‘അവനവന്റെ കഴിവിലുള്ള ആത്മവിശ്വാസം പോലെ മറ്റുള്ളവരുടെ കഴിവിനെയും വിശ്വാസത്തിലെടുക്കണം’: കാര്‍ത്തിക്കിനെതിരെ ആഞ്ഞടിച്ച് ഹര്‍ഭജന്‍ സിംഗ്

single-img
11 February 2019

മൂന്നാം ട്വന്റി 20യില്‍ ഇന്ത്യ ന്യൂസിലന്‍ഡിനോട് തോറ്റത് നാല് റണ്ണിനാണ്. എന്നാല്‍, ഈ തോല്‍വിയോ പരമ്പര നഷ്ടമോ അല്ല ഇപ്പോള്‍ ചര്‍ച്ച. അവസാന ഓവറിലെ മൂന്നാം പന്തില്‍ ദിനേഷ് കാര്‍ത്തിക് ഒരു റണ്‍ നഷ്ടപ്പെടുത്തിയതാണ് വലിയ പുകിലായിരിക്കുന്നത്.

ടിം സൗത്തി കിവീസിനുവേണ്ടി അവസാന ഓവര്‍ എറിയാന്‍ എത്തുമ്പോള്‍ വിജയം അപ്രാപ്യമായിരുന്നില്ല ഇന്ത്യയ്ക്ക്. ജയിച്ച് പരമ്പര തുല്ല്യമാക്കാന്‍ വേണ്ടിയിരുന്നത് ആറു പന്തില്‍ നിന്ന് 14 റണ്‍സ് മാത്രം. ആദ്യ പന്തില്‍ ഡബിള്‍ നേടി കാര്‍ത്തിക് ഇന്ത്യയ്ക്ക് പ്രതീക്ഷ നല്‍കി. എന്നാല്‍ പിന്നീടുള്ള മൂന്ന് പന്തും ഡോട്ട് ബോളായതോടെയാണ് ഇന്ത്യ പ്രതിരോധത്തിലായത്.

ഇതില്‍ മൂന്നാമത്തെ പന്തില്‍ ദിനേഷ് കാര്‍ത്തിക്കിന് അനായാസമായി ഒരു സിംഗിള്‍ എടുക്കാമായിരുന്നു. ലോങ് ഓണിലേയ്ക്ക് പന്ത് പാഞ്ഞപ്പോള്‍ നോണ്‍ സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലുണ്ടായിരുന്ന ക്രുണാല്‍ പാണ്ഡ്യ ഏതാണ്ട് കാര്‍ത്തിക്കിനടുത്തുവരെ ഓടി എത്തിയതായിരുന്നു.

എന്നാല്‍, സകലരെയും അത്ഭുതപ്പെടുത്തിക്കൊണ്ട് കാര്‍ത്തിക് ക്രുണാലിനെ തിരിച്ചയച്ചു. പിന്നീടുള്ള പന്തില്‍ ഒരൊറ്റ റണ്ണാണ് കാര്‍ത്തിക്കിന് നേടാനായത്. അവസാന പന്ത് കാര്‍ത്തിക് തന്നെ കവറിന് മുകളിലൂടെ സിക്‌സര്‍ പറത്തിയെങ്കിലും ഫലമുണ്ടായില്ല. ലക്ഷ്യത്തിന് നാല് റണ്‍ അകലെവച്ച് ഇന്ത്യ വീണു. കിവീസ് 21 എന്ന നിലയില്‍ പരമ്പര സ്വന്തമാക്കുകയും ചെയ്തു.

അതിനിടെ കാര്‍ത്തിക്കിന്റേത് പിഴവു തന്നെയെന്ന് മുന്‍ ഇന്ത്യന്‍ താരം ഹര്‍ഭജന്‍ സിംഗ് ആരോപിച്ചു. അവസാന ഓവറില്‍ കാര്‍ത്തിക്ക് സിംഗിളെടുത്തിരുന്നെങ്കില്‍ കളിയും പരമ്പരയും ഇന്ത്യ ജയിക്കുമായിരുന്നുവെന്നും ഹര്‍ഭജന്‍ വ്യക്തമാക്കി. കാര്‍ത്തിക്കിന് നല്‍കാനൊരു ഉപദേശമുണ്ട്. സ്വന്തം കഴിവില്‍ വിശ്വസിക്കുന്നത് നല്ലതാണ്. അതുപോലെ അപ്പുറത്ത് നില്‍ക്കുന്നയാളെയും വിശ്വാസത്തിലെടുക്കണം.

പ്രത്യേകിച്ചും ക്രുനാല്‍ പാണ്ഡ്യ മികച്ച രീതിയില്‍ ബാറ്റ് ചെയ്യുമ്പോള്‍. ഫിനിഷറുടെ ജോലിയാണ് കാര്‍ത്തിക്കിന് ടീമില്‍ ചെയ്യാനുള്ളത്. നിദാഹാസ് ട്രോഫിയില്‍ അദ്ദേഹം അത് ഭംഗിയായി ചെയ്തു. എന്നാല്‍ അവിടെ പന്തെറിഞ്ഞത് സൗമ്യ സര്‍ക്കാരും ഇവിടെ സൗത്തിയുമാണെന്ന വ്യത്യാസമുണ്ട്.

അവനവന്റെ കഴിവിലുള്ള ആത്മവിശ്വാസം പോലെ മറ്റുള്ളവരുടെ കഴിവിനെയും വിശ്വാസത്തിലെടുക്കണം. സൗത്തിയുടെ മുന്‍ ഓവറില്‍ ക്രുനാല്‍ 1819 റണ്‍സടിച്ചിരുന്നു. അതുകൊണ്ട് കാര്‍ത്തിക്കിന്റെ ആ ഒരു പിഴവില്ലായിരുന്നെങ്കില്‍ കളിയും പരമ്പരയും ഇന്ത്യയുടെ കൈയിലിരുന്നേനെ. എന്നാല്‍ മൂന്ന് മാസം നീണ്ട ഓസ്‌ട്രേലിയ, ന്യൂസിലന്‍ഡ് പര്യടനങ്ങളില്‍ നിന്ന് ഇന്ത്യക്ക് ഒരുപാട് നല്ല പാഠങ്ങള്‍ ലഭിച്ചുവെന്ന് ഹര്‍ഭജന്‍ പറഞ്ഞു.