റഫേൽ ഇടപാട്: വില സംബന്ധിച്ച് യാതൊരു സൂചനകളും ഇല്ലാത്ത സിഎജി റിപ്പോർട്ട് ഇന്ന് പാർലമെൻറിൽ വെച്ചേക്കും

single-img
12 February 2019

റഫേൽ യുദ്ധവിമാനങ്ങൾ വാങ്ങുന്നത് സംബന്ധിച്ച് കരാർ ഉൾപ്പെടെ ഇന്ത്യൻ വ്യോമസേനക്ക് വേണ്ടി അടുത്ത കാലത്തായി ഒപ്പിട്ട 11 കരാറുകാരുടെ സൂക്ഷ നിരീക്ഷണം നടത്തിയ സിഎജി റിപ്പോർട്ട് ഇന്ന് പാർലമെൻറിൽ വെച്ചേക്കും എന്ന് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. എന്നാൽ ഈ റിപ്പോർട്ടിൽ റഫേൽ യുദ്ധ വിമാനങ്ങളുടെ വില സംബന്ധിച്ച പരാമർശങ്ങൾ ഒന്നും ഉണ്ടാകില്ല എന്നാണു ലഭിക്കുന്ന റിപ്പോർട്ട്. അതെ സമയം മറ്റു കരാറുകളുടെ പൂർണ്ണ വിവരം ഇതിൽ ഉണ്ടാകുമെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

സർക്കാരിനെ സംബന്ധിച്ചോളം വലിയ ആശ്വാസമാകും റിപ്പോർട്ട് നൽകുന്നത്. യുപിഎ സർക്കാർ വാങ്ങാൻ നിശ്ചയിച്ചിരുന്ന വിലയിൽ നിന്നും കൂടുതൽ വില നൽികിയാണ് നരേന്ദ്ര മോദി സർക്കാർ യുദ്ധവിമാനങ്ങൾ വാങ്ങിയത് എന്നാണ് പ്രതിപക്ഷത്തിന് പ്രധാന ആരോപണം. ഇത് അനിൽ അംബാനിയെ സഹായിക്കാൻ ആണ് എന്നും പ്രതിപക്ഷം ആരോപിക്കുന്നു. എന്നാൽ രണ്ടു വിലകളും തമ്മിലുള്ള താരതമ്യം സിഎജി റിപ്പോർട്ടിൽ ഇല്ലാത്തതിനാൽ ഇലക്ഷൻ കഴിയുന്നതുവരെയെങ്കിലും തൽക്കാലം പ്രതിപക്ഷത്തിന്റെ ആരോപണങ്ങളെ ചെറുക്കുവാൻ സർക്കാറിന് ഈ റിപ്പോർട്ട് വഴി സാധിക്കും.

കൂടാതെ ഇന്ന് പാർലമെൻറിൽ വെക്കുന്ന റിപ്പോർട്ടിൽ അനിൽ അംബാനിയുടെ കമ്പനിയുമായി ഉണ്ടാക്കിയ കരാറിനെ സംബന്ധിച്ച വിവരങ്ങൾ ഉണ്ടാകില്ല എന്നും സൂചന ഉണ്ട്. ഇത് മറ്റൊരു റിപ്പോർട്ടായി സമർപ്പിക്കും. ഇതും സർക്കാരിന് ഏറെ ആശ്വാസം നൽകുന്ന നടപടിയാണ്. അതെ സമയം കൺട്രോളർ ആൻഡ് ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ടിന്റെ വിശ്വാസ്യത ചോദ്യംചെയ്ത് കോൺഗ്രസ് രംഗത്തെത്തി. സി.എ.ജി. രാജീവ് മെഹർഷി ധനകാര്യ സെക്രട്ടറിയെന്ന നിലയിൽ ഇടപാടുമായി ബന്ധപ്പെട്ട ചർച്ചകളിൽ പങ്കാളിയായിരുന്നെന്നും അക്കാലത്താണ് കരാർ ഉറപ്പിച്ചതെന്നും മുതിർന്ന കോൺഗ്രസ് നേതാവ് കപിൽ സിബൽ ആരോപിച്ചു. ഈ സാഹചര്യത്തിൽ അദ്ദേഹത്തിന്റെ നേതൃത്വത്തിൽ തയ്യാറാക്കിയ റിപ്പോർട്ടിന് വിശ്വാസ്യതയില്ലെന്ന് സിബൽ പറഞ്ഞു.