതിന് താഴ്ഭാഗത്തുളള ഒരു കുട്ടിയാണ് വല്ലാത്തൊരു സംഭവം അവിടെ കണ്ടത്. തുടര്‍ന്ന് താഴെപോയി തൊഴിലുറപ്പ് തൊഴിലാളികളായ സ്ത്രീകളെ വിളിച്ചുകൊണ്ടുവന്നു.

ഇവര്‍ എത്തിയപ്പോള്‍ പെണ്‍കുട്ടി കരഞ്ഞുകൊണ്ട് രക്ഷിക്കണമെന്ന് വിളിച്ചു. പൊലീസില്‍ അറിയിക്കരുതെന്നും പറഞ്ഞു. ആ കുട്ടി ആരാണെന്ന് ചോദിച്ചപ്പോള്‍, ഭാര്യ എന്നായിരുന്നു ഉസ്താദ് മറുപടി പറഞ്ഞത്. അവര്‍ തട്ടിക്കയറി. ഇത്രയും പ്രായമുളള നിങ്ങളുടെ ഭാര്യയാണോ ഈ കുട്ടിയെന്ന് പറഞ്ഞപ്പോള്‍ അയാള്‍ ആക്രോശത്തോടെ വണ്ടി എടുക്കുകയായിരുന്നു.

ഈ തിരക്കിനിടയില്‍ വണ്ടിയുടെ പിറകുവശം പൊട്ടിയതായും കണ്ടെത്തി. അവിടെയുളള യുവാക്കള്‍ വിതുര വരെ വണ്ടിയെ ട്രേസ് ചെയ്തു വന്നു. പെണ്‍കുട്ടിയുടെ കരച്ചില്‍ കണ്ടാണ് തൊഴിലുറപ്പ് തൊഴിലാളികള്‍ ഒന്നും ചെയ്യാതിരുന്നത്. അവരുടെ കയ്യില്‍ തെളിവുകളുണ്ട്. എവിടെ വന്ന് വേണമെങ്കിലും അവര്‍ ഇതൊക്കെ പറയാം എന്ന് അറിയിച്ചു. തുടര്‍ന്ന് കമ്മിറ്റി കൂടി ഏകകണ്ഠമായിട്ടാണ് ഷെഫീഖ് ഖാസിമിക്കെതിരെ നടപടി കൈക്കൊണ്ടത്.