എ.കെ ബാലന്റെ മന്ത്രിക്കസേര തെറിക്കുമോ ?

single-img
11 February 2019

മന്ത്രി കെടി ജലീലിനെതിരായ ബന്ധു നിയമന ആരോപണങ്ങള്‍ക്ക് പിന്നാലെ നിയമ വകുപ്പ് മന്ത്രി എ.കെ ബാലനെതിരേയും ആരോപണവുമായി യൂത്ത് ലീഗ് രംഗത്ത്. കിര്‍ത്താഡ്‌സിലെ താത്ക്കാലിക ജീവനക്കാരായിരുന്ന എഴുത്തുകാരി ഇന്ദു മേനോനടക്കമുള്ളവരെ ചട്ടങ്ങള്‍ മറികടന്ന് സ്ഥിരപ്പെടുത്തിയെന്നാണ് ആരോപണം.

എ.കെ ബാലന്റെ അസിസ്റ്റന്റ് പ്രൈവറ്റ് സെക്രട്ടറി മണിഭൂഷനെ കിര്‍ത്താഡ്‌സില്‍ സ്ഥിരപ്പെടുത്തിയതു വകുപ്പുകളുടെ എതിര്‍പ്പ് മറികടന്നാണെന്ന് ഫിറോസ് ആരോപിച്ചു. എംഫിലും പിച്ച്എച്ച്ഡിയും യോഗ്യത വേണ്ട പോസ്റ്റുകളിലാണ് എംഎ മാത്രം വിദ്യാഭ്യാസ യോഗ്യതയുള്ളവരെ നിയമിച്ചിരിക്കുന്നത്.

മണിഭൂഷനെ കൂടാതെ യോഗ്യതയില്ലാത്ത മറ്റു മൂന്നു പേരെകൂടി നിയമിച്ചുവെന്നും ഫിറോസ് പറയുന്നു. ഇതിന്റെ വിവിധ രേഖകളും ഫിറോസ് വാര്‍ത്താസമ്മേളനത്തില്‍ വിതരണം ചെയ്തു. വിവിധ വകുപ്പുകളുടെ എതിര്‍പ്പുകള്‍ മറികടന്ന് ചട്ടം 39 പ്രകാരമാണ് ഇവരുടെ നിയമനമെന്നാണ് ഫിറോസിന്റെ ആരോപണം. എ.കെ.ബാലന്റെ പ്രൈവറ്റ് സെക്രട്ടറിയായതിന് പിന്നാലെ തന്നെ മണിഭൂഷണ് സ്ഥിരം നിയമനം ലഭിച്ചു. ഇത് മറച്ചുവെക്കാനും സാധൂകരിക്കാനുമാണ് മറ്റുള്ളവരുടെ നിയമനം നടത്തിയത്.

നിപ വൈറസ് ബാധിതരെ പരിചരിക്കുന്നതിനിടെ മരിച്ച സിസ്റ്റര്‍ ലിനിയുടെ ഭര്‍ത്താവ് സജീഷ്, വരാപ്പുഴയില്‍ പോലീസ് കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖില, കോഴിക്കോട് മാന്‍ഹോളില്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ മരിച്ച നൗഷാദിന്റെ ഭാര്യ സഫ്രീന എന്നിവര്‍ക്ക് ജോലി നല്‍കിയ ചട്ടം ഉപയോഗിച്ചാണ് ഇവരേയും സ്ഥിരപ്പെടുത്തിയത്. ധനവകുപ്പും നിയമവകുപ്പും ഭരണപരിക്ഷകരണ വകുപ്പും എതിര്‍ത്തിട്ടും നിയമനം നടത്തിയെന്നും ഫിറോസ് ആരോപിച്ചു.