അഖിലേഷ് യാദവിനെ വിമാനത്താവളത്തില്‍ തടഞ്ഞ് യു.പി പോലീസ്; രാഷ്ട്രീയ വിവാദം

single-img
12 February 2019

സമാജ് വാദി പാര്‍ട്ടി നേതാവ് അഖിലേഷ് യാദവിനെ ലക്‌നൗ വിമാനത്താവളത്തില്‍ തടഞ്ഞത് ഉത്തര്‍പ്രദേശില്‍ പുതിയ രാഷ്ട്രീയ വിവാദത്തിന് തിരികൊളുത്തി. അലഹബാദ് സര്‍വകലാശാലയിലെ പരിപാടിക്ക് പോകാനെത്തിയ തന്നെ വിമാനത്താവളത്തില്‍ തടഞ്ഞെന്ന് അഖിലേഷ് ആരോപിച്ചു.

ഉത്തരവുകളൊന്നും ഇല്ലാതെയാണ് പൊലീസ് വിമാനത്താവളത്തിന് മുന്നില്‍ തന്നെ തടഞ്ഞത്. അത് മറികടന്ന് അകത്തെത്തിയെങ്കിലും പൊലീസ് ഉദ്യോഗസ്ഥര്‍ ബലം പ്രയോഗിക്കുകയായിരുന്നു. യാത്രാവിവരങ്ങളും പരിപാടി ഉള്‍പ്പെടെയുള്ള കാര്യങ്ങളും ഷെഡ്യൂളും അധികൃതര്‍ക്ക് നേരത്തെ കൈമാറിയിരുന്നുവെന്നും എന്നാല്‍ മറുപടി ലഭിച്ചില്ലെന്നും അഖിലേഷ് യാദവ് പ്രതികരിച്ചു.

രാജ്യത്തെ യുവജനങ്ങള്‍ അനീതിക്കെതിരാണ്. ഇത് ബി.ജെ.പി സര്‍ക്കാറിനെ ഭയപ്പെടുത്തുന്നുണ്ട്. അതാണ് ഇത്തരം സംഭവങ്ങളുണ്ടാകുന്നതെന്നും അഖിലേഷ് ട്വിറ്ററില്‍ കുറിച്ചു. അലഹബാദ് സര്‍വകലാശാല യൂണിയന്‍ തെരഞ്ഞെടുപ്പില്‍ സമാജ്‌വാദി പാര്‍ട്ടിയുടെ വിദ്യാര്‍ഥി സംഘടനയായ സമാജ്‌വാദി പാര്‍ട്ടി ചത്ര സഭയാണ് പ്രസിഡന്റ് സ്ഥാനത്തക്ക് തെരഞ്ഞെടുക്കപ്പെട്ടത്. രാവിലെ 6.30 മുതല്‍ ഉദ്യോഗസ്ഥര്‍ തന്റെ വീടിന് മുന്നില്‍ നിരീക്ഷണത്തിനായി ഉണ്ടായിരുന്നുവെന്നും അഖിലേഷ് പറഞ്ഞു.

അതേസമയം, സംഭവം നിയമസഭയെ പ്രക്ഷുബ്ധമാക്കി. യോഗി സര്‍ക്കാരിന്റെ അസഹിഷ്ണുത അനുവദിക്കില്ലെന്ന് പറഞ്ഞ എസ്പി അംഗങ്ങള്‍ നടുത്തളത്തിലിറങ്ങി ബഹളം വച്ചു. അലഹബാദ് സര്‍വകലാശാലയുടെ അഭ്യര്‍ഥന മാനിച്ചാണ് അഖിലേഷിനെ തടഞ്ഞതെന്ന് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് അറിയിച്ചു. അഖിലേഷിന്റെ സന്ദര്‍ശനം സര്‍വകലാശാലയില്‍ ക്രമസമാധാന പ്രശ്‌നമുണ്ടാക്കുമെന്നാണ് സര്‍ക്കാര്‍ വിശദീകരണം.