സംസ്ഥാനത്ത് വീണ്ടും ഐഎഎസ്-ഐപിഎസ് കൊമ്പുകോർക്കൽ

single-img
12 February 2019

കമ്മീഷണറേറ്റ് രൂപവത്കരണവുമായി ബന്ധപ്പെട്ട് ഐഎഎസ്-ഐപിഎസ് തർക്കം വീണ്ടും രൂക്ഷമാകുന്നു. തിരുവനന്തപുരത്തും കൊച്ചിയിലും കമ്മീഷണറേറ്റ് നടപ്പാക്കണമെന്ന് ഡിജിപിയുടെ ശുപാർശ നടപ്പാക്കുന്നതിൽ പ്രായോഗിക ബുദ്ധിമുട്ടുണ്ടെന്ന് നിയമസെക്രട്ടറിയുടെ റിപ്പോർട്ട് ആണ് ഇപ്പോൾ പ്രശ്നങ്ങൾ രൂക്ഷമാക്കിയത്.

കൊച്ചി തിരുവനന്തപുരം നഗരങ്ങളിൽ ഐജി റാങ്കിലുള്ള ഉദ്യോഗസ്ഥന് കീഴിൽ കമ്മീഷണറേറ്റ് രൂപവത്കരിക്കണം എന്നായിരുന്നു ഡിജിപി ആഭ്യന്തര വകുപ്പിന് നൽകിയ ശുപാർശ. എന്നാല്‍ ജനസംഖ്യാനുപാതികമായി കമ്മീഷണറേറ്റ് രൂപവൽക്കരണം കേരളത്തിൽ പ്രായോഗികമല്ലെന്നാണ് നിയമസെക്രട്ടറിയുടെ വാദം. മെട്രോപൊളിറ്റൻ നഗരം ആയി വിജ്ഞാപനം ചെയ്യണമെങ്കിൽ ക്രിമിനൽ നടപടി ചട്ടപ്രകാരം ജനസംഖ്യ 10 ലക്ഷം കവിയുമെന്നാണ് വ്യവസ്ഥയെന്ന് നിയമസെക്രട്ടറി മറുപടി കുറിപ്പിൽ വ്യക്തമാക്കുന്നു. 2011ലെ സെൻസസ് പ്രകാരം തിരുവനന്തപുരം കൊച്ചി നഗരങ്ങളിൽ ജനസംഖ്യ 1000000 ഇല്ലാത്തതിനാൽ കമ്മീഷണറേറ്റ് പ്രായോഗികമല്ലെന്നും നിയമസെക്രട്ടറി ചൂണ്ടിക്കാട്ടുന്നു.

ഇതോടെ ലോകസഭാ തിരഞ്ഞെടുപ്പിന് മുമ്പ് കമ്മീഷണറേറ്റ് കൊണ്ടുവരാനുള്ള നീക്കത്തിന് തിരിച്ചടിയാവുകയാണ് നിയമസെക്രട്ടറിയുടെ വിയോജന കുറിപ്പ്. എന്നാല്‍ നിയമ സെക്രട്ടറിയുടെ വിയോജന കുറുപ്പ് ബോധപൂർവമാണെന്ന ആക്ഷേപമാണ് ഐപിഎസ് പക്ഷത്തിനുള്ളത്. നിയമ സെക്രട്ടറിയുടെ വാദങ്ങളെയും ഖണ്ഡിക്കുകയാണ് ഐപിഎസ് ഉദ്യോഗസ്ഥർ. ഓരോ പോലീസ് സ്റ്റേഷൻ പരിധിയിലും ഉള്ള ജനസംഖ്യ കൃത്യമായി കണക്കാക്കി ഈ നഗരങ്ങളിൽ ജനസംഖ്യ 1000000 കവിഞ്ഞെന്ന ആഭ്യന്തരവകുപ്പിന്റെ റിപ്പോർട്ട് അടിസ്ഥാനത്തിലാണ് മുൻ സർക്കാർ ഉത്തരവിറക്കിയത് എന്ന് അവർ ചൂണ്ടിക്കാണിക്കുന്നു. കമ്മീഷണറേറ്റ് നിലവിൽ വന്നാൽ കളക്ടർമാരുടെ കൈവശമുള്ള മജിസ്‌റ്റേറിയൽ അധികാരം ഐ ജി റാങ്കിലുള്ള ഐപിഎസ് ഉദ്യോഗസ്ഥൻ മാറേണ്ടിവരും. അതിനാലാണ് ഐഎഎസ് ഉദ്യോഗസ്ഥൻ ഇതിനെതിരെ നിലപാട് സ്വീകരിക്കുന്നത് എന്നാണ് ഐപിഎസ് ഉദ്യോഗസ്ഥരുടെ ആരോപണം.