ഡല്‍ഹിയിലെ ഹോട്ടലില്‍ വന്‍ തീപ്പിടിത്തം: ഒമ്പത് മരണം; മൂന്ന് മലയാളികളെ കാണാതായി

single-img
12 February 2019

ഡല്‍ഹിയിലെ കരോള്‍ബാഗിലുണ്ടായ തീപിടിത്തത്തില്‍ ഒമ്പത് പേര്‍ മരിച്ചു. ഏഴ് പുരുഷന്‍മാരും ഒരു സ്ത്രീയും ഒരു കുട്ടിയുമാണ് മരിച്ചത്. അഞ്ചു പേരെ രക്ഷപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലില്‍ താമസച്ചിരുന്ന മൂന്ന് മലയാളികളെക്കുറിച്ച് വിവരമില്ല. ആലുവ ചേരാനെല്ലൂര്‍ സ്വദേശികളായ പത്തംഗ മലയാളി കുടുംബം ഈ ഹോട്ടലില്‍ താമസിക്കുന്നുണ്ടായിരുന്നു. ഈ സംഘത്തിലുള്ളവരെയാണ് കാണാതായത്.

അര്‍പിത് പാലസ് ഹോട്ടലിലാണ് തീ പിടിച്ചത്. ഇന്ന് പുലര്‍ച്ചെ 4.30ഓടെയായിരുന്നു സംഭവം. തീ പിടിത്തം നടക്കുമ്പോള്‍ അറുപത് പേര്‍ ഹോട്ടലിനുള്ളില്‍ ഉണ്ടായിരുന്നതായാണ് വിവരം. നാലാം നിലയിലാണ് ആദ്യം തീ പിടിച്ചത്. ഇത് പിന്നീട് രണ്ടാം നിലയിലേക്ക് പടരുകയായിരുന്നു. എന്നാല്‍ ഗ്രൗണ്ട് ഫ്‌ലോറിനെയും ഏറ്റവും താഴെയുള്ള ഭാഗത്തെയും തീപിടിത്തം ബാധിച്ചിട്ടില്ല. ഷോര്‍ട്ട് സര്‍ക്യുട്ടാണ് തീ പിടിത്തത്തിനു കാരണമായതെന്നാണ് പ്രാഥമിക നിഗമനം.

തീ പൂര്‍ണ്ണമായും അണച്ചതായി അഗ്‌നിശമനസേനാ അധികൃതര്‍ അറിയിച്ചു. 40 മുറികളാണ് അഞ്ചു നില ഹോട്ടലിലുള്ളത്.
ഹോട്ടലിന്റെ ഇടനാഴികള്‍ തടി പാകിയതിനാല്‍ തീ പെട്ടന്ന് പടര്‍ന്നു. ഇതോടെ ആളുകള്‍ക്ക് മുറികളില്‍ നിന്ന് ഇടനാഴി വഴി രക്ഷപ്പെടാന്‍ സാധിക്കാതെ വന്നു. പരിക്കേറ്റവരെ റാം മനോഹര്‍ ലോഹ്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.