കായംകുളം കൊച്ചുണ്ണി 100 ദിവസം: ആഘോഷമാക്കി അണിയറ പ്രവര്‍ത്തകര്‍

single-img
11 February 2019

റോഷന്‍ ആന്‍ഡ്രൂസ് – നിവിന്‍ പോളി കൂട്ടുകെട്ടില്‍ ചരിത്ര പശ്ചാത്തലത്തിലൊരുക്കിയ സിനിമയായിരുന്നു കായംകുളം കൊച്ചുണ്ണി. ബോക്‌സോഫീസില്‍ നിന്നും ഗംഭീരനേട്ടമാണ് ചിത്രം സ്വന്തമാക്കിയത്. ചിത്രം നൂറുകോടി ക്ലബിലും ഇടംനേടിയിരുന്നു.

നിവിന്‍ കൊച്ചുണ്ണിയായപ്പോള്‍ ഇത്തിക്കര പക്കിയായെത്തിയത് മോഹന്‍ലാലായിരുന്നു. അതിഥിയായെത്തി മികച്ച കയ്യടിയാണ് അദ്ദേഹം വാങ്ങിക്കൂട്ടിയത്. ഇപ്പോളിതാ ചിത്രം റിലീസ് ചെയ്തതിന്റെ 100ാം ദിനം ഗംഭീരമായി ആഘോഷിച്ചിരിക്കുകയാണ് അണിയറ പ്രവര്‍ത്തകര്‍.

ഗോകുലം കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ചായിരുന്നു പരിപാടി നടത്തിയത്. സിനിമാലോകവും ആരാധകരും ചടങ്ങിലേക്ക് എത്തിയിരുന്നു. പരിപാടിയുടെ വീഡിയോയും ചിത്രങ്ങളുമൊക്കെ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്. മോഹന്‍ലാലിന് പത്മഭൂഷണ്‍ ലഭിച്ചതിനുള്ള ആദരവും അണിയറപ്രവര്‍ത്തകര്‍ ഇവിടെവച്ച് നല്‍കി.

നിര്‍മാതാക്കളായ ഗോകുലം ഗോപാലന്‍, സുരേഷ് കുമാര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ മോഹന്‍ലാലിനെ സുഹൃത്തുക്കള്‍ ആദരിച്ചു. നിവിന്‍ പോളി, പ്രിയ ആനന്ദ്, കാളിദാസ് ജയറാം, അപര്‍ണ ബാലമുരളി, ഗോപി സുന്ദര്‍, സഞ്ജയ്, ജീത്തു ജോസഫ് എന്നിങ്ങനെ സിനിമാരംഗത്തെ പല പ്രമുഖരും ചടങ്ങില്‍ പങ്കെടുത്തു.

ജിത്തു ജോസഫ് സംവിധാനം ചെയ്യുന്ന മിസ്റ്റര്‍ ആന്‍ഡ് മിസ് റൗഡി എന്ന ചിത്രത്തിന്റെ ഓഡിയോ റിലീസും നടന്നു. മോഹന്‍ലാലാണ് ഓഡിയോ റിലീസ് നിര്‍വഹിച്ചത്.