ബിജെപിക്കെതിരെ തുഷാർ വെള്ളാപ്പള്ളി; ബിഡിജെഎസിന്റെ സീറ്റിൽ സ്ഥാനാര്‍ത്ഥിയെ തീരുമാനിക്കേണ്ടത് ബിജെപി അല്ല

single-img
10 February 2019

ബിജെപിക്കെതിരെ രൂക്ഷ വിമർശനവുമായി ബിഡിജെഎസ് അധ്യക്ഷൻ തുഷാര്‍ വെള്ളാപ്പള്ളി രംഗത്ത്. എൻഡിഎയിൽ ബിഡിജെഎസിന് കിട്ടിയ സീറ്റുകളിൽ സ്ഥാനാര്‍ത്ഥിയാര് ആകണമെന്ന് തീരുമാനിക്കുന്നത് ബിജെപി അല്ലെന്നു തുഷാർ വെള്ളാപ്പള്ളി. അഞ്ചോ ആറോ സീറ്റുകകളിൽ ബി ഡി ജെ എസ് ഇത്തവണ മത്സരിക്കുമെന്നും സ്ഥാനാര്‍ത്ഥികളെ പാര്‍ട്ടി തീരുമാനിക്കുമെന്നും തുഷാര്‍ വെള്ളാപ്പള്ളി ശിവഗിരിയിൽ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

ബിഡിജെഎസിനു നൽകുന്ന സീറ്റുകളിൽ ബിജെപി നിർദ്ദേശിക്കുന്ന സ്ഥാനാർഥികളെ മത്സരിപ്പിക്കണം എന്ന ആവശ്യം ബിജെപിയിൽ ശക്തമായിരുന്നു. ബിഡിജെഎസ് ദുർബലരായ സ്ഥാനാർഥികളെ നിർത്തി ഇടതു വലതു മുന്നണികൾക്ക് വോട്ടു മറിക്കാനുള്ള സാധ്യത ഉണ്ട് എന്ന വിലയിത്തലിന്റെ അടിസ്ഥാനത്തിലാണ് ബിജെപി അത്തരം ഒരു കാര്യം നിർദ്ദേശിച്ചത്.

തുഷാർ മത്സരിച്ചാൽ തിരുവനന്തപുരം പത്തനംതിട്ട തൃശ്ശൂർ ഒഴികെ ഏതു മണ്ഡലവും നൽകാൻ തയാറാണ് എന്ന് ബിജെപിയും പറഞ്ഞിരുന്നു. എന്നാൽ ലോക് സഭാ തെരഞ്ഞെടുപ്പിൽ മത്സര രംഗത്ത് ഉണ്ടാകില്ല എന്ന് തുഷാർ വ്യക്തമാക്കി. നേതാക്കൾ മത്സര രംഗത്തിറങ്ങാത്തതാണ് പാർട്ടികൾക്ക് തെരഞ്ഞെടുപ്പ് വിജയത്തിന് നല്ലതെന്നും തുഷാർ ശിവഗിരിയിൽ മാധ്യമപ്രവർത്തകരോട് പറഞ്ഞു.