യുഎഇയില്‍ മലയാളി യുവതിക്ക് രണ്ടു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്

single-img
11 February 2019

ദുബായില്‍ വാഹനാപകടത്തില്‍ പരുക്കേറ്റ മലയാളി യുവതിക്ക് രണ്ടു കോടി നഷ്ടപരിഹാരം നല്‍കാന്‍ കോടതി ഉത്തരവ്. 2015 ല്‍ ദുബായ് മറീനാ മാളിന്റെ സമീപത്തുവെച്ച് വാഹനാപകടത്തില്‍ പരുക്കേറ്റ കോഴിക്കോട് സ്വദേശി രഹന ജാസ്മിന് നഷ്ടപരിഹാരം നല്‍കാനാണ് കോടതി വിധി.

2015 ഓഗസ്റ്റില്‍ ദുബായിലെ ഒരു ആശുപത്രിയിലേക്ക് പോകുന്ന വഴിയിലാണ് രാത്രി 8.30 ന് അപകടം ഉണ്ടായത്. വാഹനം ഓടിച്ചിരുന്ന വ്യക്തിയും പിന്‍സീറ്റിലുണ്ടായിരുന്ന രണ്ടു വയസ്സുള്ള കുട്ടിയും അപകടത്തില്‍ മരിക്കുകയും രഹനക്ക് ഗുരുതര പരുക്കേല്‍ക്കുകയായിരുന്നു. 24 ദിവസം രഹന ദുബായ് റാഷിദ് ആശുപത്രിയിലെ ഐസിയുവില്‍ ചികിത്സയിലായിരുന്നു.

പിന്നീട് അഡ്വ. ഷംസുദീന്‍ അഞ്ചു മില്യന്‍ ദിര്‍ഹം നഷ്ടപരിഹാരം ആവശ്യപ്പെട്ടു കൊണ്ട് ദുബായ് സിവില്‍ കോടതിയില്‍ ഫയല്‍ ചെയ്ത കേസില്‍ പ്രാഥമിക കോടതി ഏഴു ലക്ഷം ദിര്‍ഹവും (DED 700000), 9% പലിശയും നഷ്ടപരിഹാരമായി നല്‍കാന്‍ എതിര്‍ കക്ഷിയായ ഇന്‍ഷ്വറന്‍സ് കമ്പനിക്കെതിരെ വിധി പുറപ്പെടുവിച്ചിരുന്നു.

എന്നാല്‍ 7,00,000 ദിര്‍ഹം മതിയായ നഷ്ടപരിഹാരമല്ലെന്നു തെളിയിക്കാനാവശ്യമായ കാര്യകാരണങ്ങള്‍ ചൂണ്ടിക്കാട്ടി ബാക്കി തുകയ്ക്കു വേണ്ടി വീണ്ടും അപ്പീല്‍ ഫയല്‍ ചെയ്യുകയായിരുന്നു. ഈ കേസിലാണു കഴിഞ്ഞ ദിവസം നഷ്ടപരിഹാര തുക ഒരു മില്യണ്‍ ദിര്‍ഹം ആയി ഉയര്‍ത്തിക്കൊണ്ട് അപ്പീല്‍ കോടതിവിധി പ്രസ്താവിച്ചത്. ഒപ്പം ഈ ഒരു മില്യന്‍ ദിര്‍ഹത്തിന്റെ 9% വരുന്ന തുക പലിശയും നല്‍കാന്‍ കോടതി ഉത്തരവായി.