ആരോപണങ്ങള്‍ക്ക് പിന്നില്‍ ദുരുദ്ദേശമെന്ന് മഞ്ജുവാര്യര്‍

single-img
12 February 2019

നടി മഞ്ജു വാര്യര്‍ വീടു നല്‍കാമെന്ന് പറഞ്ഞ് പറ്റിച്ചെന്ന് ആരോപിച്ച് വയനാട് പരക്കുനി കോളനിയിലെ ആദിവാസികള്‍ സമരത്തിനൊരുങ്ങുന്ന സാഹചര്യത്തില്‍ ഒത്തുതീര്‍പ്പിനായി സര്‍ക്കാര്‍ ഇടപെടുന്നു. മഞ്ജുവുമായി ചര്‍ച്ച നടത്തിയ മന്ത്രി എ.കെ.ബാലന്‍ സമരക്കാരുമായി ഫോണില്‍ സംസാരിച്ചതായാണു വിവരം. ബുധനാഴ്ച്ച മുതല്‍ തൃശൂരിലെ മഞ്ജുവാര്യറുടെ വീടിന് മുന്നില്‍ കുടില്‍ കെട്ടി സമരം നടത്തുമെന്നാണ് ആദിവാസികള്‍ നേരത്തെ അറിയിച്ചിരുന്നത്. ഇതിന്റെ പശ്ചാത്തലത്തിലാണ് ഒത്തുതീര്‍പ്പിനായുള്ള സര്‍ക്കാര്‍ ഇടപെടല്‍.

അതേസമയം ദുരുദ്ദേശം വച്ച് പാവങ്ങളെ തെറ്റിദ്ധരിപ്പിക്കാന്‍ ശ്രമിച്ചവരാണ് ആരോപണത്തിന് പിന്നിലെന്ന് മഞ്ജുവാര്യര്‍ പറഞ്ഞു. രണ്ട് മൂന്ന് വര്‍ഷം മുമ്പ് അവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന ആഗ്രഹത്തെ തുടര്‍ന്ന് സാധ്യതകള്‍ മനസിലാക്കാന്‍ ഒരു സര്‍വെ നടത്തുകയാണ് ചെയ്തത്.

നമുക്ക് എന്ത് ചെയ്യാനാകുമെന്നറിയാനായിരുന്നു സര്‍വെ. എന്നാല്‍ അത് കഴിഞ്ഞപ്പോള്‍ ഒരാള്‍ക്ക് ഒറ്റക്ക് ചെയ്യാന്‍ കഴിയുന്നതല്ല ഇതെന്ന് മനസിലായി. വലിയ സ്ഥാപനങ്ങളുടെയും സര്‍ക്കാരിന്റെയുമൊക്കെ സഹായമുണ്ടെങ്കിലേ അത് നടപ്പാക്കാന്‍ കഴിയു. അത് ബന്ധപ്പെട്ട സര്‍ക്കാര്‍ സംവിധാനങ്ങളെ അറിയിക്കുകയും ചെയ്തു.

അതിന് ശേഷം ഇപ്പോള്‍ ആരോപണം ഉയര്‍ന്നുവന്നതിന് പിന്നില്‍ ആരുടെയെങ്കിലും ദുരുദ്ദേശമുണ്ടാകാമെന്നും അവര്‍ പറഞ്ഞു.
ആളുകളെ തെറ്റിദ്ധരിപ്പിച്ചതിന്റെ ഫലമാണ് ആരോപണം. ജനങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ തിങ്കളാഴ്ച കൂടി മന്ത്രി എ.കെ ബാലനുമായി സംസാരിച്ചതാണ്. ഇത് ഒറ്റക്ക് ഒരാള്‍ക്ക് ചെയ്യാന്‍ കഴിയുന്ന പദ്ധതിയല്ലെന്ന് അദ്ദേഹവും പറഞ്ഞുവെന്നും മഞ്ജുവാര്യര്‍ വ്യക്തമാക്കി.

കടപ്പാട്: മാധ്യമം