പവനായിയായി തിരശ്ശീലയിൽ എത്താൻ ആഗ്രഹിച്ചിരുന്നത് മമ്മൂട്ടി: വെളിപ്പെടുത്തലുമായി ലാൽ

single-img
11 February 2019

ക്യാപ്റ്റൻ രാജു അനശ്വരനാക്കിയ  നാടോടിക്കാറ്റിലെ വിഖ്യാത കഥാപാത്രം പവനായിയായി തീരുശ്ശീലയിലെത്താൻ മലയാളത്തിൻ്റെ മെഗാസ്റ്റാർ മമ്മൂട്ടി ആഗ്രഹിച്ചിരുന്നുവെന്ന് വെളിപ്പെടുത്തൽ. സംവിധായകനും നടനുമായ ലാല്‍ പവനായിയെ കുറിച്ച് ഒരു മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ഇക്കാര്യം പറഞ്ഞത്. പവനായിയായി നടന്‍ മമ്മൂട്ടിക്ക് വെള്ളിത്തിരയില്‍ എത്താന്‍ ആഗ്രഹമുണ്ടായിരുന്നുവെന്നാണ് ലാല്‍ അഭിമുഖത്തിൽ പറഞ്ഞത്.

ലാൽ പറയുന്നതിങ്ങനെ: ശ്രീനിവാസന്‍ തിരക്കഥയൊരുക്കിയ നാടോടിക്കാറ്റിൻ്റെ സ്റ്റോറി ഐഡിയ സിദ്ദിഖ് ലാലിൻ്റേതായിരുന്നു. കഥയുമായി ഞങ്ങളങ്ങനെ നടക്കുകയാണ്. അങ്ങനെയിരിക്കുമ്പോഴാണ് ഒരിക്കല്‍ മമ്മൂക്ക ഈ കഥയെപ്പറ്റി അറിയുന്നത്. കഥ മുഴുവന്‍ കേട്ട മമ്മൂക്കയ്ക്ക് ഏറെ സ്ട്രൈക്ക് ചെയ്തത് പവനായിയുടെ കാരക്ടറായിരുന്നു. ആ കാലത്ത് മമ്മൂക്ക നായകവേഷങ്ങളില്‍ തിളങ്ങി നില്‍ക്കുകയാണ്.

കഥ ഇഷ്ടപ്പെട്ടതിനാല്‍ അദ്ദേഹം തന്നെ ഇടപെട്ട് ഞങ്ങള്‍ക്ക് പലരോടും കഥ പറയാന്‍ അവസരം കിട്ടി. പിന്നെ ആ ആഗ്രഹം തുറന്നുപറഞ്ഞു. മമ്മൂക്കയ്ക്ക് പവനായിയെ അവതരിപ്പിക്കാന്‍ താല്‍പര്യം ഉണ്ടെന്ന്. ശരിക്കും കൗതുകമുള്ള കാര്യമാണ്. കാരണം നായകനായി സ്‌ക്രീനില്‍ നിറഞ്ഞു നില്‍ക്കുന്നയാളാണ് ചെറിയൊരു വേഷം ചെയ്യാമെന്ന് പറയുന്നത്. ആ കഥാപാത്രത്തിന് എന്തോ ഒരു ആകര്‍ഷണം ഉണ്ടെന്ന് മമ്മൂക്കയ്ക്ക് അന്നു തന്നെ തോന്നിയിരുന്നു” -ലാല്‍ പറഞ്ഞു.

പിന്നീട് സത്യന്‍ അന്തിക്കാടാണ് ക്യാപ്റ്റര്‍ രാജുവിനെ ആ കഥാപാത്രമായി കാസ്റ്റ് ചെയ്യുന്നത്. പവനായി അങ്ങനെ എക്കാലത്തെയും മികച്ച ഹിറ്റ് കഥാപാത്രമായി മാറിയെന്നും ലാല്‍ പറഞ്ഞു.