നരേന്ദ്രമോദിയുടെ ട്വിറ്റര്‍ ഫോളോവേര്‍സില്‍ നാല് ലക്ഷം പേരെ കാണാനില്ല; ചതിച്ചത് വ്യാജ അക്കൗണ്ടുകൾക്കുള്ള നിയന്ത്രണം

single-img
12 February 2019

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ട്വിറ്റര്‍ അക്കൗണ്ട് ഫോളോവേര്‍സില്‍ നാല് ലക്ഷം കുറവുണ്ടായതായി റിപ്പോര്‍ട്ട്. വ്യാജ അക്കൗണ്ടുകള്‍ നിയന്ത്രിക്കാന്‍ ട്വിറ്റര്‍ നടപടി സ്വീകരിച്ചതോടെയാണ് മോദി ഫോളോവേര്‍സില്‍ വന്‍ കുറവുണ്ടായതെന്നാണ് റിപ്പോർട്ടുകൾ. ഡല്‍ഹിയിലെ ഇന്ദ്രപ്രസ്ഥ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്‍ഫര്‍മേഷന്‍ ടെക്‌നോളജിയാണ് ഇതുസംബന്ധിച്ച് പഠനം നടത്തിയത്. തീവ്രവലതുപക്ഷ- ബി.ജെ.പി അക്കൗണ്ടുകളെ ട്വിറ്റര്‍ നിയന്ത്രിക്കുന്നുവെന്ന പരാതി സംഘപരിവാര്‍ മാസങ്ങളായി ഉയര്‍ത്തുന്നുണ്ട്.

ബിജെപി അധ്യക്ഷന്‍ അമിത് ഷാ, കേന്ദ്രമന്ത്രി കിരണ്‍ റിജിജു, ബിജെപിയുടെ ദേശീയ ജനറല്‍ സെക്രട്ടറി ഭൂപേന്ദ്ര യാദവ്, കോണ്‍ഗ്രസ് അധ്യക്ഷന്‍ രാഹുല്‍ ഗാന്ധി തുടങ്ങിയവരുടെ ഫോളോവേര്‍സിലും കുറവുണ്ടായി. വ്യാജ അക്കൗണ്ട് വേട്ടയില്‍ അനുരാഗ് താക്കൂറിനും ഫോളോവര്‍മാരെ നഷ്ടപ്പെട്ടു.

കഴിഞ്ഞ ജൂലൈയില്‍ ലോകത്താകമാനം ട്വിറ്റര്‍ നടത്തിയ വ്യാജ അക്കൗണ്ട് വേട്ടയില്‍ മോദിക്ക് മൂന്ന് ലക്ഷത്തോളം ഫോളോവേഴ്‌സിനെ നഷ്ടമായിരുന്നു. പീന്നീട് ഇന്ത്യയിലും ഇതേനടപടി ട്വിറ്റര്‍ സ്വീകരിച്ചപ്പോള്‍ ഏതാണ്ട് ഒരുലക്ഷം ഫോളോവേര്‍സിനെ കൂടി നഷ്ടമായി.

വ്യാജ അക്കൗണ്ടുകളെയും വ്യാജ വാര്‍ത്തകളെയും നിയന്ത്രിക്കാന്‍ ട്വിറ്റര്‍, ഫെയ്‌സ്ബുക്ക്, വാട്‌സ്ആപ്പ് തുടങ്ങിയ സോഷ്യല്‍ മീഡിയ സംവിധാനങ്ങളെല്ലാം നടപടി സ്വീകരിച്ചു. ഇതിനായി പ്രത്യേക ഡാഷ് ബോര്‍ഡും ഫോക്കസ് റൂമുമാണ് ട്വിറ്റര്‍ തുടങ്ങിയത്. ഈ നീക്കങ്ങള്‍ വ്യാജ അക്കൗണ്ടുകള്‍ക്ക് പ്രതിസന്ധി സൃഷ്ടിച്ചതോടെയാണ് ട്വിറ്ററിനെതിരെ ബിജെപി രംഗത്തുവന്നത്.

തങ്ങള്‍ രാഷ്ട്രീയ ആശയത്തിന്റെ പേരില്‍ ഒരു അക്കൗണ്ടും ബ്ലോക്കു ചെയ്യുന്നില്ലെന്നും നിഷ്പക്ഷ നിലപാടാണ് സ്വീകരിക്കുന്നതെന്നുമാണ് ട്വിറ്റര്‍ പ്രതികരിച്ചത്. അക്കൗണ്ടുകള്‍ ബ്ലോക്കുചെയ്യുന്നതിനെതിരെ ചില സംഘടനകളുടെ നേതൃത്വത്തില്‍ ട്വിറ്റര്‍ ഇന്ത്യയുടെ ഓഫീസിലേക്ക് പ്രതിഷേധ മാര്‍ച്ച് നടന്നു. ട്വിറ്ററിനെതിരെ ഡല്‍ഹി ബിജെപി വക്താവ് തേജീന്ദര്‍പാല്‍ സിങ് ബഗ്ഗ പരാതി നല്‍കി.

തുടര്‍ന്നാണ് ഇന്ത്യന്‍ പൗരന്മാരുടെ അവകാശ സംരക്ഷണത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ പാര്‍ലമെന്ററി സമിതി ട്വിറ്ററിനോട് ഹാജരാകാന്‍ പറഞ്ഞത്. ട്വിറ്റര്‍ സി.ഇ.ഒ ജാക്ക് ഡോഴ്‌സി നേരിട്ട് ഹാജരാകാന്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടെങ്കിലും പ്രത്യാഘാതം നേരിടേണ്ടിവരുമെന്ന വെല്ലുവിളിയും ബിജെപി ഉയർത്തിയിരുന്നു.