റഫാൽ കത്തുന്ന വേളയിൽ ചാനൽ ചർച്ചകൾ ബഹിഷ്കരിച്ചാൽ നഷ്ടം ബിജെപിക്കു മാത്രം; ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന തീരുമാനം ബിജെപി ഉപേക്ഷിച്ചത് ഗതികെട്ട്

single-img
12 February 2019

ടെലിവിഷന്‍ ചാനല്‍ ചര്‍ച്ചകളില്‍ സഹകരിക്കില്ലെന്ന തീരുമാനം ബിജെപി പിന്‍വലിച്ചതിനു കാരണം ജനങ്ങൾക്കു മുന്നിൽ ഉത്തരമില്ലാത്ത അവസ്ഥയെ തുടർന്നെന്നു സൂചനകൾ. റഫാൽ ഉൾപ്പെടെയുള്ള അഴിമതി വിഷയങ്ങൾ മാധ്യമങ്ങളിൽ കത്തി നിൽക്കുമ്പോൾ ബിജെപി നേതാക്കൾ മൗനം പാലിക്കുന്നത് രാഷ്ട്രീയമായി ദോഷം ചെയ്യുമെന്ന തിരിച്ചറിവാണ് വിലക്ക് പിൻവലിക്കാനുള്ള കാരണം. ഇനിയും ചാനൽ ചർച്ചകളിലൂടെ ആരോപണങ്ങളെ പ്രതിരോധിച്ചില്ലെങ്കിൽ ബിജെപിക്ക് രാഷ്ട്രീയപരമായി വൻ കോട്ടമുണ്ടാകുമെന്നും നേതൃത്വം ഭയപ്പെടുന്നു.

തെരഞ്ഞെടുപ്പു പടിവാതില്‍ക്കലെത്തി നില്‍ക്കെ ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുന്ന നടപടിക്കെതിരെ പാര്‍ട്ടിക്കുള്ളില്‍ വിമര്‍ശനം ശക്തമായിരുന്നു. പൊതുവേദിയില്‍ സജീവമായി നില്‍ക്കുന്നതിനുള്ള വേദികളില്‍ ഒന്നായാണ് ചാനല്‍ ചര്‍ച്ചകളെ കാണേണ്ടതെന്നും ഇത്തരം അവസരങ്ങള്‍ ഇല്ലാതാക്കുന്നത് തെരഞ്ഞെടുപ്പില്‍ ഗുണം ചെയ്യില്ലെന്നുമാണ് ഒരു വിഭാഗം നേതാക്കള്‍ ചൂണ്ടിക്കാട്ടിയത്.

ശബരിമല പോലെ പൊതുസമൂഹം ചര്‍ച്ച ചെയ്യുന്ന ഒരു വിഷയത്തില്‍ പാര്‍ട്ടിയുടെ ഭാഗം പറയാന്‍ ആളില്ലാതെ പോവുന്നത് ദോഷം ചെയ്യുമെന്നും വിമര്‍ശനങ്ങള്‍ ഉയര്‍ന്നു. ഈ പശ്ചാത്തലത്തിലാണ് ചാനല്‍ ചര്‍ച്ച ബഹിഷ്‌കരണം പിന്‍വലിക്കാന്‍ പാര്‍ട്ടി തീരുമാനിച്ചത് എന്നാണ് സൂചന.

ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് ഏര്‍പ്പെടുത്തിയിരുന്ന വിലക്ക് പിന്‍വലിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ പിഎസ് ശ്രീധരന്‍ പിള്ളയാണ് അറിയിച്ചത്. മാധ്യമങ്ങള്‍ മുന്നോട്ടുവയ്ക്കുന്ന വിമര്‍ശനം ഉള്‍ക്കൊള്ളുമെന്നും ശ്രീധരന്‍ പിള്ള പറഞ്ഞിരുന്നു.

ശബരിമല സമരത്തിനിടെ സംസ്ഥാനത്ത് വ്യാപകമായി മാധ്യമപ്രവര്‍ത്തകര്‍ക്കു നേരെ ആക്രമണം നടന്നിരുന്നു. ഈ പശ്ചാത്തലത്തില്‍ ബിജെപി നേതാക്കളുടെ വാര്‍ത്താ സമ്മേളനം ബഹിഷ്‌കരിക്കുമെന്ന് കേരള പത്ര പ്രവര്‍ത്തക യൂണിയന്‍ പ്രഖ്യാപിച്ചു. ഇതിനു പിന്നാലെയാണ് ബിജെപി ചാനല്‍ ചര്‍ച്ചകള്‍ ബഹിഷ്‌കരിക്കുമെന്ന് അറിയിച്ചത്.