ദേവസ്വം പ്രസിഡൻ്റ് പത്മകുമാര്‍ അഴിമതി നടത്തിയതിൻ്റെ രേഖകൾ സിപിഎമ്മിന്

single-img
11 February 2019

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡൻ്റ് എ. പത്മകുമാര്‍ ഉൾപ്പെട്ട അഴിമതിയുടെ സുപ്രധാന രേഖകള്‍ സിപിഎമ്മിൻ്റെ കെശവശം ലഭിച്ചുവെന്നു റിപ്പോർട്ടുകൾ. പ്രസിഡന്റിനെ കുടുക്കാനുള്ള സുപ്രധാന രേഖകള്‍ ബോര്‍ഡിലെ ഒരു ഉന്നതൻ്റെ കെെയിലാണുള്ളതെന്നും ഇവയില്‍ ചിലത്   സി.പി.എം. നേതൃത്വത്തിനു െകെമാറിയിട്ടുണ്ടെന്നുമാണ് `മംഗളം´ റിപ്പോർട്ടു ചെയ്തിരിക്കുന്നത്. ഇതോടെ ബോര്‍ഡിന്റെ തീരുമാനങ്ങളില്‍ ഇനി പ്രസിഡൻ്റ് ഇനി കൈ കടത്തില്ലെന്നും ഉറപ്പായതായും മംഗളം പറയുന്നു.

തിരുവിതാംകൂർ ദേവസ്വം ബോര്‍ഡ് കോളജുകളിലെ അധ്യാപക നിയമനവുമായി ബന്ധപ്പെട്ട വന്‍ അഴിമതി സംബന്ധിച്ച രേഖകളും ശബരിമലയില്‍ അരവണയ്ക്കു കണ്ടെയ്‌നര്‍ വാങ്ങിയതിലെ ക്രമക്കേട് അടക്കം നിരവധി തെളിവുകളുമാണ് ദേവസ്വംബോർഡ് പ്രസിഡൻ്റിനെതിരെ  ലഭിച്ചിട്ടുള്ളത് എന്നാണ് സൂചനകൾ. പാര്‍ട്ടി നേതൃത്വത്തിനു ബോര്‍ഡ് ഉന്നതന്‍ കെെമാറിക്കഴിഞ്ഞതായും റിപ്പോർട്ടുകളുണ്ട്.

ക്രമവിരുദ്ധ സ്ഥലമാറ്റവും സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട സുപ്രധാന രേഖകളും നേതൃത്വത്തിനു കെെമാറിയിട്ടുണ്ട്. പാര്‍ട്ടി തെരഞ്ഞെടുപ്പു ചര്‍ച്ചകളിലേക്കു കടന്നതിനാല്‍ ഇവ ഉടന്‍ പുറത്തെടുക്കില്ലെന്നും എന്നാൽ പത്മകുമാറിന് ഇവയുമായുള്ള ബന്ധം പാര്‍ട്ടിതലത്തില്‍ അന്വേഷിക്കുമെന്നും മംഗളം പറയുന്നു.

അതേസമയം, തെളിവുകള്‍ സഹിതം വിജിലന്‍സിനെ സമീപിക്കാനുള്ള നീക്കം മറുവശത്ത് സജീവമാണ്. അങ്ങനെ വന്നാല്‍ കാലാവധി കഴിഞ്ഞാലും ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ടുള്ള വിജിലന്‍സ് കേസുകളുടെ പരമ്പരയാകും പത്മകുമാറിനെ കാത്തിരിക്കുന്നത്.

ഇരമല്ലിക്കര എന്‍ജിനീയറിങ് കോളജ്, തലയോലപ്പറമ്പ് ഡി.ബി കോളജ് എന്നിവിടങ്ങളിലെ നിയമനങ്ങളില്‍ വന്‍ അഴിമതിയുണ്ടെന്ന ആരോപണം ശക്തമാണ്. ഇക്കാര്യങ്ങള്‍ തെളിവുകള്‍ സഹിതം അടുത്തിടെ സ്ഥാനമൊഴിഞ്ഞ ഒരു ദേവസ്വം ബോര്‍ഡംഗം മുഖേന ബോര്‍ഡ് യോഗത്തില്‍ ചര്‍ച്ചയ്ക്ക് സമര്‍പ്പിച്ചു. എന്നാല്‍, ബോര്‍ഡിലെതന്നെ ഒരു ഉദ്യോഗസ്ഥ മുഖേന ഇത് ഒതുക്കിയെന്നാണ് സൂചനകൾ. .

പത്മകുമാര്‍ പ്രസിഡന്റായശേഷം ബോര്‍ഡിന്റെ പ്രവര്‍ത്തനം നേരാംവണ്ണമല്ലെന്നു ദേവസ്വം കമ്മിഷണര്‍ എന്‍. വാസു സി.പി.എം. നേതൃത്വത്തെ ധരിപ്പിച്ചതായും റിപ്പോർട്ടുകളുണ്ട്. പത്മകുമാര്‍ രാഷ്ട്രീയ എതിരാളികളുമായി സമ്പര്‍ക്കം പുലര്‍ത്തുവെന്ന സംശയം സിപിഎം നേതാക്കള്‍ക്കിടയിലുണ്ട്. അതുകൊണ്ടുതന്നെ കാലാവധി അവസാനിച്ചാല്‍ പാര്‍ട്ടി പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റില്‍നിന്നും പത്മകുമാറിനെ പുറത്താക്കാൻ സാധ്യതയുണ്ടെന്നും മംഗളം പറയുന്നു.