മോദിയുടെ ‘ബൊഫോഴ്​സ്’ ആകുമോ റഫേൽ?

single-img
11 February 2019

റഫേൽ അഴിമതിയുമായി ബന്ധപ്പെട്ട് ഓരോ ദിവസവും കൂടുതൽ കൂടുതൽ രേഖകൾ പുറത്തു വരുന്നതോടെ പ്രധാനമന്ത്രി നരേന്ദ്ര മോദി കൂടുതൽ പ്രതിരോധത്തിലേക്ക് നീങ്ങുകയാണ്. റഫേൽ കരാറിൽ അഴിമതി വിരുദ്ധ ചട്ടങ്ങൾ കേന്ദ്രസർക്കാർ ഒഴിവാക്കി എന്ന വെളിപ്പെടുത്തലാണ് ഇതിൽ ഏറ്റവും പുതിയത്.

ഇന്ന് ‘ദി ഹിന്ദു’ ദിനപത്രം പുറത്തുവിട്ട രേഖകൾ പ്രകാരം റഫേൽ യുദ്ധ വിമാനങ്ങൾ നിർമ്മിക്കുന്ന ഡാസോ ഏവിയേഷൻ എന്ന കമ്പനിയിൽ നിന്നും, മിസൈൽ നിർമ്മാതാവ് എംബിഡിഎ ഫ്രാൻസ് എന്ന കമ്പിനിയിൽ നിന്നും കരാർ ലംഘനം ഉണ്ടായാൽ പിഴ ഈടാക്കാനുള്ള അധികാരം ഇന്ത്യ ഗവണ്മെൻറ് ഒഴുവാക്കി നല്‍കി. പ്രധാനമന്ത്രിയുടെ ഓഫിസ് നേരിട്ടാണ് ഈ ഇളവുകൾ ഈ കമ്പനികൾക്ക് നൽകിയത്.

റഫേൽ ഇടപാടിൽ പ്രധാനമന്ത്രിയുടെ ഓഫിസിന്റെ സമാന്തര ഇടപെടലിനെതിരെ പ്രതിരോധ സെക്രട്ടറി വിയോജനക്കുറിപ്പ് എഴുതിയത് പുറത്തുവിട്ട ‘ദി ഹിന്ദു’ ദിനപത്രം തന്നെയാണ് ഈ സുപ്രധാന വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്.

1987 ല്‍ 1,437 കോടി രൂപയുടെ ബോഫോഴ്സ് പീരങ്കി ഇടപാട് പുറത്തുകൊണ്ടുവന്നതും ‘ദി ഹിന്ദു’ ദിനപത്രം തന്നെയാണ്. അന്ന് ദി ഹിന്ദു ദിനപത്രം പുറത്തുവിട്ട വാർത്തകൾ ഉപയോഗിച്ചാണ് പ്രതിപക്ഷം രാജീവ് ഗാന്ധിക്കെതിരെ ആഞ്ഞടിച്ചത്. അന്ന് 64 കോടി രൂപയുടെ കോഴ വിതരണം ചെയ്തെന്ന വെളിപ്പെടുത്തലിന്റെ ആദ്യ വെടി പൊട്ടിച്ചതു സ്വീഡിഷ് മാധ്യമങ്ങളാണ് എങ്കിലും, ‘ദ് ഹിന്ദു’ നടത്തിയ തുടരന്വേഷണങ്ങളാണ് രാജീവ് ഗാന്ധിയുടെയും കോൺഗ്രസിന്റെയും തോൽവിക്കു വഴി വെച്ചത്.

റഫേൽ ഇടപാടും സമാന സാഹചര്യത്തിലൂടെയാണ് കടന്നു പോകുന്നത്. രണ്ടു ഇടപാടുകളിലും പ്രധാനമന്ത്രിമാർ ആയിരുന്നു പ്രതി സ്ഥാനത്തു നിന്നത്. ചത്ത കുതിരയെ തല്ലരുതെന്നാണു പ്രതിരോധ മന്ത്രി നിർമല സീതാരാമന്റെ അഭ്യർഥനയെങ്കിലും ദിവസം കഴിയുംതോറും കുതിര കുതിച്ചു ചാടുകയാണ്.