റഫാൽ കരാർ ഒപ്പിടും മുമ്പ് അനിൽ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയവുമായി കൂടിക്കാഴ്ച നടത്തി; തെളിവുകൾ പുറത്ത്: മോദിസർക്കാർ പ്രതിരോധത്തിൽ

single-img
12 February 2019

റഫാല്‍ ഇടപാടില്‍ ദുരൂഹതയേറുന്നു. കരാര്‍ ഒപ്പിടുന്നതിന് മുമ്പ് അനില്‍ അംബാനി ഫ്രഞ്ച് പ്രതിരോധ മന്ത്രാലയ ഉദ്യോഗസ്ഥരുമായി പാരീസില്‍ ചര്‍ച്ച നടത്തിയതായി റിപ്പോര്‍ട്ടുകള്‍. ഫ്രഞ്ച് പ്രതിരോധ മന്ത്രി ജീന്‍ വെസ്‌ലെ ഡ്രിയാന്റെ ഓഫീസിലെ മുതിര്‍ന്ന ഉദ്യോഗസ്ഥരുമായും ഉപദേഷ്ടാക്കളുമായും പാരീസിലെ ഓഫീസില്‍ വെച്ചാണ് കൂടിക്കാഴ്ച നടത്തിയതെന്ന് ‘ദ ഇന്ത്യന്‍ എക്‌സ്പ്രസ്’ റിപ്പോര്‍ട്ട് ചെയ്തു.

2015 മാര്‍ച്ച് അവസാനം പ്രധാനമന്ത്രി നേരേന്ദ്ര മോദി റഫാല്‍ കരാര്‍ സംബന്ധിച്ച് പ്രഖ്യാപനം നടത്തുന്നതിനും രണ്ടാഴ്ച മുന്നെ ആയിരുന്നു കൂടിക്കാഴ്ച. വളരെ രഹസ്യ സ്വഭാവമുള്ളതും വളരെ പെട്ടെന്ന് തീരുമാനിക്കപ്പെട്ടതുമായിരുന്നു കൂടിക്കാഴ്ചയെന്ന് വ്യാവസായിക ഉപദേഷ്ടാവ് ക്രിസ്റ്റഫ് സലോമന്‍ വെളിപ്പെടുത്തിയിരുന്നതായും ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്യുന്നു.

യോഗത്തില്‍ അംബാനി എയര്‍ബസ് ഹെലികോപ്ടറുമായി ചേര്‍ന്ന് പ്രതിരോധ ഹെലികോപ്ടറും കൊമേഴ്‌സ്യല്‍ ഹെലികോപട്‌റും നിര്‍മിക്കുന്നതില്‍ താല്‍പര്യമുണ്ടെന്നും അറിയിച്ചിരുന്നു. മോദി ഫ്രാന്‍സ് സന്ദര്‍ശിക്കുമ്പോള്‍ ധാരണാപത്രം(എം.ഒ.യു) ഒപ്പുവക്കാനുള്ള സാധ്യത സംബന്ധിച്ച് അനില്‍ അംബാനി ഫ്രഞ്ച് ഉദ്യോഗസ്ഥരോട് പറഞ്ഞിരുന്നു. ധാരണാപത്രം തയാറായി വരുകയാണ് എന്നാണ് അംബാനി അറിയിച്ചത്.

തുടര്‍ന്ന് 2015 ഏപ്രില്‍ ഒന്‍പത് മുതല്‍ പതിനൊന്ന് വരെയുള്ള മോദിയുടെ ഔദ്യോഗിക ഫ്രാന്‍സ് സന്ദര്‍ശന വേളയിലാണ് മോദിയും മുന്‍ ഫ്രഞ്ച് പ്രസിഡന്റ് ഫ്രാന്‍സ്വ ഒലോന്ദും റഫാല്‍ കരാര്‍ സംബന്ധിച്ചുള്ള പ്രഖ്യാപനവും സംയുക്ത പ്രസ്താവനയും നടത്തിയത്.

ഈ സന്ദര്‍ശനത്തില്‍ അനില്‍ അംബാനിയും പ്രധാനമന്ത്രിയുടെ പ്രതിനിധി സംഘത്തില്‍ ഉണ്ടായിരുന്നു. ഈ ആഴ്ച തന്നെയാണ് അംബാനിയുടെ പ്രതിരോധ കമ്പനിയും റഫാല്‍ കരാറിലെ ഇന്ത്യന്‍ പങ്കാളിയുമായ റിലയന്‍സ് ഡിഫന്‍സ് സ്ഥാപിതമായെതെന്നുമാണ് മറ്റൊരു കൗതുകം.

ഇതുമായി ബന്ധപ്പെട്ട് ഫ്രഞ്ച് പ്രതിരോധ വകുപ്പ് മന്ത്രിയുടെ ഓഫീസിനും റിലയന്‍സ് ഡിഫന്‍സിനും അയച്ച ഇമെയിലുകള്‍ക്ക് മറുപടി ലഭിച്ചില്ലെന്നും ഇന്ത്യന്‍ എക്‌സ്പ്രസ് പറയുന്നു. 2015 ഏപ്രില്‍ 8ന് വിദേശകാര്യ സെക്രട്ടറി എസ് ജയശങ്കര്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പറഞ്ഞത് ഫ്രഞ്ച് കമ്പനിയും പ്രതിരോധ മന്ത്രാലയവും സര്‍ക്കാര്‍ സ്ഥാപനമായ ഹിന്ദുസ്ഥാന്‍ എയറനോട്ടിക്കല്‍ ലിമിറ്റഡുമാണ് കരാറില്‍ ഏര്‍പ്പെട്ടിരിക്കുന്നതെന്നാണ്.

പ്രധാനമന്ത്രിയുടെ ഫ്രാന്‍സ് സന്ദര്‍ശനത്തിന് റഫാല്‍ കരാറുമായി ഒരു ബന്ധവും ഇല്ലെന്നും ജയശങ്കര്‍ അന്ന് പറഞ്ഞിരുന്നു. പൊതുമേഖലാ സ്ഥാപനമായ എച്ച്.എ.എല്‍ 108 റഫാല്‍ വിമാനങ്ങള്‍ നിര്‍മിക്കുന്നതിനുള്ള ലൈസന്‍സ് നേടിയിരുന്നുവെങ്കിലും പുതിയ കരാറില്‍ കമ്പനിയെ ഉള്‍പ്പെടുത്തിയിരുന്നില്ല.