വിവാഹഘോഷയാത്രക്കിടെ പാലം തകര്‍ന്ന് വീണ് വരനുള്‍പ്പെടെ പതിനഞ്ച് പേര്‍ ഓവുചാലില്‍ വീണു

single-img
11 February 2019

നോയിഡയിലെ ഹോഷിയാര്‍പുരില്‍ ഇന്ദിരാപുരം സ്വദേശി അമിതും കൊണ്ട്‌ലി സ്വദേശിനി സോനവും തമ്മിലുള്ള വിവാഹചടങ്ങുകള്‍ക്കിടെയാണ് അപകടം ഉണ്ടായത്. ശനിയാഴ്ച രാത്രിയിലാണ് സംഭവം നടന്നത്. വരനെ സ്വീകരിക്കാന്‍ വധുവിന്റെ ബന്ധുക്കള്‍ പാലത്തിനപ്പുറം കാത്ത് നില്‍ക്കുകയായിരുന്നു.

എന്നാല്‍ വിവാഹപന്തലിലേക്ക് വരന്റെ സംഘം നടന്നുപോകുന്നതിനിടെ പാലം തകര്‍ന്ന് വീഴുകയായിരുന്നു. തീര്‍ത്തും ദുര്‍ബലമായിരുന്ന പാലത്തിന് മുകളില്‍ പത്തു മിനിറ്റോളം വരന്റെ ഒപ്പമുള്ളവര്‍ നൃത്തം ചെയ്തിരുന്നതായി ദൃക്‌സാക്ഷികള്‍ പറഞ്ഞു.

പരിക്കേറ്റവരെ സമീപത്തുള്ള സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ആര്‍ക്കും ഗുരുതരമായി പരിക്കേല്‍ക്കാത്തതിനാല്‍ സംഭവത്തിന് ശേഷം വിവാഹം ഭംഗിയായി നടത്തി. വിവാഹസ്ഥലം ഉടമയായ ഒപി ശര്‍മ നഷ്ടപരിഹാരമായി മൂന്ന് ലക്ഷം രൂപ വധുവിന്റെ വീട്ടുകാര്‍ക്ക് നല്‍കി. സംഭവം തികച്ചും നിര്‍ഭാഗ്യകരമാണെന്ന് ശര്‍മ പറഞ്ഞു. ആദ്യമായാണ് ഇത്തരമൊരു സംഭവമെന്നും ശര്‍മ കൂട്ടിച്ചേര്‍ത്തു.