കേസ് ജയിക്കാന്‍ ദിലീപ് ‘ബാലന്‍ വക്കീല്‍’ ആയി വരുന്നു

single-img
11 February 2019

‘കാലങ്ങള്‍ക്ക് ശേഷം ദിലീപേട്ടന്റെ ഒരു കോമഡി പടം’, ‘ദിലീപേട്ടന്‍ വീണ്ടും കോമഡി ട്രാക്കിലേയ്ക്ക്, ഈ പടം ഉഷാര്‍ ആവും….’ ബി. ഉണ്ണികൃഷ്ണന്‍ ചിത്രം കോടതിസമക്ഷം ബാലന്‍ വക്കീലിന്റെ ട്രെയിലര്‍ കണ്ട ശേഷം പ്രേക്ഷകര്‍ ആവേശത്തിലാണ്. ഒപ്പം റിലീസിനായുള്ള കാത്തിരിപ്പിലും.

ഫെബ്രുവരി 21നാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍ തിയേറ്ററുകളിലെത്തുന്നത്. ചിത്രത്തിന് വമ്പന്‍ വരവേല്‍പ് നല്‍കാനുള്ള തയ്യാറെടുപ്പിലാണ് ദിലീപ് ഫാന്‍സ്. പല കേന്ദ്രങ്ങളിലും ഫാന്‍സ് ഷോ സംഘടിപ്പിക്കുന്നുണ്ട്. വലിയ റിലീസ് തന്നെയാകും ചിത്രത്തിന്റേത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

സ്വാഭാവികമായ അഭിനയശൈലിയില്‍ പ്രേക്ഷകരെ പൊട്ടിച്ചിരിപ്പിച്ച് കൈയടി നേടുന്ന താരമാണ് ദിലീപ്. എന്നാല്‍ കഴിഞ്ഞ വര്‍ഷം റിലീസ് ചെയ്ത രണ്ട് സിനിമകളില്‍ കോമഡിയില്‍ നിന്നും മാറി സീരിയസ് വേഷത്തിലാണ് ദിലീപ് പ്രത്യക്ഷപ്പെട്ടത്. രാമലീലയിലെ രാമനുണ്ണിയും കമ്മാരസംഭവത്തിലെ കമ്മാരനും ദിലീപ് ഗംഭീരമാക്കി. രണ്ട് സിനിമകളുടെ പ്രമേയവും ഗൗരവമേറിയതായിരുന്നു.

ബാലന്‍ വക്കീലില്‍ ദിലീപിന്റെ കോമഡി നമ്പറുകളാകും ആകര്‍ഷണമാകുക. വിക്കന്‍ കഥാപാത്രത്തെയാണ് ദിലീപ് അവതരിപ്പിക്കുക. കോമഡി മാത്രമല്ല ആക്ഷഷനും ത്രില്ലും കോര്‍ത്തിണക്കിയ മുഴുനീള എന്റര്‍ടെയ്‌നറാകും കോടതിസമക്ഷം ബാലന്‍ വക്കീല്‍.

ഈ വര്‍ഷം പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രം കൂടിയാണ് ഇത്. 2 കണ്‍ട്രീസിനു ശേഷം അജുവും മംമ്തയും ദിലീപിനൊപ്പം വീണ്ടും ഒന്നിക്കുന്നു. പ്രിയ ആനന്ദ്, സുരാജ് വെഞ്ഞാറമൂട്, സൈജു കുറുപ്പ്, ബിന്ദു പണിക്കര്‍, പ്രഭാകര്‍, സിദ്ദിഖ് തുടങ്ങി വലിയ താരങ്ങളാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

ചിത്രീകരണം പൂര്‍ത്തിയായ സിനിമയുടെ അവസാനഘട്ട പോസ്റ്റ് പ്രൊഡക്ഷന്‍ പുരോഗമിച്ചുകൊണ്ടിരിക്കുകയാണ്. അഖില്‍ ജോര്‍ജ്ജാണ് സിനിമയുടെ ചായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത്. ഗോപി സുന്ദറും രാഹുല്‍ രാജും ചേര്‍ന്നാണ് ചിത്രത്തിന് സംഗീതം നല്‍കിയിരിക്കുന്നത്. ഹരിനാരായണനാണ് ഗാനങ്ങള്‍ക്ക് വരികളെഴുതിയിരിക്കുന്നത്.

പാസഞ്ചര്‍, മിസ്റ്റര്‍ മരുമകന്‍ തുടങ്ങിയ സിനിമകള്‍ക്ക് ശേഷം ദിലീപ് വീണ്ടും വക്കീല്‍ വേഷത്തിലെത്തുന്ന ചിത്രം കൂടിയാണ് കോടതി സമക്ഷം ബാലന്‍ വക്കീല്‍. 2 കണ്‍ട്രീസിനു ശേഷം മംമ്ത മോഹന്‍ദാസ് ദിലീപിന്റെ നായികയായി വീണ്ടുമെത്തുന്നുവെന്ന പ്രത്യേകതയും സിനിമയ്ക്കുണ്ട്. സിനിമയില്‍ അനുരാധ സുദര്‍ശന്‍ എന്ന കഥാപാത്രമായിട്ടാണ് നടി എത്തുന്നത്.

ഈ വേഷത്തിനെ കുറിച്ച് കൂടുതല്‍ പ്രത്യേകതകള്‍ ഒന്നുമില്ലെങ്കിലും ഈ പേരിനൊരു പ്രത്യേകതയുണ്ട്. ഇത് മൂന്നാംവട്ടമാണ് അനുരാധ എന്നുപേരുള്ള കഥാപാത്രമായി നടി മംമ്ത മോഹന്‍ദാസ് വേഷമിടുന്നത്. ഈ സാമ്യത്തെക്കുറിച്ച് മംമ്ത പറയുന്നതിങ്ങനെ: അനുരാധ എനിക്ക് ഭാഗ്യ കഥാപാത്രമാണെന്ന് പറയാം.

പേര് മാത്രമല്ല വിജയ ചരിത്രവും ആവര്‍ത്തിക്കപ്പെടുമെന്ന് തന്നെയാണ് എന്റെ വിശ്വാസം. കോമഡി ചേരുവകളൊക്കെയുള്ള ഒരു മാസ് ചിത്രം തന്നെയാണ് കോടതിസമക്ഷം ബാലന്‍ വക്കീല്‍. എല്ലാത്തലത്തിലുമുള്ള പ്രേക്ഷകരെ രസിപ്പിക്കാന്‍ കഴിവുള്ള ഒരു ചിത്രമായിരിക്കും ഇതെന്നും മംമ്ത കൂട്ടിച്ചേര്‍ത്തു.