രാജ്യാന്തര കണ്യാര്‍കളി മേള ഷാര്‍ജയില്‍

single-img
11 February 2019

യുഎഇയിലെ ദേശകൂട്ടായ്മയുടെ ആഭിമുഖ്യത്തിലുള്ള  രാജ്യാന്തര കണ്യാര്‍കളി മേള അടുത്തമാസം ഒന്നിന് മര്‍ഹബ റിസോര്‍ട്ടില്‍ നടക്കും. രാവിലെ 9 മുതല്‍ വൈകിട്ട് 9 വരെ നടക്കുന്ന മേളയില്‍ പാലക്കാട്ടെ വിവിധ ദേശക്കാര്‍ പതിനഞ്ചോളം പുറാട്ടു വേഷങ്ങള്‍ അവതരിപ്പിക്കും. നാട്ടില്‍ നിന്നും യുഎഇയില്‍ നിന്നുമുള്ള കലാകാരന്മാര്‍ പങ്കെടുക്കുമെന്നു ഭാരവാഹികള്‍ അറിയിച്ചു.

ചിറ്റിലഞ്ചേരി, പുതിയങ്കം, നെന്മാറ, കുനിശേരി, പല്ലാവൂര്‍, പല്ലശേന, കാക്കയൂര്‍, എലവഞ്ചേരി, കൊടുവായൂര്‍, കുഴല്‍മന്ദം, കുത്തനൂര്‍, കാട്ടുശേരി തുടങ്ങിയ ദേശങ്ങളാണ് പുറാട്ടുകള്‍ അവതരിപ്പിക്കുക. സംയുക്ത ദേശസംഘവും ബാലസംഘവും വെവ്വേറെ പുറാട്ടുകള്‍ അവതരിപ്പിക്കും.

കേരളത്തിലെ ഏറ്റവും പ്രാചീനമായ കലാരൂപങ്ങളില്‍ ഒന്നായ കണ്ണ്യാര്‍കളി പാലക്കാട് ജില്ലയുടെ ആലത്തൂര്‍, ചിറ്റൂര്‍ താലൂക്കുകളിലാണ് ഇന്നും അനുഷ്ഠാന കലാരൂപമായി അവതരിച്ചു പോരുന്നത്. കഥകളി, ചവിട്ടുനാടകം, പൂരക്കളി തുടങ്ങിയ കലാരൂപങ്ങളുമായി കൊടുക്കല്‍ വാങ്ങല്‍ ബന്ധമുള്ള കണ്ണ്യാര്‍കളിക്ക് എഴുനൂറിലധികം വര്‍ഷം പഴക്കം കണക്കാക്കപ്പെടുന്നു.

മലയാളത്തിലും തമിഴിലും, തമിഴ് കലര്‍ന്ന മലയാളത്തിലും വാമൊഴിയായി പകര്‍ന്നു കിട്ടപ്പെട്ട അഞ്ഞൂറിലധികം ഇമ്പമാര്‍ന്ന പാട്ടുകള്‍ ആണ് ഈ കലാരൂപത്തിനുള്ളത്. പ്രദേശം, വര്‍ഗം, തെഴില്‍, സംസ്‌കൃതി എന്നിവയെ അടയാളപ്പെടുത്തുന്ന നൂറിലധികം പുറാട്ടുകള്‍ ഒറ്റപുറാട്ട്, ഇരട്ടപുറാട്ട്, കരിപുറാട്ട്, രാജാപാര്‍ട്ട് എന്നിങ്ങനെ വെവേറെ വിഭാഗങ്ങളില്‍ അവതരിപ്പിക്കുന്നു.

കണ്യാര്‍കളിയില്‍ പുരുഷന്‍ തന്നെയാണ് സ്ത്രീയായി വേഷമിടുന്നത്. പുറാട്ടിന്റെ സ്വഭാവമനുസരിച്ചു ചെണ്ട, തപ്പട്ട, ഇലത്താളം, ഇടക്ക, മദ്ദളം എന്നിവ പ്രധാനമായും മാറി മാറി അകമ്പടിയില്‍ ഉപയോഗിക്കുന്നു. മേളം ദുബായ് സംഘടിപ്പിച്ച ആദ്യ മൂന്നു മേളകളും അവിസ്മരണീയമായ അനുഭവമാണ് കലാ പ്രേമികള്‍ക്ക് സമ്മാനിച്ചിരുന്നത്. മൂന്നു വര്‍ഷത്തെ ഇടവേളയ്ക്കു ശേഷം അരങ്ങേറുന്ന നാലാമത് മേളയ്ക്കായി പ്രതീക്ഷയോടെ കാത്തിരിക്കുകയാണ് യൂഎഇയിലെ കലാപ്രേമികള്‍.

ഫോണ്‍: 055 5448254 (വിജയപ്രകാശ്), 054 3748748 (ശശികുമാര്‍).