മമ്മൂട്ടിയെ പുകഴ്ത്തി നടന്‍ സൂര്യ; പിന്നാലെ തകര്‍പ്പന്‍ മറുപടി നല്‍കി മമ്മൂട്ടിയും: ഏറ്റെടുത്ത് ആരാധകര്‍

single-img
11 February 2019

മമ്മൂട്ടിയുടെ സമീപകാല കരിയറില്‍ ഏറ്റവും മികച്ച അഭിപ്രായം നേടുന്ന രണ്ട് സിനിമകള്‍ ഒരേസമയം തിയേറ്ററുകളില്‍ പ്രദര്‍ശനം തുടരുകയാണ്. റാം സംവിധാനം ചെയ്ത തമിഴ് ചിത്രം ‘പേരന്‍പും’ മഹി വി രാഘവ് സംവിധാനം ചെയ്ത തെലുങ്ക് ചിത്രം ‘യാത്ര’യും.

പേരന്‍പിന് തമിഴ്‌നാട്ടിലും യാത്രയ്ക്ക് ആന്ധ്രയിലും തെലുങ്കാനയിലും മികച്ച പ്രേക്ഷക സ്വീകാര്യതയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഏറെക്കാലത്തിന് ശേഷം മമ്മൂട്ടിയിലെ നടന്‍ നടത്തിയ മികച്ച തെരഞ്ഞെടുപ്പുകളെക്കുറിച്ചുള്ള ചര്‍ച്ചകള്‍ സോഷ്യല്‍ മീഡിയ സിനിമാഗ്രൂപ്പുകളില്‍ നിറയുമ്പോള്‍ തമിഴ് താരം സൂര്യയും അക്കാര്യത്തെക്കുറിച്ച് പറയുകയാണ്. തന്റെ സോഷ്യല്‍ മീഡിയ അക്കൗണ്ടിലൂടെയാണ് സൂര്യയുടെ പ്രതികരണം.

‘ആദ്യം പേരന്‍പും ഇപ്പോള്‍ യാത്രയും. രണ്ട് ചിത്രങ്ങളെക്കുറിച്ചും ഒരുപാട് കേള്‍ക്കുന്നു. എന്തൊരു വൈവിധ്യമുള്ള തെരഞ്ഞെടുപ്പാണ് മമ്മൂക്കാ, ഇത്. ഇരുചിത്രങ്ങളുടെയും പിന്നണിയില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി. നിങ്ങള്‍ കാട്ടിത്തന്ന സത്യത്തിനും സിനിമകളുടെ കലര്‍പ്പില്ലായ്മയ്ക്കും. എല്ലാ ആദരവും’, സൂര്യ ട്വിറ്ററിലും ഫേസ്ബുക്കിലും കുറിച്ചു.

ഇതിന് പിന്നാലെ സൂര്യയ്ക്ക് നന്ദി പറഞ്ഞ് മമ്മൂട്ടി ഇത് റീട്വീറ്റ് ചെയ്തു. ‘നന്ദി സൂര്യ. നിങ്ങള്‍ക്കും കുടുംബത്തിനും സ്‌നേഹം. ഈ രണ്ട് സിനിമകളുടെയും അണിയറപ്രവര്‍ത്തകര്‍ക്ക് ഒരുപാട് സന്തോഷം പകരും നിങ്ങളുടെ വാക്കുകള്‍’, എന്ന് മമ്മൂട്ടിയുടെ മറുപടി.

പത്തുവര്‍ഷത്തെ ഇടവേളക്കു ശേഷമാണ് റാം സംവിധാനം ചെയ്ത പേരന്‍പിലൂടെ മമ്മൂട്ടി തമിഴകത്ത് എത്തുന്നത്. ഉള്ളുപൊള്ളിക്കുന്ന കഥാപാത്രമായി മമ്മൂട്ടിയും സാധനയും തിളങ്ങിയപ്പോള്‍ തമിഴകത്തും കേരളത്തിലും ‘നല്ല സിനിമ’ എന്ന വാചകത്തിലേക്ക് സിനിമ ഓടികയറി. ഇപ്പോഴും ജീവിതങ്ങളെ തിയറ്ററിലെത്തിച്ച് ചിത്രം മുന്നേറുകയാണ്.

26 വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മമ്മൂട്ടി തെലുങ്കിലേക്ക് തിരിച്ചെത്തുന്നത്. തെലുങ്കന്റെ ആത്മാവ് തൊട്ട് നെറുകില്‍ വച്ച്, ആന്ധ്രയെ ഇളക്കി മറിച്ച് ഭരണം നേടിയ വൈഎസ്ആറിന്റെ ഐതിഹാസിക യാത്രയെ ആസ്പദമാക്കി ഒരുക്കിയ ചിത്രമാണ് യാത്ര. മഹി വി. രാഘവാണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. കഥാപാത്രങ്ങള്‍ക്ക് മാത്രമല്ല ഏതു ഭാഷയ്ക്കും താന്‍ വഴങ്ങുന്ന നടനാണെന്ന് മമ്മൂട്ടി ഈ രണ്ടുചിത്രങ്ങളിലൂടെ ഒരിക്കല്‍ കൂടി തെളിയിക്കുകയാണ്.