ഉദ്ഘാടന ചടങ്ങിൽ മറ്റാർക്കും ദീപം കൈമാറാതെ ഒറ്റയ്ക്ക് വിളക്കു കൊളുത്തി അല്‍ഫോണ്‍സ് കണ്ണന്താനം; എല്ലാ തിരികളും തെളിയിക്കേണ്ടത് ഒരു വ്യക്തിയാണെന്നു ഹൈന്ദവപുരാണങ്ങൾ പറയുന്നതായി വിശദീകരണം

single-img
11 February 2019

ശിവഗിരി ശ്രീനാരായണഗുരു തീര്‍ത്ഥാടന ടൂറിസം സര്‍ക്യൂട്ട് നിര്‍മാണോദ്ഘാടനത്തിന് മറ്റാർക്കും ദീപം കൈമാറാതെ വിളക്ക് ഒറ്റയ്ക്ക് കത്തിച്ച് കേന്ദ്രമന്ത്രി അല്‍ഫോണ്‍സ് കണ്ണന്താനം. മന്ത്രി കടകംപള്ളി സുരേന്ദ്രനും എ.സമ്പത്ത് എംപിക്കും അവസരം നല്‍കാതെ തിരികളെല്ലാം കണ്ണന്താനം തന്നെ ഒറ്റയ്ക്ക് കൊളുത്തിയ കണ്ണന്താനത്തിൻ്റെ നടപടിയാണ് വിവാദമായത്.

സംഭവം വിവാദമായതോടെ നിലവിളക്കിലെ തിരികളെല്ലാം ഒറ്റയ്ക്ക് കത്തിച്ചതിന് വിശദീകരണവുമായി  അദ്ദേഹം ഫേസ്ബുക്കിലൂടെ രംഗത്തെത്തി. ഒരു നല്ല കാര്യത്തിന്റെ ആരംഭം കുറിയ്ക്കാനായി നിലവിളക്കു കൊളുത്തുമ്പോള്‍ അതിലെ എല്ലാ തിരികളും ഒരു വ്യക്തി തന്നെയാണ് തെളിയിക്കേണ്ടത് എന്നാണ് ഹൈന്ദവ ശാസ്ത്രങ്ങള്‍ പറയുന്നതെന്നാണ്  കേന്ദ്ര മന്ത്രി പറഞ്ഞത്. ക്ഷേത്ര വിജ്ഞാന കോശത്തിലും ഇതിനെ കുറിച്ച് ദീര്‍ഘമായി പ്രതിപാദിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.

ഞാന്‍ വിളക്കിലെ ആദ്യ തിരി തെളിയിച്ചു വിശുദ്ധാനന്ദ സ്വാമിജിക്ക് ദീപം നല്‍കുമ്പോള്‍ അദ്ദേഹം അത് വാങ്ങാന്‍ വിസമ്മതിക്കുകയും ഒരു കാര്യത്തിന്റെ ശുഭാരംഭത്തിന് ഒരാള്‍ മാത്രം വിളക്ക് കത്തിച്ചാല്‍ മതിയെന്ന് അദ്ദേഹം പറയുകയും ചെയ്തതായി  കണ്ണന്താനം പറഞ്ഞു.

അവിടെ സന്നിഹിതനായിരുന്നു മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇക്കാര്യം അനുകൂലിക്കുകയും ചെയ്തു. കൂടാതെ നിലവിളക്കില്‍ ആദ്യം തെളിയിക്കേണ്ടത് വടക്കു കിഴക്ക് ദിക്കിലെ തിരിയായിരിക്കണമെന്നും ശാസ്ത്രം പറയുന്നു. വടക്കു കിഴക്കില്‍ നിന്ന് തുടങ്ങി ഇടതു വശത്തുകൂടി കത്തിച്ചു വടക്ക് എത്തണമെന്നാണ് ഹൈന്ദവ പ്രമാണങ്ങള്‍ പറയുന്നത്. അത് പ്രകാരമാണ് ഞാന്‍ വിളക്കിലെ തിരി ഒറ്റയ്ക്ക് തെളിയിച്ചതെന്നാണ് കണ്ണന്താനത്തിൻ്റെ വാദം.