ബിജെപി കേന്ദ്ര നേതൃത്വം നടത്തിയ ‘സ്ഥാനാര്‍ഥി സാധ്യതാ സർവേ റിപ്പോർട്ട്’ സംസ്ഥാന ആർഎസ്എസ് തള്ളി; തള്ളിയത് കെ സുരേന്ദ്രനെ തിരുവനന്തപുരത്ത് സ്ഥാനാർഥിയാക്കണമെന്ന സർവ്വേ

single-img
12 February 2019

കേരളത്തിൽ ബിജെപി സ്ഥാനാർത്ഥികളുടെ വിജയ സാധ്യതയും അവർക്കു മണ്ഡലത്തിലുള്ള സ്വാധീനവും അറിയാനായി കേന്ദ്രനേതൃത്വം നടത്തിയ സർവ്വേ ഫലം കേരളത്തിലെ ആർഎസ്എസ് നേതൃത്വം തള്ളി.

ബെംഗളൂരുവിലെയും മുംബൈയിലെയും ഐടി ഏജൻസികൾ നടത്തിയ സർവേയാണ് കേരളത്തിലെ ആർഎസ്എസ് നേതൃത്വം തള്ളിക്കളഞ്ഞത്. കെ സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന് രൂപത്തിലായിരുന്നു സർവേഫലങ്ങൾ പുറത്തുവന്നത്. എന്നാൽ സർവേഫലം കേരളത്തിലെ നിലവിലെ രാഷ്ട്രീയ പ്രവണത പ്രവണതയ്ക്ക് എതിരാണെന്നും, തള്ളിക്കളയണമെന്നുമാണ് ആർഎസ്എസ് നിലപാട്. ആധികാരിക ഇല്ലാത്ത സർവേഫലം ബിജെപിക്കുള്ളിൽ വിഭാഗീയത ശക്തമാക്കാനെ വഴിവയ്ക്കുമെന്നും കേരളത്തിലെ നേതാക്കൾ ആർഎസ്എസ് ദേശീയ സംഘടന ജനറൽ സെക്രട്ടറി രാംലാലിനെ അറിയിച്ചു.

ശബരിമല വിഷയത്തിൽ ദിവസങ്ങളോളം ജയിലിൽ കിടന്ന കെ.സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന ആവശ്യം ബിജെപി അണികൾക്കിടയിൽ ശക്തമായിരുന്നു. എന്നാൽ മുരളീധര വിഭാഗത്തിലെ നേതാക്കളെ സ്ഥാനാർഥിയാക്കുന്നതിനെതിരെ ആർഎസ്എസ് പിന്തുണയോടെ കൃഷ്ണദാസ് പക്ഷവും സംസ്ഥാന പ്രസിഡൻറ് ശ്രീധരൻപിള്ളയും നിലപാട് സ്വീകരിച്ചിരുന്നു. ഇതോടെ k സുരേന്ദ്രൻ സ്ഥാനാർത്ഥിത്വം അനിശ്ചിതത്വത്തില്‍ ആകുകയായിരുന്നു.

തൃശ്ശൂർ, തിരുവനന്തപുരം, പത്തനംതിട്ട മണ്ഡലങ്ങളിലാണ് കെ സുരേന്ദ്രനെ സ്ഥാനാർത്ഥിയായി ആദ്യം പരിഗണിച്ചിരുന്നത്. എന്നാൽ തൃശ്ശൂരിൽ എ എൻ രാധാകൃഷ്ണനും, പത്തനംതിട്ടയിൽ എംടി രമേശും സ്ഥാനാർത്ഥിയാകുമെന്ന് ഏറെക്കുറെ ഉറപ്പായിക്കഴിഞ്ഞു. തിരുവനന്തപുരം മണ്ഡലത്തിൽ മോഹൻലാലിനെയാണ് ബിജെപി സ്ഥാനാർത്ഥിയായി പരിഗണിച്ചിരുന്നതെങ്കിലും അദ്ദേഹം പിന്മാറിയതോടെ കുമ്മനം രാജശേഖരനായി ശ്രമം തുടങ്ങിയിട്ടുണ്ട്. കുമ്മനം മത്സരിക്കാൻ തയ്യാറായില്ലെങ്കിൽ ബിജെപി സംസ്ഥാന അധ്യക്ഷൻ ശ്രീധരൻപിള്ള തന്നെ മത്സരിക്കുമെന്നാണ് നിലവിലെ സൂചനകൾ. ഈ സാഹചര്യത്തിലാണ് സുരേന്ദ്രനെ സ്ഥാനാർഥിയാക്കണമെന്ന തരത്തിൽ പുറത്തുവന്ന സർവേ റിപ്പോർട്ട് തള്ളണം എന്ന് ആർ എസ് എസ് നിലപാടെടുത്തത്.

കൂടാതെ സർവേക്ക് ചുക്കാൻ പിടിച്ച ബിജെപി കേരള ഘടകത്തിന് ചുമതലയുള്ള ആർഎസ്എസ് ദേശീയ സംഘടന സെക്രട്ടറി ബി.എൽ സന്തോഷ് ഗ്രൂപ്പ് വക്താവിനെ പോലെയാണ് പെരുമാറുന്നതെന്നും കേരള ഘടകം പരാതി ഉന്നയിച്ചിട്ടുണ്ട്.