ബോധമില്ലേ? നിങ്ങളാണോ രാജ്യത്ത് ബിജെപിയെ നേരിടാന്‍ പോകുന്നത്? മുല്ലപ്പള്ളിക്കെതിരെ രൂക്ഷവിമർശനവുമായി പിണറായി വിജയൻ

single-img
12 February 2019

കെപിസിസി പ്രസിഡൻ്റ്  മുല്ലപ്പള്ളി രാമചന്ദ്രനെതിരെ രൂക്ഷവിമർശനവുമായി മുഖ്യമന്ത്രി പിണറായി വിജയൻ. ബിജെപിയെ നേരിടുന്നതിന് സിപിഎമ്മുമായി സഹകരിക്കാമെന്നും പക്ഷേ ‘ ആയുധം’ താഴെ വയ്ക്കണമെന്നുമുള്ള  മുല്ലപ്പള്ളിയുടെ പ്രസ്താവനയ്ക്കെതിരെയാണ് മുഖ്യമന്ത്രി രംഗത്തെത്തിയത്.

അല്‍പ്പമെങ്കിലും ബോധമുണ്ടെങ്കില്‍ മുല്ലപ്പള്ളി അങ്ങനെ പറയുമോ? നിങ്ങളാണോ രാജ്യത്ത് ബിജെപിയെ നേരിടാന്‍ പോകുന്നതെന്നും മുഖ്യമന്ത്രി ചോദിച്ചു. അക്രമം അവസാനിപ്പിച്ചാല്‍ അടുത്ത നിമിഷം സിപിഎമ്മുമായി സഹകരിക്കാന്‍ കോണ്‍ഗ്രസ് തയ്യാറാണെന്നായിരുന്നു മുല്ലപ്പള്ളി രാമചന്ദ്രന്‍ കഴിഞ്ഞ ദിവസം മഞ്ചേരിയില്‍ വച്ച് പറഞ്ഞത്.

ദേശീയ തലത്തില്‍ ബിജെപിയെ എങ്ങനെ നേരിടണമെന്നതിന് സിപിഎമ്മിന് വ്യക്തതയില്ലെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു. റഫാല്‍ അഴിമതിയുള്‍പ്പടെയുള്ള കാര്യങ്ങളില്‍ ബിജെപിക്കെതിരെ ശബ്ദിക്കാന്‍ പോലും പിണറായിയും കോടിയേരിയും തയ്യാറായിട്ടില്ലെന്നും ലാവലിന്‍ കേസിലെ രഹസ്യങ്ങള്‍ പുറത്ത് വരുമോയെന്ന ഭയം  ഉള്ളതുകൊണ്ടാകാം അതെന്നും മുല്ലപ്പള്ളി പറഞ്ഞിരുന്നു.