കെഎസ്ആര്‍ടിസി ബസ്സിന് മുന്നില്‍ പൊലീസ് ജീപ്പിന്റെ ‘ലൈറ്റ്’ അഭ്യാസം; കണ്ണുതുറക്കാന്‍ പോലും പറ്റാത്ത അവസ്ഥയില്‍ റോഡുകാണാതെ ഡ്രൈവര്‍ കുഴങ്ങി; വീഡിയോ

single-img
11 February 2019

അമിത പ്രകാശമുള്ള ലൈറ്റുകള്‍ തെളിയിച്ച് രാത്രി പായുന്ന വാഹനങ്ങള്‍ക്കെതിരെ നടപടിയെടുക്കുമെന്ന് കഴിഞ്ഞ ദിവസമാണ് പൊലീസ് സോഷ്യല്‍ മീഡിയയിലൂടെ മുന്നറിയിപ്പ് നല്‍കിയത്. എന്നാല്‍ അത് പോലീസിന് ബാധകമല്ലേ എന്നാണ് സോഷ്യല്‍ മീഡിയ തിരിച്ചു ചോദിക്കുന്നത്.

കുട്ടിക്കാനം മുണ്ടക്കയം റൂട്ടില്‍ രാത്രി യാത്രയിലുണ്ടായ സംഭവം ചൂണ്ടിക്കാട്ടിയായിരുന്നു സോഷ്യല്‍ മീഡിയയുടെ വിമര്‍ശനം. കെഎസ്ആര്‍ടിസി ബസിനു മുന്‍പില്‍ പോകുന്ന മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ജീപ്പാണ് പ്രശ്‌നങ്ങള്‍ക്ക് കാരണമായത്. പൊലീസ് ജീപ്പിന് മുകളില്‍ വച്ചിരിക്കുന്ന ബീക്കണ്‍ ലൈറ്റില്‍ നിന്നും ചുവപ്പും, മഞ്ഞയും, നീലയും നിറത്തില്‍ അമിത വെളിച്ചം റോഡില്‍ നിറഞ്ഞതോടെ പിന്നാലെ വരുന്ന വാഹനങ്ങളിലെയും എതിരെ വന്ന വാഹനങ്ങളിലെ ഡ്രൈവര്‍ക്ക് റോഡ് പോലും കാണാന്‍ കഴിയാത്ത അവസ്ഥയിലായി.

‘ഒന്നും കാണാന്‍ കഴിയുന്നില്ല സാറെ..’ എന്ന് നിസഹായനായി ഡ്രൈവര്‍ അടുത്തിരിക്കുന്ന വ്യക്തിയോട് പറയുന്നതും വീഡിയോയില്‍ നിന്നും വ്യക്തമാണ്. ബസിലുണ്ടായിരുന്ന യാത്രക്കാരനാണ് ഈ വീഡിയോ പകര്‍ത്തിയത്. സുനില്‍ കെ സുധീര്‍ എന്ന വ്യക്തിയാണ് ഈ ദുരനുഭവം ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചത്.

ഫെയ്‌സ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം:

കേരളാ ട്രാഫിക് പോലീസിന്റെ ഒഫീഷ്യല്‍ ഫേസ്ബുക് പേജ് ഏറെ ഇഷ്ടപെടുന്ന ഒരാള്‍ ആണ് ഞാന്‍ .. ട്രാഫിക് നിയമങ്ങള്‍ വളരെ ലളിതമായി നമ്മുടെ യുവതലമുറയില്‍ എത്തിക്കാന്‍ ഈ പേജ് നിര്‍വഹിക്കുന്ന പങ്ക് ചെറുതല്ല … അങ്ങനെ ഇരിക്കെ ഇന്നലെ ആ പേജില്‍ വന്ന ഒരു പോസ്റ്റ് ശ്രദ്ധയില്‍ പെട്ടു, മറ്റുള്ള വാഹങ്ങളില്‍ വരുന്നവരുടെ കണ്ണടിച്ചു പോകുന്ന തരത്തില്‍ അമിത പ്രകാശമുള്ള ലൈറ്റുകള്‍ കത്തിച്ചു വരുന്ന വാഹനങ്ങള്‍ക്ക് എതിരെ കര്‍ശന നടപടി ഉണ്ടാകുമെന്ന്… തീര്‍ച്ചയായും വളരെ നല്ല തീരുമാനം, നടപടി കൈക്കൊള്ളേണ്ട കാര്യം തന്നെ .. അങ്ങനെ ഇരിക്കുമ്പോളാണ് കഴിഞ്ഞ ആഴച ഒരു സുഹൃത്ത് അയച്ചു തന്ന ഭീതി ജനകമായി പ്രകാശം പരത്തി പോകുന്ന ഒരു വാഹനത്തിന്റെ വീഡിയോ ഓര്‍മയില്‍ വന്നത്.

കുട്ടിക്കാനംമുണ്ടക്കയം റൂട്ടില്‍ രാത്രിയിലെ യാത്ര എത്ര ദുഷ്‌കരം ആണെന്ന് ആ റൂട്ടില്‍ യാത്ര ചെയ്തിട്ടുള്ളവര്‍ക്ക് അറിയാവുന്നതാണ് .. അപ്പോളാണ് കണ്ണ് തുറക്കാന്‍ പോലും പറ്റാതെ ഒരു ബസ് ഓടിച്ചു പോകുന്ന ഒരു ഡ്രൈവര്‍ , ജീവന്‍ കയ്യില്‍ എടുത്ത് പിടിച്ചു യാത്ര ചെയ്ത കുറെ യാത്രക്കാര്‍,. സംഭവം വേറെ ഒന്നുമല്ല ബസിനു മുമ്പിലായി പോകുന്ന മോട്ടോര്‍ വെഹിക്കിള്‍ ഡിപ്പാര്‍ട്‌മെന്റിന്റെ ജീപ്പാണ് വില്ലന്‍ .. ചുവപ്പും, മഞ്ഞയും, നീലയും ഒക്കെ അന്തരീക്ഷത്തില്‍ മൊത്തമായി വിതറിയാണ് ആശാന്‍ പറക്കുന്നത് … കൊടും വളവുകളില്‍ എത്തുമ്പോള്‍ പേടിച്ചിട്ടാകണം ആരൊക്കെയോ പറയുന്നത് കേള്‍ക്കാം, ”ആരെങ്കിലും ഒന്ന് പറയു ആ വണ്ടി ഒന്ന് നിര്‍ത്താന്‍, കണ്ണ് കാണുന്നില്ലെന്ന് പറയു” … തീര്‍ച്ചയായും അമിത പ്രകശം പരത്തുന്ന ലൈറ്റുകള്‍ക്ക് മേല്‍ നിയന്ത്രണം വരുമ്പോള്‍ ഈ ലൈറ്റ് കൂടെ അമിത പ്രകാശ പരത്തല്‍ വിഭാഗത്തില്‍ ഉള്‍പ്പെടുത്തി നിയന്ത്രിച്ചാല്‍ നമ്മുടെ ട്രാഫിക് പോലീസിന് ലഭിക്കുന്ന കയ്യടികള്‍ അളവറ്റതാകും . ഇതൊരു പൗരന്റെ എളിയ അഭ്യര്‍ത്ഥന മാത്രമായി വായിക്കണം

Video courtsey : Abhi N Salin

Posted by Sunil K Sudheer on Sunday, February 10, 2019