അന്ന് രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും തോല്‍വിക്കു വഴിവച്ചത് ‘ദ ഹിന്ദു’ പുറത്തുവിട്ട റിപ്പോര്‍ട്ടുകള്‍; തെരഞ്ഞെടുപ്പ് അടുത്തിരിക്കെ റഫാലിലും നിര്‍ണായക രേഖകള്‍ പുറത്തുവിട്ടത് അതേപത്രം തന്നെ: മോദി സര്‍ക്കാരിന് ശരിക്കും പേടിപിടിച്ചു

single-img
11 February 2019

റഫാല്‍ കരാറില്‍ കേന്ദ്രസര്‍ക്കാര്‍ ഇടപെട്ടതിന് കൂടുതല്‍ തെളിവുകള്‍ പുറത്തുവന്നിരിക്കുന്നു. കരാറില്‍നിന്ന് അഴിമതി വിരുദ്ധ ചട്ടങ്ങളും അനധികൃത ഇടപെടല്‍ നടന്നാല്‍ പിഴ ഈടാക്കാനുള്ള വ്യവസ്ഥകളും ഒഴിവാക്കിയതിന്റെ തെളിവുകള്‍ ദി ഹിന്ദു ദിനപ്പത്രമാണ് പുറത്തുവിട്ടിരിക്കുന്നത്.

ഹിന്ദുവിന്റെ ഈ റിപ്പോര്‍ട്ടുകള്‍ മോദി സര്‍ക്കാരിന്റെ നെഞ്ചില്‍ തീ കോരിയിട്ടിരിക്കുകയാണ്. കാരണം, ഒരിക്കല്‍ രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും തോല്‍വിക്കു വഴിവച്ചത് ‘ദ ഹിന്ദു’ പുറത്തുവിട്ട റിപ്പോര്‍ട്ടുകളായിരുന്നു. ബൊഫോഴ്‌സ് പീരങ്കി ഇടപാട് റിപ്പോര്‍ട്ടിങ്ങിലൂടെയാണ് ‘ദ ഹിന്ദു’ അന്ന് ഭരണപക്ഷത്തിന്റെ അടിത്തറയിളക്കിയത്.

1,437 കോടി രൂപയുടെ ബൊഫോഴ്‌സ് പീരങ്കി ഇടപാട്, സ്വീഡന്റെ ചരിത്രത്തിലെ ഏറ്റവും വലിയ ആയുധക്കരാര്‍ കൂടിയായിരുന്നു. എന്തു ‘വില’ കൊടുത്തും കരാര്‍ നേടാന്‍ ബൊഫോഴ്‌സ് കമ്പനി മുതിര്‍ന്നതോടെ ഇന്ത്യയിലെയും സ്വീഡനിലെയും നിരവധി നേതാക്കള്‍ പ്രതിക്കൂട്ടിലായി.

64 കോടി രൂപയുടെ കോഴ വിതരണം ചെയ്‌തെന്ന വെളിപ്പെടുത്തലിന്റെ ആദ്യ വെടി പൊട്ടിച്ചതു സ്വീഡിഷ് മാധ്യമങ്ങളാണ്. പക്ഷേ ‘ദ് ഹിന്ദു’ നടത്തിയ തുടരന്വേഷണങ്ങള്‍ രാജീവ് ഗാന്ധിയുടെയും കോണ്‍ഗ്രസിന്റെയും തോല്‍വിക്കു വഴിവക്കുകയായിരുന്നു. ആ ചരിത്രം വീണ്ടും ആവര്‍ത്തിക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഇപ്പോള്‍ ഉറ്റുനോക്കുന്നത്.

റഫാല്‍ കരാറില്‍ ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ ഉണ്ടാവുകയോ വീഴ്ചകള്‍ സംഭവിക്കുകയോ ചെയ്താല്‍ കമ്പനിയില്‍നിന്ന് പിഴ ഈടാക്കാനുള്ള വ്യവസ്ഥയാണ് കേന്ദ്രം ഒഴിവാക്കി നല്‍കിയത് എന്നാണ് ഹിന്ദു ഇന്ന് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. ഇതുപ്രകാരം കരാറില്‍ എന്തെങ്കിലും തരത്തിലുള്ള അനധികൃത ഇടപെടല്‍ നടന്നാല്‍ ദസ്സോ ഏവിയേഷനില്‍നിന്നോ എം.ബി.ഡി.എയില്‍ നിന്നോ പിഴ ഈടാക്കാനാകില്ല.

അഴിമതി തുടച്ചുനീക്കുമെന്ന് അവകാശപ്പെട്ട് അധികാരത്തിലെ മോദി സര്‍ക്കാര്‍ ഇത്തരത്തില്‍ അഴിമതിവിരുദ്ധ ചട്ടങ്ങള്‍ ഒഴിവാക്കാന്‍ ഒത്താശ ചെയ്‌തെന്ന വെളിപ്പെടുത്തല്‍ പുറത്തുവന്നതോടെ കേന്ദ്രസര്‍ക്കാരും പ്രധാനമന്ത്രിയും പ്രതിരോധത്തിലായിക്കിയിരിക്കുകയാണ്.

റഫാല്‍ കരാറില്‍ പ്രധാനമന്ത്രിയുടെ ഓഫീസ് സമാന്തര ഇടപെടല്‍ നടത്തിയതായി കഴിഞ്ഞദിവസം വെളിപ്പെടുത്തലുണ്ടായിരുന്നു. പ്രതിരോധ മന്ത്രാലയത്തെ ഒഴിവാക്കി പ്രധാന മന്ത്രിയുടെ ഓഫീസ് ചര്‍ച്ച നടത്തിയത് രാജ്യതാത്പര്യങ്ങള്‍ വിരുദ്ധമാകുമെന്ന പ്രതിരോധവകുപ്പ് സെക്രട്ടറിയുടെ കത്ത് സഹിതമാണ് ഈ വെളിപ്പെടുത്തലുണ്ടായത്.

എന്നാല്‍ ഈ വെളിപ്പെടുത്തല്‍ തെറ്റാണെന്നായിരുന്നു കേന്ദ്രസര്‍ക്കാരിന്റെ വിശദീകരണം. മുഴുവന്‍ വസ്തുതയും ഉള്‍പ്പെടുത്താതെ ഒരുഭാഗം മാത്രമുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തുവന്നതെന്നും പ്രധാനമന്ത്രിയുടെ ഓഫീസ് കരാറില്‍ ഇടപെട്ടിട്ടില്ലെന്നും പ്രതിരോധമന്ത്രി വിശദീകരിച്ചിരുന്നു.