റിസർവ് ബാങ്കിൽ നിന്ന് വീണ്ടും പണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ; കരുതൽ ധനമായി സൂക്ഷിച്ചിച്ചുള്ള പണത്തിൽ നിന്ന് 27,380 കോടി നൽകണമെന്ന് ആവശ്യം

single-img
11 February 2019

റിസർവ് ബാങ്കിൽ നിന്ന് വീണ്ടും പണം ആവശ്യപ്പെട്ട് കേന്ദ്ര സർക്കാർ രംഗത്ത്. കഴിഞ്ഞ രണ്ട് വർഷമായി കരുതൽ ധനമായി സൂക്ഷിച്ചിച്ചുള്ള പണത്തിൽ നിന്ന് 27,380 കോടി നൽകണമെന്ന് കേന്ദ്ര ധനമന്ത്രാലയം ആവശ്യപ്പെട്ടുവെന്നാണ് ദേശീയ മാധ്യമങ്ങൾ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. 2016-17 കാലഘട്ടത്തിൽ 13,190 കോടിയും 2017-18ൽ 14,190 കോടിയുമാണ് റിസർവ്ബാങ്ക് നീക്കിവെച്ചിട്ടുള്ളത്. ഇത് നൽകണമെന്നാണ്കേന്ദ്രത്തിന്റെ ആവശ്യം.

ഇതോടൊപ്പം നടപ്പു സാമ്പത്തിക വർഷത്തെ ഇടക്കാല വിഹിതവും നൽകണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്. ഈ സാമ്പത്തികവർഷം 40,000 കോടി റിസർവ് ബാങ്ക് കേന്ദ്രത്തിന് നൽകിയിട്ടുണ്ട്.

അടുത്ത സാമ്പത്തിക വർഷത്തെ ലാഭവിഹിതമായി കേന്ദ്ര സർക്കാർ 69,000 കോടി പ്രതീക്ഷിക്കുന്നുവെന്നും റിപ്പോർട്ടുണ്ട്. ആർബിഐ കൂടാതെ ദേശസാത്കൃത ബാങ്കുകളിൽ നിന്നും അടുത്തവർഷത്തേക്കുള്ള പണം സ്വരൂപിക്കാൻ സർക്കാർ നീക്കം നടക്കുന്നുണ്ട്. കൂടുതൽ ബാങ്കുകളുടെ ലയനം ഇതിനായി ഉടൻ നടത്തുമെന്നും സൂചനയുണ്ട്.

റിസർവ് ബാങ്കിൽ നിന്ന് ഇടക്കാല വിഹിതമായി സർക്കാർ 28,000 കോടിയാണ് പ്രതീക്ഷിക്കുന്നതെന്ന് സാമ്പത്തികകാര്യ സെക്രട്ടറി സുഭാഷ് ചന്ദ്ര ഗാർഗ് മുൻപ് പറഞ്ഞിരുന്നു. ഈ 28,000 കോടി കൂടി നൽകുകയാണെങ്കിൽ റിസർവ് ബാങ്ക് 2018-19ൽ നൽകിയ വിഹിതം 68,000 കോടിയാകും.

തെരഞ്ഞെടുപ്പിന് മുന്‍പ് വോട്ടര്‍മാരെ ആകര്‍ഷിക്കാനായി രാജ്യത്തെ പാവപ്പെട്ടവര്‍ക്കെല്ലാം നിശ്ചിതതുക മാസവരുമാനമായി അക്കൗണ്ടിലെത്തിക്കുന്ന പദ്ധതി സര്‍ക്കാര്‍ ആലോചിക്കുന്നുണ്ട്. കര്‍ഷകര്‍ക്ക് ഭൂവിസ്തൃതിയനുസരിച്ച് സഹായധനം നല്‍കാനും ആലോചനയുണ്ട്. ഇവ നടപ്പാക്കണമെങ്കില്‍ ആര്‍ബിഐയില്‍നിന്ന് പണം കിട്ടിയേ തീരുവെന്നും ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

നേരത്തെ 50,000 കോടി രൂപ കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ ലാഭത്തില്‍ നിന്ന് റിസര്‍വ് ബാങ്ക് നേരത്തേ കേന്ദ്രസര്‍ക്കാരിന് നല്‍കിയിരുന്നു. ഇത് കൂടാതെ കരുതല്‍ ധനത്തില്‍ നിന്ന് കൂടുതല്‍ പണം സര്‍ക്കാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മുന്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത് പട്ടേല്‍ അതിന് വഴങ്ങിയിരുന്നില്ല. തുടര്‍ന്ന് കേന്ദ്ര സര്‍ക്കാരിന്റെ സമ്മര്‍ദത്തിന് വഴങ്ങാതെ രാജി വയ്ക്കുകയും ചെയ്തിരുന്നു.

ഊർജിത് പട്ടേൽ സ്ഥാനമൊഴിഞ്ഞ പിന്നാലെ കേന്ദ്രസർക്കാരിൻ്റെ വിശ്വസ്തനായ ശക്തികാന്ത ദാസ് വഴിയാണ് ആവശ്യം വീണ്ടുമറിയിക്കുന്നത്.