കൂറുമാറാൻ എംഎല്‍എമാര്‍ക്ക് കോടികൾ വാഗ്ദാനം ചെയ്ത സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ചു; യെദ്യൂരപ്പ കുടുങ്ങും?

single-img
11 February 2019

കര്‍ണാടകയില്‍ കൂറുമാറാന്‍ ജനതാദള്‍ എസ് എംഎല്‍എയ്ക്ക് യെദ്യൂരപ്പ കോഴ വാഗ്ദാനം ചെയ്ത സംഭവം അന്വേഷിക്കാൻ മുഖ്യമന്ത്രി എച്ച് ഡി കുമാരസ്വാമി പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. കര്‍ണാടക നിയമസഭ സ്പീക്കറുടെ നിര്‍ദേശപ്രകാരമാണ് മുഖ്യമന്ത്രിയുടെ നടപടി.

കൂറുമാറാന്‍ വന്‍തുക കോഴ വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് യെദ്യൂരപ്പ ജെഡിഎസ് എംഎല്‍എയുടെ മകനുമായി സംസാരിക്കുന്ന ഓഡിയോ നേരത്തെ പുറത്തു വന്നിരുന്നു. ശബ്ദരേഖയിലുള്ളത്‌ തന്റെ ശബ്ദമല്ലെന്നും സംസ്ഥാനസർക്കാരിനെ വീഴ്ത്താൻ ഭരണപക്ഷ അംഗങ്ങളുമായി സംസാരിച്ചിട്ടില്ലെന്നുമാണ്‌ യെദ്യൂരപ്പ ആദ്യം പറഞ്ഞിരുന്നത്. എന്നാൽ പിന്നീട് ദേവദുർഗയിലെ ഗസ്റ്റ് ഹൗസിൽവെച്ചാണ്‌ ശരണഗൗഡയുമായി സംസാരിച്ചതെന്നും സംഭാഷണം ‘റെക്കോഡ്’ ചെയ്തിരുന്നെന്നും യെദ്യൂരപ്പ ഹുബ്ബള്ളിയിൽ മാധ്യമപ്രവർത്തകരോട്‌ സമ്മതിച്ചു.

ശരണ ഗൗഡയുമായി സംസാരിച്ചെന്നത്‌ സത്യമാണ്. എന്നാൽ പുറത്തുവിട്ട ശബ്ദരേഖ സംഭാഷണത്തിന്റെ പൂർണരൂപമല്ല. സ്പീക്കർ രമേശ്കുമാറിന് 50 കോടി വാഗ്ദാനം ചെയ്തെന്നത് സത്യവിരുദ്ധമാണ്. രമേശ് കുമാർ സത്യസന്ധനായ നേതാവാണ്’’- യെദ്യൂരപ്പ പറഞ്ഞു.എന്നാൽ ശബ്ദരേഖയിലെ ശബ്ദം തന്റേതുതന്നെയെന്ന്‌ യെദ്യൂരപ്പ സമ്മതിച്ചതോടെ ബി.ജെ.പി വെട്ടിലായി. ശരണഗൗഡയുമായി സംസാരിച്ചത്‌ സമ്മതിച്ചസ്ഥിതിക്ക് യെദ്യൂരപ്പ രാജിവെച്ച് വാഗ്ദാനം പാലിക്കണമെന്ന്‌ കോൺഗ്രസ് നേതാക്കളായ സിദ്ധരാമയ്യയും ഡി.കെ. ശിവകുമാറും ആവശ്യപ്പെട്ടു.