‘മൂന്നാറില്‍ എം.എല്‍.എയെ കൊണ്ട് മാപ്പ് പറയിച്ച ഗവണ്‍മെന്റിനോട് എനിക്ക് ബഹുമാനം ഉണ്ട്; സെന്‍കുമാറിന്റേത് വൃത്തികെട്ട കമന്റ്; മോഹന്‍ലാലിന് രാഷ്ട്രീയത്തില്‍ താല്‍പ്പര്യമില്ല’: തുറന്നുപറഞ്ഞ് മേജര്‍ രവി

single-img
12 February 2019

ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ നടന്‍ മോഹന്‍ലാല്‍ മത്സരിക്കില്ലെന്ന് അടുത്ത സുഹൃത്തും സംവിധായകനുമായ മേജര്‍ രവി. മോഹന്‍ലാല്‍ ബിജെപി സ്ഥാനാര്‍ത്ഥിയാകുമെന്ന് പ്രചരണമുണ്ടായിരുന്നു. ഇത് ശുദ്ധ അസംബന്ധമാണെന്നും അദ്ദേഹത്തിന് രാഷ്ട്രീയത്തില്‍ താല്‍പര്യമില്ലെന്നും മേജര്‍ രവി പറഞ്ഞു.

എന്നാല്‍ മോഹന്‍ലാലിനെ പ്രതിരോധമന്ത്രിയാക്കിയാല്‍ എന്തെങ്കിലും ചെയ്യാന്‍ കഴിയുമെന്നും മേജര്‍ രവി ഫേസ്ബുക്ക് ലൈവിലൂടെ പ്രതികരിച്ചു. മുന്‍ ഡിജിപിയും ഇപ്പോള്‍ ബിജെപി പാളയത്തിലെത്തിയിട്ടുള്ളതുമായ ടിപി സെന്‍കുമാറിനെയും മേജര്‍ രവി വിമര്‍ശിച്ചു.

നമ്പി നാരായണനെ അവഹേളിച്ച സെന്‍കുമാറിന്റേത് വൃത്തികെട്ട കമന്റാണ്. പതിനഞ്ച് വര്‍ഷം കരിയറില്‍ നിന്ന് പോയ, കോടതി വെറുതെ വിട്ട, പത്മശ്രീ നല്‍കി ആദരിച്ച, 50 ലക്ഷം നഷ്ടപരിഹാരം നല്‍കിയ നമ്പി നാരായണനെയാണ് സെന്‍കുമാര്‍ അപമാനിച്ചതെന്ന് രവി പറഞ്ഞു.

‘മൂന്നാറില്‍ എം.എല്‍.എയെ കൊണ്ട് മാപ്പ് പറയിച്ച പാര്‍ട്ടി നടപടിയെ ഞാന്‍ സപ്പോര്‍ട്ട് ചെയ്യുകയാണ്. വ്യക്തി ചെയ്യുന്ന തെറ്റുകള്‍ക്ക് ഒരിക്കലും പാര്‍ട്ടിയല്ല ഉത്തരവാദി. അത്തരത്തില്‍ തെറ്റ് ചെയ്യുന്നവരെ പിടിച്ച് പുറത്താക്കുന്ന പാര്‍ട്ടികളെയാണ് നമുക്ക് വേണ്ടത്. അത്തരത്തില്‍ ഇന്ന് എം.എല്‍.എയെ കൊണ്ട് മാപ്പ് പറയിച്ച ഗവണ്‍മെന്റിനോട് എനിക്ക് ബഹുമാനം ഉണ്ട്’- മേജര്‍ രവി പറഞ്ഞു

തെരഞ്ഞെടുപ്പ് അടുത്തിരിക്കുന്ന സമയത്ത് ബുദ്ധിപൂര്‍വ്വം വോട്ട് ചെയ്യണമെന്നും മേജര്‍ രവി പറഞ്ഞു. ലോക്കല്‍ കമ്മിറ്റി മെമ്പര്‍മാരെ പോലെ പ്രതികരിക്കുന്ന മന്ത്രിമാരെ നമുക്ക് വേണ്ട. ബുദ്ധി ഉപയോഗിക്കേണ്ട സമയമാണിത്. ആളെ കണ്ടും തരം നോക്കിയും വോട്ട് ചെയ്യണം. തെരഞ്ഞെടുക്കേണ്ടത് നമുക്ക് ഉതകുന്നവരെയാണെന്നും മേജര്‍ രവി പറഞ്ഞു.

പ്രളയ ദുരിതത്തില്‍ പെട്ടവരെ വീണ്ടും സന്ദര്‍ശിച്ചുവെന്നും അവര്‍ക്ക് പണം സര്‍ക്കാര്‍ നല്‍കുന്നതായി അറിഞ്ഞുവെന്നും മേജര്‍ രവി പറഞ്ഞു.

Posted by Major Ravi on Monday, February 11, 2019